സെന്റ് അലോഷ്യസ് ജൂബിലി കവാടം ഉദ്ഘാടനം ഇന്ന്
1493266
Tuesday, January 7, 2025 7:18 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചരിപ്പ് നിർവഹിക്കും.
തുടർന്നു നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ കവാടം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് എന്നിവർ പ്രസംഗിക്കും. അധ്യാപകരായ റോജി സി.സി., സഞ്ജിത് പി. ജോസ്, ഷൈനി ഏബ്രഹാം, ജിഷാമോൾ അലക്സ്, ബിജി സെബാസ്റ്റ്യൻ, റെനു ജോസഫ് എന്നിവർ നേതൃത്വം നല്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഗേറ്റുകളും ഇവയുടെ മധ്യത്തിൽ സ്കൂളിന്റെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസിന്റെ തിരുസ്വരൂപവും വരുന്ന രീതിയിലാണ് കവാടത്തിന്റെ രൂപകല്പന. സ്കൂളിലെ അധ്യാപകനായിരുന്ന ചിറയിൽ (തോംസൺ വില്ല) സി.ടി. ലൂക്കോസിന്റെ സ്മരണയ്ക്കായി മകൻ ചാർളി ലൂക്കോസാണ് കവാടം സ്പോൺസർ ചെയ്തത്.