മുണ്ടക്കയം-കുട്ടിക്കാനം പാതയില്‍ അപകടം തുടര്‍ക്കഥ
1493079
Monday, January 6, 2025 11:26 PM IST
മുണ്ടക്കയം: കെകെ റോഡില്‍ മുണ്ടക്കയം മുതല്‍ പീരുമേട് വരെ എക്കാലവും അപകട പാതയാണ്. ഇടുക്കി ജില്ല അതിരിടുന്ന മുണ്ടക്കയം വലിയപാലം കഴിഞ്ഞാല്‍ മുപ്പത്തഞ്ചാം മൈലില്‍ തുടങ്ങുന്ന കയറ്റം കുട്ടിക്കാനംവരെ അപകടസാധ്യതയുള്ള ഭാഗമാണ്. ഒരു വശം അഗാധമായ കൊക്ക. മറുവശത്ത് റോഡ് വെട്ടിയരിഞ്ഞ കരിങ്കല്‍ ഭിത്തി.
പെരുവന്താനം മുതല്‍ വണ്ടിപ്പെരിയാര്‍ വരെ വാഹനത്തിന്റെ മുന്‍ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ് പൊതിയും. മഴക്കാലത്ത് റോഡില്‍ വഴുക്കലുമുണ്ടാകും. പലപ്പോഴായി കെകെ റോഡിനു വീതി കൂട്ടി ബാരിക്കേഡുകള്‍ സ്ഥാപിച്ച് സിഗ്നല്‍ ലൈറ്റുകള്‍ വച്ചെങ്കിലും ഇതുവഴി വാഹനമോടിക്കുക ദുഷ്കരമാണ്.കൊടുവളവുകളില് പലപ്പോഴും രണ്ടു ഹെവി വാഹനങ്ങള്‍ കടന്നുപോവുക പ്രയാസമാണ്.
കുട്ടിക്കാനത്തുനിന്നുള്ള തിരിച്ചിറക്കമാണ് ഏറ്റവും കഠിനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടാല്‍ ഒരു വശത്തെ ഭീമമായ കൊക്കയില്‍ പതിക്കും.
ചെറുതും വലുതുമായി നിരവധി അപകടങ്ങളില്‍ ഒട്ടേറെ പേരുടെ ജീവനെടുത്ത നിരവധി കൊക്കകളാണ് ഈ മേഖലയിലുള്ളത്. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ ഈ ഭാഗത്ത് ഗതാഗതം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ശബരിമല സീസണില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ബ്രേക്ക് നഷ്ടമായി; പിന്നെയൊന്നും ചെയ്യാനായില്ല
മുണ്ടക്കയം: രണ്ട് ഡ്രൈവര്‍മാരാണ് ഇന്നലെ പുല്ലുപാറയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. കുട്ടിക്കാനം വളവ് ഇറങ്ങിയപ്പോള്‍ത്തന്നെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവര്‍ രാജീവ് കുമാര്‍ പറഞ്ഞു. വൈകാതെ രാജീവ് കുമാര്‍ സമീപത്തെ സീറ്റിലിരുന്ന ഡിക്സനെ അറിയിച്ചെങ്കിലും ബസിന്റെ നിയന്ത്രണം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
ബസ് കൊക്കയില്ലാത്ത വശത്ത് ഇടിപ്പിച്ചുനിര്ത്താനുള്ള ശ്രമം ഫലവത്തായില്ല. ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയിക്കുകയും സീറ്റുകളുടെ കമ്പികളില്‍ പിടിച്ചിരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ആഘാതം കുറയ്ക്കാന്‍ ഹാന്‍ഡ് ബ്രേക്ക് ചെയ്ത് വേഗം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ക്രാഷ് ബാരിയറില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.
കുഴിയിലെ മരങ്ങളില്‍ തട്ടി ബസ് നിന്നില്ലായിരുന്നെങ്കില്‍ 600 അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. ശബരിമല തീര്‍ഥാടന സീസണു മുന്നോടിയായി ഈയിടെയാണ് ക്രാഷ് ബാരിയര്‍ ബലപ്പെടുത്തിയത്.
ക്രാഷ് ബാരിയറില്‍ ഇടിച്ച് ആഘാതം കുറഞ്ഞതും ബസ് കൊക്കയിലേക്ക് പതിക്കാതിരിക്കാന്‍ കാരണമായി.