മണിക്കൂറുകളോളം കുരുക്കിലായി എരുമേലി
1493073
Monday, January 6, 2025 10:37 PM IST
എരുമേലി: ശബരിമല തീർഥാടനകാലം ആരംഭിച്ച് ഇന്നലെ എരുമേലി ടൗണിൽ നേരിട്ടത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. പുലർച്ചെയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം പ്രധാന പാതയിൽ വാഹനങ്ങൾ നിശ്ചലമായി. ഇഴഞ്ഞാണ് പേട്ടക്കവലയിൽ വൺവേ ഗതാഗതം സാധ്യമായത്. ടൗൺ മുതൽ കൊരട്ടി പാലം വരെ ഗതാഗതം സാവധാനമാണ് നീങ്ങിയത്. ആംബുലൻസ് വാഹനങ്ങൾ വന്നപ്പോൾ കടത്തിവിടാൻ പ്രയാസപ്പെട്ടു.
പേട്ടക്കവലയിൽ അയ്യപ്പഭക്തർക്ക് പള്ളിയിലും ക്ഷേത്രത്തിലും കയറാൻ റോഡ് മുറിച്ചു കടക്കേണ്ടി വരുന്നതുമൂലം വാഹനങ്ങൾ തടഞ്ഞു നിർത്തേണ്ടി വരുന്നു. സമാന്തര പാതകളിലൂടെ ചെറിയ വാഹനങ്ങളെ കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് നീളില്ലെന്നിരിക്കേ അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. വാഹനങ്ങൾ സമാന്തര പാതകളിലൂടെ വഴി തിരിച്ചുവിടാൻ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് നിർദേശം നൽകണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞയിടെ അഞ്ചുകോടി ചെലവിട്ട് നവീകരിച്ച കുറുവാമുഴി-ഓരുങ്കൽകടവ് പാത വഴി കാഞ്ഞിരപ്പള്ളി റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് എരുമേലി ടൗൺ ഒഴിവാക്കി എത്താൻ കഴിയും. കൊരട്ടിയിൽനിന്നു കണ്ണിമല ബൈപാസ് വഴി പേരൂർത്തോട് റോഡിൽ കൂടി എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ കഴിയും. ഈ രണ്ടു പാതകൾ വഴി കാഞ്ഞിരപ്പള്ളി റോഡിൽനിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടാൽ എരുമേലി ടൗണിൽ കൂടുതൽ സമയം ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാകും.
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങൾ എരുമേലി ടൗണിൽ എത്താതെ വഴി തിരിച്ചുവിടാൻ പ്രപ്പോസ് പാത ഉപയോഗിക്കാനാകും. എന്നാൽ ഇത്തരം സമാന്തരപാതകൾ ഉപയോഗിക്കാത്തതുമൂലം ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുകയാണെന്ന പരാതി ശക്തമാണ്.