Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഐയുടെ പ്രാധാന്യം എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. പിഎം ശ്രീയെക്കുറിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണു നാമെല്ലാവരും അറിയുന്നത്.
വാർത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ ഇതിൽ ഒപ്പിടുമ്പോൾ കേരളത്തിനു കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളിൽ സിപിഐ ഇരുട്ടിലാണ്.
നയപരമായ വിഷയമായതിനാൽ പിഎംശ്രീ മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവച്ച വിഷയമാണ്.ഈ വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയിൽ ചർച്ചയിൽ വന്നിട്ടില്ല. ഇടതുമുന്നണിയുടെ ശൈലി ഇതല്ല.
പിഎം ശ്രീ എൻഇപിയുടെ ഷോക്കേസാണെന്നാണു മനസിലായത്. ഇക്കാര്യത്തിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ആശങ്കയുണ്ട്.
അസ്വാഭാവികമായ തിരക്കോട് കൂടി മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ഒരു വാക്കു പോലും പറയാതെ ഉദ്യോഗസ്ഥ ഡൽഹിയിൽ ലാൻഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേദിവസം അതിനെ ബിജെപിയും ആർഎസ്എസും എബിവിപിയും പുകഴ്ത്തുന്നു. അതുകൊണ്ടാണ് ചർച്ച ആവശ്യപ്പെടുന്നത്.
Kerala
കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നത്.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു പദ്ധതി അത് കേന്ദ്രസര്ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്ക്കാന് കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന് എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ആർജെഡിക്കും നീരസം
ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരേ ഉയർത്തിയത്. ഗോളി തന്നെ ഗോൾ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയിൽ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
എഐഎസ്എഫ് രംഗത്ത്
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിമർശിച്ചു രംഗത്തുവന്നു. വഞ്ചനാപരമായ നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നായിരുന്നു അവരുടെ വിമർശനം. ഇതിനിടെ. സിപിഐ അടിയന്തര യോഗം ചേർന്നേക്കുമെന്നു സൂചനയുണ്ട്.
ഒപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായും സംസാരിക്കും. തുടർന്ന് എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നീക്കം. വിഷയത്തിൽ സിപിഐ സെക്രട്ടറി മാധ്യമങ്ങളെ കാണും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ ലക്ഷ്യമെന്നു കരുതുന്നു.
ഞെട്ടലിൽ ഇടതുകേന്ദ്രങ്ങൾ
അതേസമയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അന്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്തും പരസ്പരം സംസാരിച്ചും തീർക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
എടുത്തുചാടി പിഎംശ്രീയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമെന്ന് സിപിഐ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയ്ക്കോ സമവായത്തിനോ ശ്രമിക്കാതെ പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തതെന്ന നിഗമനത്തിൽ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ് സിപിഐ.
സിപിഎമ്മിനേക്കാൾ ഭേദം കോൺഗ്രസ് ആണെന്ന ഗൗരവതരമായ അഭിപ്രായങ്ങൾ പോലും സിപിഐ യോഗത്തിൽ ഉയർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ച വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ വ്യാപക സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ്. സർക്കാർ നടപടിക്കെതിരെ എഐഎസ്എഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്എഫ് അറിയിച്ചു. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും.
ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
സർക്കാരിന്റെ വിദ്യാർഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ അറിയിച്ചു.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.