കൊക്കയാർ സ്റ്റോർ പടിക്കലെ തൂക്കുപാലം യാത്രക്കാരുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു
1492838
Sunday, January 5, 2025 10:39 PM IST
കൊക്കയാർ: കൊക്കയാർ സ്റ്റോർ പടിക്കലെ തൂക്കുപാലം യാത്രക്കാരുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. മുണ്ടക്കയം 35ാം മൈലിൽ നിന്നും ബോയ്സ് എസ്റ്റേറ്റ് വഴി മേലോരത്തിന് പോകുന്ന സ്റ്റോർപടിയിലാണ് ആരെയും ആകർഷിക്കുന്ന മനോഹരമായ ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്. വശ്യമനോഹരമായ വാഗമൺ മലനിരകളുടെ താഴ്ഭാഗത്തുകൂടി പ്രകൃതിയെ തഴുകിയൊഴുകുന്ന കൊക്കയാർ. അതിനു കുറുകെ ഇരുമ്പ് കമ്പികളിൽ തീർത്ത മനോഹരമായ തൂക്കുപാലം. ആരെയും ആകർഷിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.
പരന്നൊഴുകുന്ന പുഴയിൽ ആഴം നന്നേ കുറവായതിനാൽ കൊച്ചു കുട്ടികൾക്ക് വരെ ഇവിടെ ഇറങ്ങി കുളിക്കാം. ഉച്ചസമയത്ത് കൊടുംചൂടിൽ നിന്നും തണലേകാൻ പുഴയുടെ തീരത്ത് നിൽക്കുന്ന വലിയ മരം. ഇതിന് സമീപമാണ് തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. പ്രകൃതി മനോഹരമായ പ്രദേശത്തിനൊപ്പം പുഴയെ തഴുകിയെത്തുന്ന ഇളം കാറ്റുകൂടിയാകുന്നതോടെ ഇവിടം ആരെയും ആകർഷിക്കും.
ഇവിടെ നിന്നു നോക്കിയാൽ വാഗമൺ മലനിരകളുടെ ഭംഗിയും മലമുകളിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഭംഗിയുമെല്ലാം ആസ്വദിക്കാം. സ്വകാര്യ എസ്റ്റേറ്റിന്റെ ഭാഗമായ ഇവിടെ അഞ്ചു പതിറ്റാണ്ടിനപ്പുറമാണ് തൂക്കുപാലം നിർമിച്ചത്. വർഷങ്ങൾ കഴിഞ്ഞതോടെ തൂക്കുപാലം ബലക്ഷയത്തിലായി. പിന്നീട് കാലങ്ങളോളം ഇത് ഉപയോഗശൂന്യമായി കിടന്നു. ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ പ്രളയത്തിൽ ഇത് തകർന്നു. പിന്നീട് എസ്റ്റേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഇപ്പോൾ കാണുന്ന മനോഹരമായ തൂക്കുപാലം നിർമിക്കുകയായിരുന്നു.
എസ്റ്റേറ്റിന്റെ ഭാഗമായതുകൊണ്ട് തന്നെ തൂക്കുപാലത്തിനു സമീപം വീടുകൾ ഒന്നുമില്ല. മിക്ക ആളുകളും കൊച്ചു കുട്ടികളടക്കം കുടുംബസമേതമാണ് ഇവിടെയെത്തി സമയം ചെലവഴിക്കുന്നത്. ഫോട്ടോ എടുക്കുവാനും വീഡിയോ ഷൂട്ട് ചെയ്യുവാനും നിരവധി ആളുകളും ഇവിടെ എത്താറുണ്ട്.