ചേര്‍പ്പുങ്കല്‍ പഴയ റോഡ് ജംഗ്ഷനില്‍ അപകടം പതിവ്
1493068
Monday, January 6, 2025 10:37 PM IST
ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ പഴയ റോഡ് ജംഗ്ഷനില്‍ അപകടം പതിവാകുന്നു. മിക്ക ദിവസവും ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.
പാളയം ഭാഗത്തുനിന്ന് വരുന്നതും പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ സംസ്ഥാനപാത ഭാഗത്തുനിന്നു വരുന്നതുമായ വാഹനങ്ങള്‍ ചേര്‍പ്പുങ്കല്‍ പഴയ ജംഗ്ഷനില്‍ പ്രധാന റോഡ് ഉണ്ടെന്നറിയാതെ അശ്രദ്ധയോടെ കടക്കുന്നതാണ് അപകടത്തിനു കാരണമാകുന്നത്. ചെറുവഴികളില്‍ രണ്ടിലും ഹമ്പ് നിര്‍മിക്കണമെന്ന് നാളുകളായി പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ വൈഎംസിഡബ്ല്യുഎ പ്രസിഡന്റ് ഷൈജു കോയിക്കലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അധികൃതർ ഉടന്‍ നടപടി സ്വീകരിക്കണമെന്നും റോഡില്‍ ഹമ്പ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോം വടാന, ജിമ്മി ലിബര്‍ട്ടി, ദീപു പുതിയവിട്ടില്‍, സൗരഭ്, പ്രഭാത് ശ്രീയേഷ്, സോജന് മൂഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.