NRI
സെന്റ് പോൾ: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. 20 കാരനായ അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു. മിനെസോട്ട സംസ്ഥാനത്തെ മിനിയപൊളിസിലെ അനൺസിയേഷൻ കത്തോലിക്കാസ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്കൂളിനോടു ചേർന്ന പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ജനലിലൂടെ അക്രമി വെടിയുതിർത്തത്. എട്ടും പത്തും വയസുള്ള വിദ്യാർഥികളും അക്രമിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ 17 പേർക്കു പരിക്കേറ്റതായും ഇതിൽ ഏഴു കുട്ടികളുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
വെടിവയ്പ് നടത്തിയയാളുടെ കൈവശം ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ എന്നിവ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനാലയ്ക്കിടയിലൂടെയാണ് പ്രതി വെടിയുതിർത്തതെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തെ അപലപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, എഫ്ബിഐ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും സ്ഥിതിഗതികൾ വൈറ്റ്ഹൗസ് നിരീക്ഷിച്ചുവരികയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
National
ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവച്ച് തപാൽ വകുപ്പ് . ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ തുടർന്നാണ് തീരുമാനം.
ഈ വർഷം ജൂലൈ 30ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 ന് പിന്നാലെയാണ് ഈ തീരുമാനം. 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നൽകിയിരുന്ന ഇളവ് ഈ ഉത്തരവിലൂടെ യുഎസ് പിൻവലിച്ചിരുന്നു.
ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയക്കുന്ന എല്ലാ സാധനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ തന്നെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് തീരുവ പ്രകാരമുള്ള കസ്റ്റംസ് തീരുവ ബാധകമായിരിക്കും. 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് പുതിയ തീരുവയിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.
തപാൽ വകുപ്പ് ചർച്ചകൾ നടത്തിവരികയാണെന്നും എത്രയും വേഗം യുഎസിലേക്കുള്ള മുഴുവൻ തപാൽ സേവനങ്ങളും പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
NRI
ജോർജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് സൈനികർക്ക് പരിക്ക്. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്.
സൈനികൻ തന്നെയാണ് സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്ഫോർഡ് എന്ന 28 വയസുകാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ. ഇയാളെ കസ്റ്റഡിയിലെടുത്തു.
സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് വെടിവയ്പുണ്ടായത്. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിയുതിർത്തത്.
Kerala
ദുബായി: യുഎസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യയും ദുബായിയിലെത്തിയത്. അവിടെ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.
International
റ്റി.സി. മാത്യു
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതിനു ശേഷം അനവധി തവണ മൂന്നാം ലോകയുദ്ധം തുടങ്ങി, തുടങ്ങുന്നു, തുടങ്ങും എന്നെല്ലാമുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. കൊറിയൻ യുദ്ധം മുതൽ ഇപ്പോൾ ഇസ്രയേൽ- ഇറാൻ- അമേരിക്ക യുദ്ധം വരെ. ഭാഗ്യവശാൽ മൂന്നാം ലോകയുദ്ധം ഇതുവരെയും തുടങ്ങിയില്ല.
ഇറാനെ അമേരിക്ക ആക്രമിച്ചാൽ കാര്യങ്ങൾ വലുതാകും, പിടിവിട്ടുപോകും, മറ്റു വൻശക്തികൾ നോക്കിനിൽക്കില്ല എന്നാണ് ഒട്ടേറെപ്പേർ കരുതിയത്. ഇറാനിൽ അമേരിക്ക പന്ത്രണ്ടു പാറതുരപ്പൻ ബോംബുകൾ (ജിബിയു -57 ബങ്കർ ബസ്റ്റർ) വർഷിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലേക്കു പോകുന്നതായി പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അരാഗ്ചി എത്തും മുൻപേ പുടിനുമായി ടെലിഫാേൺ സംഭാഷണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
റഷ്യയുടേതു പ്രസ്താവന മാത്രം
ഇറാന്റെ അണുബോംബ് നിർമാണ പരിപാടി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നും വേണ്ടിവന്നാൽ ഇറാന് അണ്വായുധങ്ങൾ നൽകാൻ പല രാജ്യങ്ങളും തയാറാകുമെന്നും പുടിന്റെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ ദിമിത്രി മെഡ്വെഡെവ് എക്സിൽ കുറിച്ചശേഷമാണ് അരാഗ്ചി യാത്രാപരിപാടി പ്രഖ്യാപിച്ചത്. റഷ്യൻ രാജ്യരക്ഷാ സമിതിയുടെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്വെഡെവ്. അദ്ദേഹം പറയുന്നതുപോലെ നടക്കും എന്നു കരുതുന്നവരും ഉണ്ട്.
