മുട്ടുചിറ ഫൊറോനാ പള്ളിയിലെ രാക്കുളി തിരുനാള്‍ ഭക്തിസാന്ദ്രം
1493258
Tuesday, January 7, 2025 7:18 AM IST
കടുത്തുരുത്തി: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിലെ പ്രധാന തിരുനാളായ രാക്കുളി (ദനഹാ) തിരുനാള്‍ ഭക്തിസാന്ദ്രമായി. പൗരസ്ത്യദേശത്ത് നിന്നെത്തിയ ജ്ഞാനികളുടെ സന്ദര്‍ശനത്തെ അനുസ്മരിച്ചാണ് പള്ളിയില്‍ കുമ്പിടീല്‍ എന്ന ചടങ്ങ് നടക്കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ നടന്ന റാസ കുര്‍ബാന സമാപിച്ചതോടെ കരോട്ട് സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയിൽനിന്നും പൂജരാജാക്കന്മാരായ കാസ്പര്‍, മെല്ക്കിയോര്, ബല്‍ത്താസര്‍ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപക്കൂടുമായി പ്രദക്ഷിണം ആരംഭിച്ചു.
പ്രധാന പള്ളിയങ്കണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളുടെ അകമ്പടിയോടെ ഉണ്ണീശോയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും തിരുസ്വരൂപങ്ങള്‍ ഉള്‍കൊള്ളുന്ന പുല്‍ക്കൂട് ഉയര്‍ത്തിപ്പിടിച്ചിരുന്നു. പൂജരാജാക്കന്മാരെയും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പ്രധാന പള്ളിയങ്കണത്തിലെത്തിയതോടെ കുമ്പിടീല്‍ എന്ന ഭക്തിസാന്ദ്രമായ ചടങ്ങ് നടന്നു.
പുല്‍ക്കൂടിന്റെ മുമ്പിലേക്കു പൂജരാജാക്കളുടെ തിരുസ്വരൂപങ്ങള്‍ ഉള്‍കൊള്ളുന്ന രൂപക്കൂട് എത്തിച്ചേരുമ്പോള്‍ ഉണ്ണീശോയെ കണ്ട് പൊന്നും മീറയും കുന്തിരിക്കവും കാഴ്ച അര്‍പ്പിച്ചു കുമ്പിട്ടാരാധിച്ചതിനെ അനുസ്മരിച്ചു പൂജരാജാക്കന്മാരുടെ രൂപക്കൂട് ക്രമപ്രകാരം മൂന്ന് തവണ ഉയര്‍ത്തിത്താഴ്ത്തി.
ഈ സമയം വിശ്വാസികള്‍ നേര്‍ച്ചയായി വെറ്റില എറിഞ്ഞു. കാര്‍ഷിക സമൃദ്ധിക്കും രോഗസൗഖ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് നാനാജാതി മതസ്ഥരായ വിശ്വാസികള്‍ പൂജരാജാക്കന്മാരുടെ പ്രദക്ഷിണം കരോട്ടെ പള്ളിയില്‍ നിന്നും ആരംഭിക്കുന്നത് മുതല്‍ കുമ്പീടീല് വരെ നേര്‍ച്ചയായി വെറ്റിലയെറിയുന്നത്. ദനഹാതിരുനാളിന് തലേരാത്രിയില്‍ തെക്കന്‍ കേരളത്തിലെ നസ്രാണികള്‍ പുഴയിലോ, തടാകങ്ങളിലോ ഇറങ്ങി കുളിക്കുന്ന പതിവാണ് രാക്കുളി തിരുനാള്‍ എന്ന പേരിനടിസ്ഥാനം.
നവീകരിച്ച രാക്കുളി കുളത്തില്‍ തിരുനാളിനോടനുബന്ധിച്ചു രാക്കുളി ദീപം തെളിക്കല്‍ നടത്തിയിരുന്നു. ഇന്ന് ഇടവകക്കാരുടെ തിരുനാള്‍ ദിനത്തില്‍ രാവിലെ ഏഴിനും 8.30നും പത്തിനും 11.30 നും രണ്ടിനും മൂന്നിനും അഞ്ചിനും വിശുദ്ധ കുര്‍ബാന.
വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയില്‍ നടക്കുന്ന വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പള്ളിയിലേക്കു പ്രദക്ഷിണം. രാത്രി 7.30ന് ഗാനമേള.