പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റും പരിക്കേറ്റവരുടെ പരിക്കുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ഇതുവരെ ലഭിച്ചിട്ടില്ല. പരിക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ആദ്യദിവസങ്ങളിൽ നടന്നതിനപ്പുറം അന്വേഷണം ഒരടി പോലും മുന്നോട്ടുപോയിട്ടില്ലാത്ത സ്ഥിതിയാണുള്ളത്.
നീലേശ്വരം: നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന് ഒരു വർഷം തികഞ്ഞപ്പോഴും എങ്ങുമെത്താതെ അന്വേഷണം. കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് അർധരാത്രിയിലാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടയിൽ വെടിമരുന്നറയ്ക്ക് തീപിടിച്ച് ആറുപേരുടെ മരണത്തിനും നൂറ്റമ്പതോളം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടം നടന്നത്. കുട്ടികളും യുവാക്കളുമുൾപ്പെടെ പരിക്കേറ്റ പലരും ഇപ്പോഴും പൊള്ളലിന്റെ തീരാമുറിപ്പാടുകളുമായി കഴിയുകയാണ്
ക്ഷേത്ര ഭാരവാഹികളുൾപ്പെടെ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇനിയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മറ്റി നിയമാനുസൃതം ലൈസൻസ് എടുത്തിരുന്നോ എന്ന കാര്യവും പടക്കങ്ങൾ വാങ്ങിയ കടയുടെ വിശദാംശങ്ങളുമുൾപ്പെടെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റും പരിക്കേറ്റവരുടെ പരിക്കുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ഇതുവരെ ലഭിച്ചിട്ടില്ല. പരിക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. സംഭവം നേരിൽ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തണം. അപകടം നടന്ന സമയത്ത് എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ജില്ലാ ഫോറൻസിക് ലാബിൽ നിന്നും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചുരുക്കത്തിൽ ആദ്യദിവസങ്ങളിൽ നടന്നതിനപ്പുറം അന്വേഷണം ഒരടി പോലും മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാണ്.
അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പരിക്കേറ്റവരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം ധനസഹായവും അനുവദിച്ചു. ക്ഷേത്ര കമ്മിറ്റിയുടെ വകയായി അഞ്ചു ലക്ഷവും എസ്എൻഡിപി, തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ വകയായി ഓരോ ലക്ഷം രൂപ വീതവും മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകി.
മരിച്ചവരിൽ ഒരാൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ട ആളായിരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബം ഈ സഹായങ്ങൾ ക്ഷേത്രത്തിനുതന്നെ മടക്കിനൽകി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായെത്തിയവരിൽ പലരും പരിക്കേറ്റവരുടെ കാര്യം അവഗണിച്ചതായുള്ള പരാതികൾ നേരത്തേയുണ്ട്. ദുരന്തം നടന്ന് രണ്ടുമാസം വരെയുള്ള ആശുപത്രി ബില്ലുകൾ മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. പരിക്കേറ്റ ഭൂരിഭാഗം പേരും ശസ്ത്രക്രിയ, ലേസർ ചികിത്സ എന്നിവയ്ക്ക് വിധേയമായിട്ടുണ്ട്. ഭീമമായ തുകയാണ് പലർക്കും ഈയിനത്തിൽ ചെലവായത്. അപകടം നടന്ന് ഇതുവരെ ജോലിക്കു പോകാൻ പറ്റാത്തവരുമുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ എറണാകുളം ചോറ്റാനിക്കര സ്വദേശി അലൻ നിനോയ് ഉൾപ്പെടെ 12 പേർ ഇപ്പോഴും തുടർചികിത്സയുമായി വീടുകളിൽ തന്നെ കഴിയുകയാണ്. മംഗളൂരുവിൽ എംഎസ്ഡബ്ള്യു കോഴ്സ് പൂർത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടയിലാണ് അലൻ ഒരു സുഹൃത്തിനൊപ്പം നീലേശ്വരത്ത് കളിയാട്ടം കാണാനെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ അലന് ഇനിയും മൂന്നു ശസ്ത്രക്രിയകൾ നടത്താനുണ്ട്. കൈവിരലുകളുടെ ചലനശേഷി ഇതുവരെ തിരികെ കിട്ടാത്തതിനാൽ സ്വന്തമായി ആഹാരം പോലും കഴിക്കാനാകില്ല. എല്ലാ ദിവസവും ഫിസിയോതെറാപ്പിക്കു മാത്രം 500 രൂപ വേണം. സ്റ്റിറോയ്ഡ് ഇൻജക്ഷനും എടുക്കണം.
മംഗളൂരുവിലും പിന്നീട് കോയമ്പത്തൂരിലുമുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ അലൻ ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഡിസ്റ്റിംഗ്ഷനോടെ എംഎസ്ഡബ്ള്യു പാസായിട്ടും ജോലിക്കുപോലും പോകാനാകാത്തതിന്റെ സങ്കടവും ഇതോടൊപ്പമുണ്ട്. ദുരന്തം ഉണ്ടാക്കിയ മാനസികാഘാതം കൂടാതെ ഭീമമായ ചികിത്സാചെലവ് കൂടിയായതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ദുരന്തബാധിതർ. ഇവരുടെ തുടർചികിത്സയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.