അതിരമ്പുഴയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം
1493255
Tuesday, January 7, 2025 7:18 AM IST
അതിരമ്പുഴ: മൂന്ന് ആഴ്ചയോളമായി ആൾത്താമസമില്ലാതിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം. മൂന്നര പവൻ സ്വർണാഭരണങ്ങളും 7000 രൂപയും നഷ്ടപ്പെട്ടു. അതിരമ്പുഴ-പാറോലിക്കൽ റോഡിൽ റെയിൽവേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയിൽ വർഗീസ് ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കുമളി സ്വദേശിയായ വർഗീസും കുടുംബവും ഏഴു വർഷമായി അതിരമ്പുഴയിലാണ് താമസം. വർഗീസ്, ഭാര്യ ശോശാമ്മ, മകൾ സ്റ്റെഫി, സ്റ്റെഫിയുടെ മകൻ റോബിൻ, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ 22ന് കുമളിയിലെ വീട്ടിലേക്കു പോയ ഇവർ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മടങ്ങിയെത്തിയത്. വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു കഴിഞ്ഞു മാത്രമാണ് മുൻവാതിലിന്റെ ഏറ്റവും അടിയിലെ പാളി തകർത്തത് ശ്രദ്ധയിൽപ്പെടുന്നത്.
സ്വർണവും പണവും സൂക്ഷിച്ചിരുന്ന മുറിയുടെ വാതിലിന്റെയും അടിയിലെ പാളി തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഈ മുറിയുടെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലുമാണ്. മുറിയിൽനിന്ന് പുറത്തിറങ്ങാനാണ് പൂട്ട് പൊളിച്ചതെന്നു കരുതുന്നു. അലമാരിയിൽ രണ്ടിടത്തായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. മോഷ്ടാക്കൾ മുറികളിലെല്ലാം തെരച്ചിൽ നടത്തി. അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ പിൻവാതിലിലൂടെയാണ് മോഷ്ടാക്കൾ തിരികെപ്പോയത്.
മോഷണ വിവരം മനസിലാക്കിയ ഉടൻ വിവരം ഏറ്റുമാനൂർ പോലീസിൽ അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി. മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്.
മകൾക്കു നൽകിയ 100 പവൻ സ്വർണാഭരണങ്ങളും വീടിന്റെ പെയിന്റിംഗ് ജോലികൾക്കായി ബാങ്കിൽ നിന്ന് എടുത്തുസൂക്ഷിച്ച മൂന്നു ലക്ഷം രൂപയും വീട്ടിൽ ഉണ്ടായിരുന്നു. കുമളിയിലേക്കു പോയപ്പോൾ ഇത് ഇവർ ഒപ്പം കൊണ്ടുപോകുകയായിരുന്നു.
ഈ സ്വർണവും പണവും വീട്ടിൽ ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. അത്തരത്തിൽ സൂചന നൽകുന്ന മൊഴിയാണ് വർഗീസ് പോലീസിനു നൽകിയിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ഇതേ സമയം ഈ വീടിനു സമീപം റോഡരികിൽതന്നെയുള്ള ഒരു വീട്ടിൽ ഏതാനും മാസങ്ങൾക്കു മുമ്പ് മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.