Leader Page
എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയായിരുന്ന ഡിഎസ്യുവിന്റെ നേതാവായിരുന്ന ശിവൻകുട്ടി നായരല്ല ഇടതുമുന്നണിയുടെ സിപിഎം മന്ത്രിയായ വി.ശിവൻകുട്ടി എന്ന് മറന്നപോലാണ് അധ്യാപകനിയമന വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകളും പ്രവൃത്തിയും.
ഭിന്നശേഷിക്കാരെ ഏറ്റവും കരുതലോടെ ചേർത്തുനിർത്തുന്ന സമൂഹമാണ് ക്രൈസ്തവർ. കേരളത്തിൽ ഇക്കൂട്ടരെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയതുതന്നെ കത്തോലിക്കാ പുരോഹിതനായിരുന്ന അന്തരിച്ച ഫാ.ഫെലിക്സ് സിഎംഐ ആണ്. 1980കളിൽ അച്ചൻ കേരളത്തിൽ പലയിടങ്ങളിൽ ഇത്തരം കുട്ടികളുടെയും മാതാപിതാക്കളുടെയും ക്യാന്പുകൾ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി. അവിടെനിന്നുമാണ് സമൂഹം അവരെ അറിഞ്ഞുതുടങ്ങിയത്.
ഭിന്നശേഷിക്കാർക്ക് അധ്യാപകനിയമനങ്ങളിൽ സർക്കാർ സംവരണം ഏർപ്പെടുത്തിയത് 1996 ഫെബ്രുവരി ഏഴു മുതലാണ്. മൂന്നു ശതമാനമായിരുന്നു സംവരണം. 2017 മുതൽ അത് നാലു ശതമാനമാക്കി. 2022 ജൂണ്‍ 25 വരെ ഇതുസംബന്ധിച്ച് കൃത്യമായി നിർദേശങ്ങളുണ്ടായിരുന്നില്ല.1996 മുതലുള്ള ഒഴിവുകൾ ഒറ്റയടിക്കു തീർക്കാൻ യോഗ്യതയുള്ളവരെ കിട്ടാനില്ല എന്ന യാഥാർഥ്യമുണ്ട്. 3000 ഒഴിവുകൾക്ക് വന്നത് 500 അപേക്ഷകരാണ്.
ഈ ഒഴിവുകൾ നികത്താത്തതിന്റെ പേരിൽ 2021 നവംബർ എട്ടിനുശേഷം വരുന്ന നിയമനങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സർക്കാർ. നവംബർ 21 ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ ഭിന്നശേഷിക്കാരുടെനിയമനം നടത്തിയാലേ മറ്റു നിയമനം അംഗീകരിക്കൂ എന്നു വ്യക്തമാക്കി. താത്കാലിക നിയമനമേ അംഗീകരിക്കൂ. താത്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ട. ഒരു തൊഴിലാളിവർഗ സർക്കാർ നടത്തുന്ന പ്രവൃത്തിയാണിത്.
ഇക്കാര്യത്തിൽ 2025 ൽ മാർച്ച് 10 ന് എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതിവിധി അനുസരിച്ച് ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള ഒഴിവുകൾ നികത്താം. ഭിന്നശേഷിക്കാരല്ലാത്തവരുടെ തസ്തികകൾ അംഗീകരിക്കണം. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജോർജ് മസി എന്നിവരുടെ ബെഞ്ച് പുറപ്പെടുപ്പിച്ച ഈ വിധി എല്ലാവർക്കും ബാധകം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതിയും എല്ലാവർക്കും ബാധകം എന്നു വിശദീകരിച്ചു. പക്ഷേ സർക്കാർ അംഗീകരിക്കുന്നില്ല. വിധി നടപ്പാക്കാൻ സർക്കാർതന്നെ ഹൈക്കോടതിയിൽനിന്ന് രണ്ടുമാസത്തെ സാവകാശം വാങ്ങി. അതുകഴിഞ്ഞിട്ടും അനുമതി കൊടുക്കുന്നില്ല. ഇപ്പോൾ പറയുന്നു സുപ്രീംകോടതിയുടെ ഉത്തരവ് വാങ്ങാൻ. ഇതാണോ പാവപ്പെട്ടവരുടെ സർക്കാർചെയ്യേണ്ടത്? അംഗീകൃത അധ്യാപക സംഘടനകൾ പ്രതികരിക്കുന്നില്ല. ഇതാണോ അധ്യാപകസംഘടനകൾ ചെയ്യേണ്ടത്? ആ വിധി എൻഎസ്എസിന് മാത്രം എന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം കൊടുത്തു എന്നാണ് സർക്കാർ പറയുന്നത്. ഭരണഘടനയുടെ 141-ാം വകുപ്പനുസരിച്ച് സുപ്രീംകോടതി വിധി ഇന്ത്യക്കാകെ ബാധകമാണ്.
