ശബരിമല തീർഥാടകർക്ക് റിഫ്ലക്ടർ സ്റ്റിക്കർ പദ്ധതി
1492837
Sunday, January 5, 2025 10:39 PM IST
കണമല: കറുപ്പ് വസ്ത്രത്തിൽ ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരെ രാത്രിയിൽ റോഡിൽ കണ്ടാൽ ഡ്രൈവർമാർക്ക് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഇത് മൂലം വാഹനങ്ങൾ ഭക്തരെ ഇടിച്ച് അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ മോട്ടോർ വാഹന വകുപ്പിലെ ജോയിന്റ് ആർടിഒ ഷാനവാസ് കരീം നടപ്പിലാക്കിയ സ്റ്റിക്കർ പദ്ധതി ഇത്തവണയും. ഇരുട്ടിൽ തിളങ്ങുന്ന റിഫ്ലക്ടർ സ്റ്റിക്കറുകൾ ഭക്തരുടെ വസ്ത്രത്തിലോ ഷോൾഡർ ബാഗിലോ പതിപ്പിച്ചാൽ ഏത് ഇരുട്ടിലും ഡ്രൈവർമാർക്ക് തിരിച്ചറിയാനാകുമെന്ന ആശയമാണ് പദ്ധതിക്കു പിന്നിൽ.
കഴിഞ്ഞ ശബരിമല സീസണിൽ സ്റ്റിക്കർ വിതരണം ഏറെ ശ്രദ്ധേയമായി മാറുകയും നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഭക്തരുടെ വസ്ത്രങ്ങളിലും ശരീരത്തും സ്റ്റിക്കർ പതിപ്പിച്ചാണ് റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ രാത്രിയിൽ യാത്രയാക്കുന്നത്. വഴിവിളക്കുകൾ കുറവുള്ള പാതയിൽ ഇതിനായി സേഫ് സോൺ ഉദ്യോഗസ്ഥരുടെ പട്രോളിംഗ് ടീം പ്രവർത്തനം തുടങ്ങി.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി. ശ്യാമിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോണി തോമസ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ടി.എസ്. മനോജ് കുമാർ, നിഖിൽ കെ. ബാലൻ, എസ്. സജിത്ത്, ഡ്രൈവർമാരായ കെ.എം. രാജീവ്, ജിതിൻ ബേബി എന്നിവർ സ്റ്റിക്കർ വിതരണത്തിന് നേതൃത്വം നൽകി.