എരുമേലി വിമാനത്താവളം: തുടർ നടപടികൾക്ക് ഇനി വിദഗ്ധസമിതി റിപ്പോർട്ടാകണം
1492806
Sunday, January 5, 2025 9:44 PM IST
എരുമേലി: നിർദിഷ്ട എരുമേലി വിമാനത്താവളത്തിന്റെ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ ഇനി ലഭിക്കേണ്ടത് വിദഗ്ധ സമിതി റിപ്പോർട്ട്. രണ്ട് മാസമാണ് ഇതിനായി വിദഗ്ധ സമിതിക്ക് സംസ്ഥാന സർക്കാർ സാവകാശം നൽകിയിരിക്കുന്നത്. ഇതേതുടർന്നാകും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പടെ മുഴുവൻ തുടർ നടപടികളും ആരംഭിക്കാനാവുക.
വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് പഠിച്ച് ശിപാർശ നൽകാൻ സർക്കാർ ഒന്പത് അംഗങ്ങളുള്ള വിദഗ്ധസമിതിയെയാണ് നിയോഗിച്ചു ചുമതല നൽകിയിട്ടുള്ളത്. ഈ സംഘം സാമൂഹികാഘാത പഠന റിപ്പോർട്ട് പഠിച്ചശേഷം പദ്ധതി ബാധിതരുമായി കൂടിക്കാഴ്ച നടത്തി സർക്കാരിന് ശിപാർശ കൈമാറണം. സോഷ്യോളജിസ്റ്റ്, പുനരധിവാസ വിദഗ്ധർ, തദ്ദേശവാർഡ് പ്രതിനിധികൾ തുടങ്ങിയവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.
സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപനാണ് സമിതി ചെയർമാൻ. നിഷാ ജോജി നെൽസൺ (സോഷ്യോളജിസ്റ്റ്), ഡോ.പി. ഷഹവാസ് ഷെരീഫ് (സിഎംഎസ് കോളജ്, കോട്ടയം), ഡോ.പി.പി. നൗഷാദ് (എംജി സർവകലാശാല), ആർ. ഹരികുമാർ (മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ), മണിമല പഞ്ചായത്തംഗങ്ങളായ റോസമ്മ ജോൺ, ബിനോയ് വർഗീസ്, എരുമേലി പഞ്ചായത്തംഗങ്ങളായ അനിശ്രീ സാബു, അനിതാ സന്തോഷ് എന്നിവരാണ് സമിതിയിലുള്ളത്.
ഏറ്റെടുക്കുക 2570 ഏക്കർ
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനൊപ്പം 307 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കാമെന്നാണ് അന്തിമ റിപ്പോർട്ടിലെ ശിപാർശ. പദ്ധതി ബാധിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2013ലെ കേന്ദ്രനിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും ഉൾപ്പടെ 352 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് പഠന റിപ്പോർട്ട്. 238 എസ്റ്റേറ്റ് തൊഴിലാളികളെ പദ്ധതി ബാധിക്കും.
പദ്ധതി പ്രദേശത്ത് ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളുമാണുള്ളത്. ഇവ സംരക്ഷിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നും പദ്ധതി പ്രദേശത്തുള്ള അഞ്ച് കച്ചവട സ്ഥാപനങ്ങൾ നീക്കണമെന്നും പകരം നഷ്ടപരിഹാരത്തിനൊപ്പം കച്ചവടം പുനഃസ്ഥാപിക്കാൻ സഹായം നൽകണമെന്നുമാണ് മറ്റൊരു ശിപാർശ.
പ്രത്യേക പാക്കേജ്
347 കുടുംബങ്ങളുടെ മുഖ്യ ഉപജീവനം ഇല്ലാതാകുമെന്നും 391 കുടുംബങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നും ഇത് മുൻനിർത്തി എസ്റ്റേറ്റ് തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 4(ഒന്ന്) ചട്ടപ്രകാരം വിജ്ഞാപനം മുതൽ ഭൂവുടമകൾക്ക് വസ്തു ഇടപാട്, വായ്പ എന്നിവയിൽ പ്രയാസം നേരിടാം. ഇതിൽ പരിഹാരം ഉണ്ടാകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
പദ്ധതിയുടെ നിർമാണഘട്ടത്തിൽ 8000 തൊഴിലാളികളെ ആവശ്യമാണെന്നും ഇവരെ പ്രാദേശികമായി കണ്ടെത്തണമെന്നും പഠന റിപ്പോർട്ടിൽ ശിപാർശയുണ്ട്. പ്രദേശത്ത് മാത്രം കാണുന്ന തദ്ദേശീയ ഇനമായ ചെറുവള്ളി പശുക്കളെയും പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികൾക്ക് ചെറുവള്ളി പശു വളർത്തൽ അനുബന്ധ വരുമാനമാണ്. പദ്ധതിക്കായി എസ്റ്റേറ്റ് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുമ്പോൾ ഇവയുടെ ആവാസ വ്യവസ്ഥ മാറും. ഇത് വിലയിരുത്തി ബന്ധപ്പെട്ട വകുപ്പ് മുൻകൂട്ടി നടപടികൾ സ്വീകരിക്കണമെന്നും കുടിയൊഴിപ്പിക്കുമ്പോൾ ഉപകാരപ്രദമല്ലാതാകുന്ന സ്ഥലം കൂടി ഏറ്റെടുക്കണമെന്നും പഠന റിപ്പോർട്ടിൽ നിർദേശമുണ്ട്.