കല്ലറ(മാഞ്ഞൂർ)യിലെ പോലീസ് സ്റ്റേഷൻ: ഭൂമിയും കെട്ടിടവും ആഭ്യന്തരവകുപ്പിന്
1493259
Tuesday, January 7, 2025 7:18 AM IST
കടുത്തുരുത്തി: കല്ലറയില്‍ സ്ഥാപിക്കുന്ന പുതിയ പോലീസ് സ്റ്റേഷന്റെ നടപടികളിൽ പുരോഗതി. ഭൂമിയുടെയും കെട്ടിടത്തിന്റെയും കൈമാറ്റം നടന്നു.
കല്ലറ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ചന്തപ്പറമ്പിലുള്ള സര്‍വേനമ്പര്‍ 503/9-3ല്‍ പെട്ട 12.14 ആര് (30 സെന്റ്) സ്ഥലവും കെട്ടിടവും പോലീസ് സ്റ്റേഷന് നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പഞ്ചായത്ത് റവന്യുവകുപ്പിന് കൈമാറിയിരുന്നു. ഈ ഭൂമി ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തര വകുപ്പിന് ഉപയോഗിക്കാന്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ചന്തപ്പറമ്പിലുള്ള 30 സെന്റ് സ്ഥലം ആഭ്യന്തര വകുപ്പിന്റെ അധീനതയിലാകും.
പുതിയ പോലീസ് സ്റ്റേഷൻ എന്നുവരും?
അതേസമയം, കല്ലറ പഞ്ചായത്തില്‍ വരുന്ന പുതിയ പോലീസ് സ്റ്റേഷൻ എന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന ചോദ്യത്തിന് ഇനിയും അധികൃതർക്ക് മറുപടിയില്ല. പോലീസ് സ്റ്റേഷന് ആരംഭിക്കുന്നതിനു പഞ്ചായത്ത് 30 സെന്റ് സ്ഥലവും 37 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടവും വിട്ടുകൊടുത്തിട്ട് മൂന്ന് വര്‍ഷത്തോളമായി.
കെട്ടിടത്തില്‍ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെല്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി, ശൗചാലയം, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കുകയും ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
പോലീസ് സ്റ്റേഷന് ഭൗതിക സാഹചര്യമൊരുക്കുന്നതിന് സി.കെ. ആശ എംഎല്‍എ, എംഎൽഎ ഫണ്ടില്‍ നിന്നനുവദിച്ച 36 ലക്ഷം രൂപ സര്‍ക്കാരിന്റെ അനുമതി കാത്ത് ധനകാര്യ വകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. അനുമതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ കുറേ ഭാഗങ്ങളും കല്ലറ പഞ്ചായത്ത് പൂര്‍ണമായും വെച്ചൂര്‍, നീണ്ടൂര്‍ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്ന നിലയിലാണ് പോലീസ് സ്റ്റേഷന്റെ അധികാര പരിധി നിശ്ചയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷന് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്തെ എസ്എച്ച്ഒമാരെ പുനര്‍വിന്യസിച്ചപ്പോള്‍ മാഞ്ഞൂര്‍(കല്ലറ) പോലീസ് സ്റ്റേഷനിലും എസ്എച്ച്ഒയെ നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ ആഭ്യന്തര വകുപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം ഉത്തരവ് തിരുത്തുകയായിരുന്നു.