എന്നാൽ ഇസ്രയേൽ ആക്രമിച്ചപ്പോൾ മുതൽ ഇറാനോടു സഹതാപം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവനകളെയും ഇസ്രയേലിനെതിരായ വിമർശനങ്ങളെയും കണ്ടതുപോലെ മാത്രം മെഡ്വെഡെവിന്റെ പ്രസ്താവനയെയും കണ്ടാൽ മതി എന്നതാണ് വസ്തുത. അമേരിക്കയ്ക്ക് എതിരേ ഒരു യുദ്ധമുഖം തുറക്കാൻ തക്ക അവസ്ഥയിലല്ല റഷ്യ ഇന്ന്. അമേരിക്കയെ പ്രകോപിപ്പിക്കുന്ന നടപടി യുക്രെയ്നിൽ ഇതുവരെ നേടിയതും ഇനി നേടാനിരിക്കുന്നതും നഷ്ടപ്പെടുത്തും എന്നും പുടിന് അറിയാം. അതനുസരിച്ചുള്ള നീക്കങ്ങളേ മോസ്കോയിൽ നിന്ന് ഉണ്ടാകൂ.
ചൈന ചെയ്യുന്നത്
ഇറാനെ പശ്ചിമേഷ്യയിലെ ഉറ്റമിത്രവും തങ്ങളുടെ ഉറപ്പായ ഇന്ധനസ്രോതസും ഒക്കെയായി നിർത്താൻ ശതകോടിക്കണക്കിനു ഡോളർ മുടക്കിയ വൻശക്തിയാണു ചൈന. പക്ഷേ ഇസ്രയേലിനെതിരേയോ അമേരിക്കയ്ക്ക് എതിരെയോ എന്തെങ്കിലും ചെയ്യാൻ അവർ മുതിരില്ല. തങ്ങളുടെ പരിസരത്തല്ലാതെ അകലെപ്പോയി എന്തെങ്കിലും ശക്തിപ്രകടനം ചൈനയുടെ നയത്തിൽ ഇല്ല. ഇറാനുവേണ്ടി ശബ്ദമുയർത്തുന്നതിനപ്പുറം ഷി ചിൻ പിംഗിന്റെ ചൈന ഒന്നും ചെയ്യുകയില്ല എന്നു വ്യക്തം.
മറ്റു വൻശക്തികൾ ഇറാനുവേണ്ടി ശബദമുയർത്തുന്നതല്ലാതെ ഒന്നും ചെയ്യില്ല എന്ന വിലയിരുത്തൽ ട്രംപിനും ഉണ്ടായിരുന്നിരിക്കും. അല്ലെങ്കിൽ ഈ യുദ്ധത്തിലേക്കു കടന്നു ചെല്ലാൻ അദ്ദേഹം മുതിരുമായിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗം പശ്ചിമേഷ്യയിലെ സങ്കീർണമായ യുദ്ധത്തിലേക്ക് കടന്നുകയറരുത് എന്ന നിലപാടിലായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ യുഎസ് പങ്കാളിത്തത്തിന്റെ കയ്പേറിയ അനുഭവം അവരുടെ നിലപാടിനെ സാധൂകരിച്ചു. അവരെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ട്രംപ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഇതു നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന്റെ തുടക്കമാകില്ല എന്നു കരുതാൻ തക്ക ന്യായങ്ങൾ അദ്ദേഹവും കണ്ടെത്തിക്കാണും.
ആണവലക്ഷ്യങ്ങൾ നേടുമോ?
എന്നാൽ ഒരു യുദ്ധവും തുടങ്ങുന്നതു നീണ്ട പോരാട്ടം മുന്നിൽ കണ്ടല്ല. എളുപ്പം ശത്രുക്കളെ തുരത്തി കാര്യം സാധിച്ചു മടങ്ങാനാണ് എല്ലാവരും യുദ്ധം തുടങ്ങുന്നത്. ദൗർഭാഗ്യകരം എന്നു പറയട്ടെ യുദ്ധങ്ങൾ നീളും.
നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും അടിയന്തര ലക്ഷ്യങ്ങൾ വേഗം നേടിയെടുക്കണം. അത് ഇറാന്റെ അണ്വായുധ നിർമാണശേഷി ഇല്ലാതാക്കുന്നതും ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുന്നതുമാണ്. രണ്ടും അത്ര പെട്ടെന്നു സാധിക്കാവുന്നതല്ല.
