ജനവാസകേന്ദ്രത്തില്‍ എച്ച് ഗ്രേഡ് മാലിന്യ സ്റ്റോറേജ് നിര്‍മിക്കാന്‍ നീക്കം നടക്കുന്നതായി പരാതി
1493067
Monday, January 6, 2025 10:37 PM IST
അടിവാരം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് നാലാം വാര്‍ഡ് ഈറ്റക്കുന്ന് ഭാഗത്ത് ആരംഭിക്കാന്‍ നീക്കം നടക്കുന്ന എച്ച് ഗ്രേഡ് മാലിന്യ സ്റ്റോറേജ് യുണിറ്റിനെതിരേ മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. കോളനിയടക്കം നിരവധിയാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നാലാം വാര്‍ഡിലെ പ്രധാന സ്ഥലത്താണ് യൂണിറ്റിനുള്ള നിക്കം നടക്കുന്നത്.
യൂണിറ്റ് തുടങ്ങിയാല്‍ ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളില്‍ ആശങ്കാകുലരായ പ്രദേശവാസികള്‍ പഞ്ചായത്തിന് നല്കിയ പരാതിയെത്തുടര്‍ന്ന് ബില്‍ഡിംഗ് നിര്‍മാണത്തിനുള്ള അനുമതി താല്കാലികമായി തടഞ്ഞിരിക്കുകയാണ്. നിര്‍മാണത്തിന് അനുമതി ലഭിക്കാതിരുന്നിട്ടും പാറ പൊട്ടിക്കലും മണ്ണെടുക്കലും നടത്തിയതിനെതിരേയും പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് യൂണിറ്റ് പ്രവര്ത്തിച്ചിരുന്നയിടങ്ങളില് ജനരോഷമുണ്ടായതിനെത്തുടര്ന്നാണ് അടിവാരത്ത് യൂണിറ്റ് ആരംഭിക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
യൂണിറ്റിനെതിരേ സേവ് അടിവാരം എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. നാടിന്റെ പൊതുജനാരോഗ്യം തകര്‍ക്കുന്ന യൂണിറ്റ് തുടങ്ങുന്നതിനെതിരേ നിയമപരമായി മുന്നോട്ടു പോകാനാണ് സേവ് അടിവാരം ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനമെന്ന് ചെയര്മാന് പി.എന്‍. സുകുമാരന്‍ പുത്തന്‍പുരക്കലും ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിബിന്‍ മാടപ്പള്ളിയും അറിയിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി വാര്‍ഡ് മെംബര്‍ മേരി തോമസ്, രാജു പുത്തന്‍പുരയ്ക്കല്‍, ബിനോയി കോലോത്ത്, സന്തോഷ് കാക്കല്ലില്‍, ജോണി തടത്തില്‍, സുധീഷ് വരായത്ത്, ജോബി തടത്തില്‍, എം.എന്‍. ശശി മുടവനാട്ട്, എ.ആര്. മനോജ്, പി.എന്‍. സുകുമാരന്‍ എന്നിവരെ തെരഞ്ഞെടുത്തു.