പുല്ലുപാറ ദുരന്തം: ആഘാതം കുറച്ചത് റബര്‍മരം
1493077
Monday, January 6, 2025 11:26 PM IST
മുണ്ടക്കയം: നിയന്ത്രണംവിട്ട കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി സ്പെഷല്‍ ബസ് കൊക്കയിലെ റബര്‍ മരത്തില്‍ ബസ് തങ്ങിനിന്നതാണ് പുല്ലുപാറ ബസപകടത്തിന്റെ തീവ്രത ഇത്രയെങ്കിലും കുറച്ചത്. കോട്ടയം-കുമളി ദേശീയ പാതയില്‍ 1500 അടി വരെ താഴ്ചയുള്ള നിരവധി കൊക്കകള്‍ ഈ ഭാഗത്തുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റബര്‍ മരങ്ങള്‍ക്ക് അല്പം മുകളിലാണ് മറിഞ്ഞിരുന്നതെങ്കില്‍ ആയിരം അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു.
പുല്ലുപാറ വളവില്‍ കുത്തിറക്കത്തില്‍ ബസ് നിയന്ത്രണംവിട്ട് ബാരിക്കേഡില്‍ തട്ടി ഇന്നലെ രാവിലെ 6.15ന് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരാഴ്ചയായി പെരുവന്താനം മുതല്‍ പീരുമേട് വരെ പുലര്‍ച്ചെ കടുത്ത കോടമഞ്ഞും കൊടുംതണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ അപകടം സംഭവിക്കുമ്പോള്‍ 34 യാത്രക്കാരില്‍ ഏറെപ്പേരും ഉറക്കത്തിലായിരുന്നു.
രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരും. എന്താണ് നൊടിയിടയില്‍ സംഭവിച്ചതെന്നു പോലും യാത്രക്കാര്‍ക്ക് വ്യക്തമായില്ല. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടുംവളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം അഗാധമായ കൊക്കയാണ്. ബസ് മറിഞ്ഞപ്പോള്‍ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്കാണ് കൂടുതല്‍ പരിക്കുണ്ടായത്.
ദേശീയപാത വഴി വാഹനത്തില്‍ എത്തിയവരാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. വൈകാതെ പോലീസും ഫയര്‍ ഫോഴ്സും മോട്ടോര്‍ വാഹന വകുപ്പും എത്തി.
ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത് എന്നിവര്‍ മുണ്ടക്കയത്തെ ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു.
പാലാ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണന് മരിച്ചത്. ബസില്‍ ഉണ്ടായിരുന്ന മുപ്പതിലേറെ പേര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് ഉണ്ണിത്താനാണ് ചേര്‍പ്പുങ്കല്‍ ആശുപത്രിയിലുള്ളത്.
ഏറെപ്പേരും മുണ്ടക്കയം എംഎംടി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഘം തഞ്ചാവൂരിലേക്ക് പോയത്. ഇവരില്‍ ഏറെപ്പേരും പതിവായി തീര്‍ഥാടന യാത്ര പോകുന്നവരുമാണ്. ഇന്നലെ രാവിലെ അഞ്ചിന് കെഎസ്ആര്‍ടിസി ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ചെത്തേണ്ടതായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നു മണിക്കൂറോളം വൈകിയായിരുന്നു മടക്കയാത്ര.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റവരുടെ ചികിത്സാച്ചെലവും വഹിക്കും. ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്.
ഡ്രൈവര്‍മാരും യാത്രക്കാരും വാഹനം നിര്‍ത്തി വിശ്രമിക്കുന്ന സ്ഥലം കൂടിയാണ് പുല്ലുപാറ.