ഇറാന്റെ അണുബോംബ് നിർമാണയജ്ഞം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നു പറഞ്ഞാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു 13ന് ആക്രമണം തുടങ്ങിയത്. നതാൻസിലും ഫോർഡോയിലും ഇസ്ഫഹാനിലും ഉള്ള ആണവ ഗവേഷണ കേന്ദ്രങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും അണുബോംബിനു വേണ്ട നിലയിലേക്ക് സമ്പുഷ്ടീകരണം നടത്തുന്നവയാണ്. നതാൻസിൽ യുറേനിയം 65 ശതമാനം വരെയും ഫോർഡോയിൽ 90 ശതമാനം വരെയും സമ്പുഷ്ടീകരിക്കാം എന്നാണു റിപ്പോർട്ടുകൾ. വൈദ്യുത നിലയങ്ങൾക്ക് അഞ്ചു ശതമാനം സമ്പുഷ്ടീകരണം മതി. നതാൻസിലെ നിലയത്തിന്റെ ഭൂമിക്കു മുകളിലും ഭൂഗർഭത്തിലുമുള്ള സംവിധാനങ്ങൾ തകർത്തു എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്ഫഹാനിലും ഗണ്യമായ നാശം വരുത്തി. ഇസ്രയേലിനു പറ്റാത്തത് അമേരിക്ക തകർത്തു കാണും.
ബൂഷേറിലെ ഹെവി വാട്ടർ റിയാക്ടർ കോംപ്ലക്സിലും സമ്പുഷ്ടീകരണം നടക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരു രഹസ്യകേന്ദ്രംകൂടി സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കാൻ തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. അത് ഖൊണ്ടാപിനടുത്ത് അറാകിലുള്ള ഹെവി വാട്ടർ കോംപ്ലക്സ് ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം അതും ഇസ്രേലി ആക്രമണത്തിനിരയായി.
300 അടിയോളം പാറയ്ക്കു താഴെ പണിതിരിക്കുന്ന ഫോർഡോ നിലയം ഇസ്രേലി ആക്രമണത്തിനു വഴങ്ങിയിട്ടില്ല. ബങ്കർ ബസ്റ്റർ എന്നു വിളിക്കുന്ന ജിബിയു 7 അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബ് വേണം അതിന്. 13.6 ടൺ ഭാരമുള്ള ഇതു പ്രയോഗിക്കാൻ ബി-2 ബോംബർ വിമാനം വേണം. രണ്ടും അമേരിക്കയ്ക്കു മാത്രമേ ഉള്ളൂ. അതാണ് ഇന്നലെ പ്രയോഗിച്ചത്.
അറിവിനെ ഇല്ലാതാക്കാമോ?
ഫോർഡോ തകർത്താലും ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കും എന്നു കരുതാൻ നിർവാഹമില്ല. ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി എന്ന് ഇറാൻ ഒരാഴ്ചയായി അവകാശപ്പെടുന്നുണ്ട്. അതു ശരിയാകാനാണു സാധ്യത. ഈ രഹസ്യ കേന്ദ്രം ഇറാനിലാണോ റഷ്യയിലോ ചൈനയിലോ ആണോ എന്നതു മാത്രമേ അറിയാനുള്ളൂ. അത് ഇറാനെ അപകടകാരിയായി നിലനിർത്തും.
അതില്ലെങ്കിൽ തന്നെ ബോംബ് ഉണ്ടാക്കാൻ വേണ്ട ശാസ്ത്ര സാങ്കേതികജ്ഞാനം ഇറാൻ നേടിയിട്ടുണ്ട്. ആ അറിവിനെ ഇല്ലാതാക്കാൻ പറ്റില്ലല്ലോ. ശാസ്ത്രജ്ഞരുടെ മരണവും പ്ലാന്റുകളുടെ തകർച്ചയും ഇനിയൊരു ബോംബ് നിർമാണ പദ്ധതിയെ കുറേ വൈകിക്കും എന്നു മാത്രമേയുള്ളൂ എന്നു ചുരുക്കം.
ചരിത്രം പറയുന്നത്
നെതന്യാഹുവും മറ്റും നശീകരണംകൊണ്ടു ഫലമുണ്ടാകും എന്നു കരുതുന്നു. അതു ഭദ്രമാക്കാനാണ് ഭരണമാറ്റത്തിനായി ശ്രമിക്കുന്നത്. 95 ശതമാനവും ഷിയാ മുസ്ലിംകൾ ആയ ഒൻപതു കോടിയിൽപരം ജനങ്ങളുള്ള ഇറാനിൽ ബോംബ് വേണ്ടെന്നു പറഞ്ഞ് ഭരണം നടത്താൻ ആർക്കെങ്കിലും പറ്റുമോ എന്നതു വേറൊരു വലിയ ചോദ്യമാണ്. കൈയിൽ എത്തുമായിരുന്ന അണ്വായുധം തട്ടിക്കളഞ്ഞ ഇസ്രയേലിന്റെയും അമേരിക്കയുടെയും കൂടെ നിൽക്കുന്ന ഒരു ഭരണകൂടത്തിന് എന്തു സ്വീകാര്യത ലഭിക്കും എന്നതു കണ്ടറിയണം.