1932ൽ തിരുവിതാംകൂറിൽ ഉണ്ടായ നിവർത്തനപ്രക്ഷോഭംപോലെ കേരളത്തിലെ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒറ്റക്കെട്ടായി ഇടതുസർക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയിലേക്കാണ് ശിവൻകുട്ടി കാര്യങ്ങൾ കൊണ്ടുപോകുന്നത്. അയ്യപ്പസംഗമത്തെ പിന്താങ്ങിയ എൻഎസ്എസ് നേതാവ് സുകുമാരൻ നായരുടെ വാക്കുകൾ ഇടതുമുന്നണിക്ക് ഉണ്ടാക്കുന്ന അനുകൂലമായ അന്തരീക്ഷത്തിന്റെ നാലിരിട്ടിയാണ് ഈ വിഷയം ഉണ്ടാക്കുന്ന അപകടം.
2016 മുതൽ 2025 വരെ സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയ 1.12,650 നിയമനങ്ങളിൽ 36,318 എണ്ണമാണ് സ്ഥിരനിയമനം. ബാക്കി താത്കാലികമാണ്. 2021നും 2025നും ഇടയിൽ നടത്തിയ 60,500 നിയമനങ്ങളിൽ 90 ശതമാനവും ദിവസക്കൂലിക്കാരാണ്. നിയമനം അംഗീകരിച്ചുകിട്ടാൻ കാത്തുകഴിയുന്ന 16,000 അധ്യാപകരും മനുഷ്യരാണ്. അവർക്കും വോട്ടുണ്ട്. സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
വിഷയം നിയമസഭയിൽ ഉന്നയിച്ച മോൻസ് ജോസഫിനോട് സ്പീക്കർ ഷംസീർ പറഞ്ഞതായി പത്രങ്ങളിൽ വന്ന പ്രതികരണം ക്രൈസ്തവരിൽ വേദന ഉണ്ടാക്കുന്നതാണ്. ബിഷപ്പുമാരുടെ നിലപാട് അവതരിപ്പിക്കുവാനുള്ളതല്ല നിയമസഭ എന്ന് ഷംസീർ പറഞ്ഞതായാണ് വാർത്ത. ഇടയലേഖനങ്ങൾ ഉദ്ധരിക്കുന്നവർ ഇങ്ങനെ പറയുന്നതിനെ ജനം പരിഹസിക്കും. നിയമനവുമായി ബന്ധപ്പെട്ടു മോൻസ് ജോസഫും മന്ത്രി റോഷിയും കേരള കോണ്‍ഗ്രസ് മാണി സംഘവും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ട്. അവരോട് അനുകൂലമായാണ് ശിവൻകുട്ടി മന്ത്രി പ്രതികരിച്ചത്. പക്ഷേ, പത്രക്കാരെ കാണുന്പോൾ പറയുന്നത് മറ്റൊരുസ്വരത്തിലാണ്.
വിമോചനസമരമൊന്നും ഇനി ഉണ്ടാവില്ല എന്നു കരുതിയാലും ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുവാൻ നോക്കിയ സർ സിപിക്കു 1947ലും മുണ്ടശേരിക്ക് 1957ലും എം.എ. ബേബിക്ക് 2006ലും, അവരുടെ സർക്കാരുകൾക്കും സംഭവിച്ചത് ഓർക്കുന്നതും നല്ലത്.
