NRI
ഒഹായോ: കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. ഈ മാസം 14ന് രണ്ടിന് പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു.
ഫാ. എബി തമ്പി പ്രധാന കാർമികത്വം വഹിച്ചു. ഫാ. നിബി കണ്ണായി, ഫാ. ആന്റണി, ഫാ.ജിൻസ് കുപ്പക്കര എന്നിവർ സഹകാർമികരായും തിരുനാൾ കുർബാനയിൽ പങ്കെടുത്തു.
കന്യകാമറിയത്തോടുള്ള മാധ്യസ്ഥ പ്രാർഥനയുടെ പ്രാധാന്യം തിരുനാൾ സന്ദേശത്തിലൂടെ ഫാ. അനീഷ് ഓർമിപ്പിച്ചു. കുർബാനയ്ക്ക് ശേഷം ലദീഞ്ഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു.
ഫാ. ആന്റണി ഉണ്ണിയപ്പം നേർച്ച വെഞ്ചരിച്ചു. മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി എട്ടാമിടത്തിലെ തിരുക്കർമങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു.
പ്രീസ്റ്റ് ഇൻ-ചാർജ് ഫാ. നിബി കണ്ണായി, തിരുനാൾ കൺവീനർമാരായ ജിൽസൺ ജോസ്, സിനോ പോൾ, ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്സും ചേർന്ന തിരുനാൾ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
ജിൽസൺ ജോസ് സ്വാഗതപ്രസംഗം നടത്തി. തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനം കൊളംബസ് കത്തോലിക്കാ ബിഷപ് മാർ ഏൾ കെ. ഫെർണാണ്ടസ് നിർവഹിച്ചു.
പള്ളിക്കുവേണ്ടി ഫാ. നിബി കണ്ണായി ആശംസകൾ നേർന്നു. ട്രസ്റ്റി ജോസഫ് സെബാസ്റ്റ്യൻ അവസാന ഒരു വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രസ്റ്റി ചെറിയാൻ നന്ദി പ്രസംഗം നടത്തി.
NRI
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴ് വരെ എട്ടു നോമ്പ് കൺവൻഷൻ ആചരിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് മധ്യസ്ഥ പ്രാർഥനയും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും.
അവസാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 5.30ന് മൂന്നിന്മേൽ കുർബാനയും റാസയും ഉണ്ടായിരിക്കും. തുടർന്ന്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
സമീപ ഇടവകളായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടു കൂടിയാണ് എട്ടുനോമ്പ് നടത്തപ്പെടുന്നത്.
കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ഡോ. ജോസഫ് വര്ഗീസ് അറിയിച്ചു.
NRI
ടൊറോന്റോ: അജാക്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ നമസ്കാരവും തുടർന്ന് ഗാനശശ്രൂഷയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് റവ. ഫാ. ഗീവർഗീസ് തമ്പാന്റെ കാർമികത്വത്തിൽ വി. കുർബാനയും അതിനുശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ആശിർവാദവും തുടർന്ന് നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കുന്നതുമാണ്.
എല്ലാ വിശ്വാസികളേയും പെരുന്നാളിൽ പങ്കെടുക്കുവാനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. മാത്യു തോമസ് അറിയിച്ചു.
NRI
ബെൽവിൽ(കാനഡ): സെന്റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഈ മാസം 15 മുതൽ 17 വരെ ആചരിക്കും. 15ന് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന തിരുനാൾ ആഘോഷത്തിൽ ആരാധന, വിശുദ്ധ കുർബാന, നേർച്ച വിഭവ വിതരണങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 6.30ന് വിശുദ്ധ കുർബാനയും രൂപം വെഞ്ചിരിപ്പും തിരുനാൾ കൊടിയേറ്റവും പൂർവികരുടെ അനുസ്മരണവും നടത്തപ്പെടും. പ്രധാന തിരുനാൾ 17ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ചയോടുകൂടി തിരുകർമങ്ങൾ ആരംഭിക്കും.
തുടർന്ന് തിരുനാൾ സമൂഹബലിയും തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് സികെ ബീറ്റ്സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം അരങ്ങേറും.
NRI
ആലിസ് സ്പ്രിംഗ്സ്: സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വി. തോമശ്ലീഹയുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ഓഗസ്റ്റ് 8,9,10 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മരിച്ചുപോയ വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാനയും ഓപ്പീസും. ശനിയാഴ്ച വൈകുന്നേരം 3.15ന് ഡാർവിൻ രൂപത വികാരി ജനറൽ റവ. ഫാ. പ്രകാശ് മെനെസിസ് എസ്വിഡി കോടിയേറ്റും.
റവ.ഡോ. ജോൺ പുതുവ വി. കുർബാനയർപ്പിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികാഘോഷങ്ങൾ മന്ത്രി ജോഷ്വാ ബെർഗോയിൻ ഉദ്ഘടനം ചെയ്യും. വിവിധ കലാപരിപാടികളോടൊപ്പം ഇടവകാഗം എൽസി ജോൺ രചനയും സംവിധാനവും നിർവഹിച്ച "യൂദായിലെ ദൈവപുരുഷൻ' ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30ന് ഡാർവിൻ കത്തിഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പണ്ടിയപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന്, കോടിയിറക്കൽ എന്നിവ നടക്കും.
ഫാ. ജോൺ പുതുവ, കെ.എസ്. ഷിജു, എബിൻ ജോൺ, മേജിറ്റു ചമ്പക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ ഡാർവിൻ സീറോമലബാർ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച കൊടിയേറി.
വൈകുന്നേരം അഞ്ചിന് ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ഫാ. ജോസഫ് പുല്ലനപ്പിള്ളിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവകയിലെ ടീൻസ് മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽക്കും.
ശനിയാഴ്ച രാവിലെ 9.30ന് ഇടവക വികാരി റവ. ഡോ. ജോണ് പുതുവ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മിഷൻ ലീഗ് അംഗങ്ങളും തോമസ് നാമധാരികളും നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് "എൽഖാനിയ 2025' സണ്ഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി ഉദ്ഘാടനം ചെയ്യും.
മന്ത്രി ജിൻസണ് ചാൾസ് മുഖ്യപ്രഭാഷണം നടത്തും. ഷാഡോ മിനിസ്റ്റർ ചാൻസി പീച്ച് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മതബോധനവിദ്യാർഥികളും ഇടവകാംഗങ്ങളും ഒന്നുചേർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുബാലസഖ്യം, അൽഫോൻസ നാമധാരികളുടെ നേതൃത്വത്തിൽ ദീപകാഴ്ചയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഡാർവിൻ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പാണ്ടിയപ്പിള്ളി സിഎംഐ തിരുനാൾ പാട്ടുകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഡോ. ജോണ് പുതുവ, ജോണ് ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ, ലാൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
NRI
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും.
മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ് അൽഫോൻസാ സീറോമലബാർ മിഷൻ ഡയറക്ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റും ദിവ്യബലിയും അർപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്നേഹവിരുന്നും നടക്കും.
തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.
തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും നടക്കും. തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.
പള്ളിൽ നടക്കുന്ന ഇടവക തിരുനാളിന്റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.