നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും അഭിനേതാവുമായ അനിൽ വർഗീസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ നിർവഹിച്ചു. വിശിഷ്ടാതിഥികളെ കുട്ടികൾ പുസ്തക താലപ്പൊലിയോടെ സ്വീകരിച്ചു.
സാഹിത്യകാരന്മാരുടെ വേഷം അണിഞ്ഞ കുട്ടികൾ ശ്രദ്ധ പിടിച്ചുപറ്റി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, പിടിഎ പ്രസിഡന്റുമാരായ ലൈസൻ മാവുങ്കൽ, ജിഷ സതീഷ്, സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, റോബി ഇലവുങ്കൽ, സൈജു ഇലവുങ്കൽ, സിന്ധു സത്യൻ, ടിജിൽ ജോർജ്, ജുവൽ ജിനു, ഡി. റിയ എന്നിവർ പ്രസംഗിച്ചു. കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.