സുപ്രീംകോടതിയുടെ വിധിയിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാലയങ്ങൾക്ക് ലഭിച്ച നിയമന അവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ശിവൻകുട്ടിക്ക് അറിയാത്തതല്ല. ശിവൻകുട്ടി കുത്തുന്നത് സ്വന്തം കുഴി തന്നെയാണ്. ഇടതുമുന്നണിയിലെ ജനപിന്തുണയുള്ള കക്ഷിയായ കേരള കോണ്‍ഗ്രസ് മാണിക്കാരുടെ വേരറക്കുന്ന പണിയാണിത്. മുഖ്യമന്ത്രി ഇടപെടണം. ഏറെ വർത്തമാനങ്ങൾ പറയിക്കരുത്.
രാജയ്ക്കു പറ്റാത്തത് മോദിക്കോ?
2025 സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡിഗഡിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) 25-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്നാട്ടിൽനിന്നുള്ള നേതാവ് ഡി. രാജയെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.11 അംഗ നാഷണൽ സെക്രട്ടേറിയറ്റ് 33 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
2026 ജൂണിൽ 76 വയസാകുന്ന രാജ മൂന്നാംവട്ടമാണ് സെക്രട്ടറി ആവുന്നത്. പാർട്ടിയുടെ പരമോന്നതപദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദളിത് നേതാവാണ് അദ്ദേഹം. പാർട്ടി പദവികൾക്ക് 75 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയാണ് നിയമനം. പ്രായപരിധി സംബന്ധിച്ച നിബന്ധനയിൽ വെള്ളം ചേർക്കുന്നതിനെ കേരളത്തിൽനിന്നുള്ള സഖാക്കൾ എതിർത്തു.
രാഷ്ട്രീയത്തിൽ പ്രായപരിധി നല്ലതാണെന്ന് എല്ലാവരും പറയും. പക്ഷേ നടപ്പാക്കില്ല. ദേശീയ പാർട്ടി എന്ന അംഗീകാരംപോലും ഇല്ലെങ്കിലും കേഡർ പാർട്ടി എന്ന് പറയുന്ന സിപിഐക്കുപോലും അതിനു സാധിക്കുന്നില്ല. പിന്നെന്തിന് മറ്റു പാർട്ടികളെക്കുറിച്ചു പറയുന്നു? സെപ്റ്റംബർ 25ന് മോദിക്ക് 75 തികഞ്ഞപ്പോൾ മോദിവിരുദ്ധർ മോഹിച്ചതാണത്. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും പ്രായവിലക്ക് കല്പിച്ച ബിജെപി അതെല്ലാം മറന്നു.
രാജിയുടെ കാര്യത്തിൽ കാണിച്ച ഔദാര്യത്തിനപ്പുറം ചണ്ഡിഗഡ് സമ്മേളനംകൊണ്ട് പാർട്ടിക്കോ നാടിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലയനത്തെക്കുറിച്ച് ഇടക്കാലത്ത് ഉയർന്ന നല്ല വാക്കുകൾപോലും ഇക്കുറി കേട്ടില്ല.
കാനവും ബിനോയിയും ഒക്കെ പിണറായിയുടെ പ്രഭാവത്തിൽ മയങ്ങിക്കഴിയുകയാണ്. കേരളത്തിൽ ഭരണമുള്ളതുകൊണ്ട് പിണറായിയും ബിനോയിയും ഫലത്തിൽ ദേശീയ സെക്രട്ടറിയേക്കാൾ ഉയരത്തിലാണ്. ദേശീയസെക്രട്ടറി ആക്കാമെന്ന് പറഞ്ഞാലും രണ്ടാളും ഇപ്പോൾ കേരളം വിടില്ല. പണ്ട് മുസ്ലിം ലീഗിനായിരുന്നു ദേശീയ അധ്യക്ഷനേക്കാൾ വലിയ സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അങ്ങനെയായി. ഇടതായാലും പണത്തിനു മീതെ പരുന്തും പറക്കില്ല.