മതാധികാരികളെ മാറ്റി പകരം ആരെ കൊണ്ടുവന്നാലും അമേരിക്കൻ പാദസേവക്കാരായേ ഇറാൻ ജനത കാണൂ. 1953ൽ മുഹമ്മദ് മൂസാദേയുടെ ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചു പഹ്ലവി രാജവംശത്തെ പുനഃപ്രതിഷഠിച്ച അമേരിക്കൻ-ബ്രിട്ടീഷ് നടപടി ഇറാൻ ജനത മറന്നിട്ടില്ല. ലിബിയയും ലബനനും ഇറാക്കുംപോലെ അരാജകത്വത്തിലേക്ക് ഇറാനും വഴുതിവീഴുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ചരിത്രം ആവർത്തിക്കുന്നത് ആദ്യം പ്രഹസനമായും പിന്നീട് ദുരന്തമായും ആണെന്നു പറഞ്ഞതു കാൾ മാർക്സാണ്. ഇറാനിൽ ചിത്രം എങ്ങനെയാണ് ആവർത്തിക്കുക?
ഓഹരി ഇടിയും; എണ്ണയും സ്വർണവും കുതിക്കും
ഇസ്രയേൽ- ഇറാൻ യുദ്ധം വിപുലമായി. അമേരിക്ക അതിൽ പങ്കാളിയായി. ഇനി സാമ്പത്തികരംഗത്ത് എന്തു സംഭവിക്കും?
ഇന്നു വിപണികൾ തുറക്കുമ്പോൾ ഓഹരികൾ ഇടിയുകയും ക്രൂഡ് ഓയിൽ വില കുതിക്കുകയും ചെയ്യും എന്നു വ്യക്തം. ഓഹരിവിപണി കഴിഞ്ഞയാഴ്ച നേടിയ മുന്നേറ്റം മുഴുവൻ നഷ്ടപ്പെടുത്താവുന്ന ഇടിവ് ഉറപ്പാണ്. ക്രൂഡ് ഓയിൽ വിലയുടെ ഗതിയാകും ഓഹരികളുടെ ഗതിയെ സ്വാധീനിക്കുക.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസം ബാരലിന് 78.85 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് അതു 90 ഡോളറിനു മുകളിൽ എത്താം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണടാങ്കർ നീക്കം ഇറാൻ തടയുമെന്നു പലരും കരുതുന്നുണ്ട്. പക്ഷേ, അതുവഴി ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നത് ഇറാന്റെ മിത്ര രാജ്യമായ ചൈനയാണ്. മാത്രമല്ല, ജലപാത അടയ്ക്കൽ അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്തിനിടെ രണ്ടു മൂന്നു തവണ അതിനു ശ്രമിച്ച ഇറാന് അറിയുകയും ചെയ്യാം. ജലപാത തടയുന്നില്ലെങ്കിൽ എണ്ണവിലയിലെ വർധന പെട്ടെന്നു തന്നെ പിന്നോട്ടു വരും. അല്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും യുദ്ധം പടരണം. അതിനു സാധ്യത കുറവാണ്.
യുദ്ധം വലുതായത് സ്വാഭാവികമായി സ്വർണവില കയറ്റും. വെള്ളിയാഴ്ച ഔൺസിന് 3380 ഡോളറിനടുത്തു ക്ലോസ് ചെയ്ത സ്വർണം ഇന്നു രണ്ടു മുതൽ മൂന്നുവരെ ശതമാനം ഉയരും എന്നാണു വിപണിയിലെ നിഗമനം. 3500 ഡോളറിനു മുകളിൽ സ്വർണമെത്തും എന്നാണ് ഇന്നലെ വൈകുന്നേരത്തെ അവധി വ്യാപാരങ്ങൾ കാണിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ഉയരുമ്പോൾ ഡോളറും സ്വിസ് ഫ്രാങ്കും പുതിയ ഉയരങ്ങളിൽ എത്താം. രൂപ-ഡോളർ വിനിമയ നിരക്ക് ഡോളറിന് 88 രൂപയ്ക്കു മുകളിലേക്കു കയറാനുള്ള സാധ്യത വളരെയേറെയാണ്.
International
ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി യുഎൻ. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഒന്നിനും സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർധിച്ചുവരികയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
അതേസമയം, വിവിധ ലോകരാജ്യങ്ങളും യുഎസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്. കൂടാതെ, സംഘർഷം അവസാനിപ്പിക്കാനും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇസ്രയേല്- ഇറാന് സംഘര്ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്ഡോ, നതാന്സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.