ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നു വീണു
1493078
Monday, January 6, 2025 11:26 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നു വീണു. കാരികാട് ടോപ്പിനു താഴെ കുറ്റിയാലപ്പുഴ റിസോര്‍ട്ടിനു സമീപം റോഡിന്റെ മുകള്വശത്തുനിന്നുമാണ് വലിയ പാറക്കഷണം റോഡിലേക്കു വീണത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. ഈ സമയത്ത് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
കൂറ്റന്‍ പാറക്കല്ലു റോഡില്‍ വീണു പലകഷണങ്ങളായി ചിന്നിച്ചിതറി മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായെങ്കിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉടന്‍ കല്ലുകള്‍ റോഡ് സൈഡിലേക്കു നീക്കി ഗതാഗത തടസം ഒഴിവാക്കി. കല്ല് ഉരുണ്ട് പോന്ന ഭാഗത്ത് വലിയകല്ലുകള്‍ അപകടഭീഷണിയായി നിലകൊള്ളുകയാണ്. അടിയന്തരമായി ഇവിടത്തെ കല്ലുകള്‍ പൊട്ടിച്ചു നീക്കം ചെയ്തില്ലെങ്കില്‍ വന്‍ അപകടത്തിനു സാധ്യതയേറെയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പു ഇതേ രീതിയില്‍ ഭീമന് കല്ല് ഉരുണ്ടുപോന്നിരുന്നു.
വിനോദ സഞ്ചാരികളടക്കം വാഗമണ്ണിലേക്കു ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് വലിയ അപകടഭീഷണി ഉയര്‍ത്തി കല്ലുകള്‍ നിലകൊള്ളുന്നത്. അടിയന്തരമായി കല്ലുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കു നിവേദനം നല്‍കിയതായി തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു.
പഞ്ചായത്തംഗം മോഹന്‍ കുട്ടപ്പന്റെ നേതൃത്വത്തിലാണ് കല്ല് നീക്കം ചെയ്തത്. മഴക്കാലത്ത് ഈ റോഡില്‍ പലയിടത്തും കല്ലുകള്‍ ഉരുണ്ടുവന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ അപകടകരമായ കല്ലുകള്‍ സംബന്ധിച്ച് അധികൃതര്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.