വോട്ടർപട്ടികയും കേരളവും
കേരളത്തി
Leader Page
ഭിന്നശേഷി സഹോദരങ്ങൾക്കും അവരുടെ അക്കാദമിക് യോഗ്യതകൾക്കനുസൃതമായ തൊഴിൽ സംവരണം എന്ന ചേതോഹരമായ ചുവടുവയ്പ് നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനതടസത്തിനും അവരുടെ കുടുംബങ്ങളുടെ കണ്ണീരിനും കാരണമാകുന്നു. കുടുംബം പുലർത്താൻ അധ്യാപനത്തോടൊപ്പം മറ്റു തൊഴിലുകളും ചെയ്യേണ്ടിവരുന്നവരുടെ നിസഹായാവസ്ഥ ബന്ധപ്പെട്ടവർ കണ്ണുതുറന്നു കാണണം. ഇതു സംബന്ധിച്ച ചില യാഥാർഥ്യങ്ങളും എല്ലാവരും മനസിലാക്കണം.
ഒഴിവുകൾ നികത്തിയോ?
ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 2022 ജൂൺ 25ലെ സർക്കാർ ഉത്തരവു പ്രകാരം 1996 മുതൽ 2017 വരെ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതൽ തുടർന്നുള്ള വർഷങ്ങളിലെ നിയമനങ്ങളുടെ നാലു ശതമാനവുമാണ് എയ്ഡഡ് മാനേജ്മെന്റുകൾ മാറ്റിവയ്ക്കേണ്ടത്. ഇക്കഴിഞ്ഞ വർഷം വരെ ഈ ഒഴിവുകൾ നീക്കിവയ്ക്കുകയും വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കുകയുമാണ് മാനേജ്മെന്റുകൾ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ അത് ജില്ലാതല സമിതികളെ ഏൽപ്പിച്ചതായി നിർദേശം വന്നു. ഈ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകളും മറ്റു മാനേജ്മെന്റുകളും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അർഥനാപത്രം സമർപ്പിക്കുമ്പോൾ യോഗ്യരായവർ ഉണ്ടെങ്കിൽ അവരുടെ പാനലും ഇല്ലെങ്കിൽ നോൺ-അവെയ്ബിലിറ്റി സർട്ടിഫിക്കറ്റുമാണ് മാനേജ്മെന്റുകൾക്കു ലഭിച്ചുപോന്നിട്ടുള്ളത്. ലഭിക്കാതെവരുമ്പോൾ സർക്കാർ നിർദേശപ്രകാരം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യരായവർ ആരെങ്കിലും വന്നാൽ അവരെ സന്തോഷപൂർവം നിയമിക്കുകയും ചെയ്യുന്നു. എങ്കിലും, ഇതിനു പിന്നിലെ യാഥാർഥ്യം, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകൾ നികത്താൻ മാത്രം യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ സർക്കാരിനോ സാധിച്ചില്ല എന്നതാണ്.
ഉദാഹരണമായി ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ്, നിയമപ്രകാരം നാളിതുവരെ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നത് 52 തസ്തികകളാണ്. ഇതിൽ ആദ്യവർഷങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റ് സ്വന്തം നിലയിൽ നികത്തിയ തസ്തികകൾ പന്ത്രണ്ടും 2022ലെ ഉത്തരവിനുശേഷം സർക്കാർ നികത്തിയത് വെറും ഒമ്പതും മാത്രമാണ്. അതായത് ഇപ്പോഴും 31 തസ്തികകൾ യോഗ്യരായ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. മാത്രമല്ല, ഈ തസ്തികകളിലേക്കു യോഗ്യരായവർ എപ്പോൾ വന്നാലും നിയമിക്കാൻ തയാറാണെന്ന സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതുമാണ്. ഇപ്രകാരമാണ് എല്ലാ മാനേജ്മെന്റുകളും പ്രവർത്തിക്കുന്നത്. അപ്പോൾ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നികത്തിയിട്ടില്ലെന്നുമൊക്കെ വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോൾ അത് ആരെപ്പറ്റി പറയുന്നു, എന്തിനു പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം.
യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കാത്തതിന് മാനേജ്മെന്റുകളെ എന്തിനു പഴിചാരുന്നു? ഇത്രയും ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെ ലളിതമായി അദ്ദേഹത്തിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഭിന്നശേഷി സംവരണത്തിനായി കൃത്യമായ ഒഴിവുകൾ മാറ്റിവച്ച് സത്യവാങ്ങ്മൂലം നൽകിയ മാനേജ്മെന്റുകളുടെ മാത്രം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അദ്ദേഹം തയാറാണോ? അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ ഈ സർക്കാരിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
ലക്ഷ്യം എയ്ഡഡ് മേഖലയെ തകർക്കുകയോ?
എയ്ഡഡ് മേഖല സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ്, എയ്ഡഡ് നിയമനങ്ങൾ അംഗീകരിച്ചു നൽകുക എന്നത് സർക്കാരിന്റെ ഔദാര്യമാണ് എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവികൾ. സാക്ഷരകേരളം എന്ന് ഊറ്റം കൊള്ളുമ്പോൾ അതിൽ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണ് എന്ന യാഥാർഥ്യം തമസ്കരിക്കുന്നു. വിദേശ സർവകലാശാലകൾക്കു ചുവപ്പു പരവതാനി വിരിച്ചപോലെ ആഗോള ഭീമന്മാരുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും സ്വകാര്യ സ്കൂളുകൾക്ക് ഇടം കൊടുക്കാൻ കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ തടസമായി നിൽക്കുന്നു എന്ന ദുഷ്ടചിന്ത ഈ സർക്കാരിനുണ്ടോ? മാന്യമായ ഒരു തൊഴിൽ നാട്ടിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന നമ്മുടെ ചെറുപ്പക്കാർ എയ്ഡഡ് സ്കൂളുകളിലെങ്കിലും ജോലി കിട്ടും എന്ന സ്വപ്നവുമായി കാത്തിരിക്കുമ്പോൾ ഇത്തരം നൂലാമാലകളാൽ ഭീഷണിപ്പെടുത്തി അവരെയും വിദേശനാടുകളിലേക്ക് ഓടിക്കാൻ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ? സാമ്പത്തിക പരാധീനതകളാൽ നട്ടംചുറ്റുന്ന എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവനും ആരോഗ്യവും സാമ്പത്തിക പങ്കാളിത്തവും നൽകുന്ന അധ്യാപകരെ സാമ്പത്തികമായി ഞെരുക്കുന്നത് ഇത്തരം സ്കൂളുകളെ തകർച്ചയിലേക്കു നയിച്ചുകൊള്ളും എന്നും ചിന്തിക്കുന്നുണ്ടോ?
കാലാകാലങ്ങളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ചുപോന്ന എയ്ഡഡ് മാനേജ്മെന്റുകളെ ശത്രുക്കളായി കാണാതെ, അവരുടെ ന്യായമായ അവകാശങ്ങൾക്കായുള്ള നിലവിളികൾക്കു ചെവികൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമായിട്ടുള്ളത്. കാരണം, അധ്യാപകരുടെ അപേക്ഷ അവർക്കുവേണ്ടി മാത്രമല്ല, വിദ്യപകർന്നു നൽകാൻ ഏല്പിക്കപ്പെട്ടിട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയുമാണ്. എയ്ഡഡ് അധ്യാപകർ പഠിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരെയാണ്; നമ്മുടെ കുഞ്ഞുങ്ങളെയാണ്. വലിയൊരളവിൽ അവർ സർക്കാരിനെ സഹായിക്കുകയാണ്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാരിന്റെ അഭ്യുദയകാംക്ഷികളാണ് അധ്യാപകർ. കുഞ്ഞുങ്ങൾക്ക് ബിരിയാണിയും മുട്ടയും പാലും മാത്രം പോരാ, വിദ്യയും നൽകണം. വിദ്യ നൽകാൻ അധ്യാപകർക്കു സുസ്ഥിതി ഉണ്ടാവണം; അവർക്ക് സുസ്ഥിതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു സാധിക്കുന്നില്ലെങ്കിൽ അത് ജനാധിപത്യ സർക്കാരിന്റെ പരാജയം തന്നെയാണ്.
മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരോ?
സർക്കാർ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നതിനു വളരെ മുമ്പേതന്നെ അവരെ സംരക്ഷിക്കാൻ ഭവനങ്ങൾ തുടങ്ങിയതും പദ്ധതികൾ ആവിഷ്കരിച്ചതും ക്രൈസ്തവരാണ്. നിയമപരമായ ശിപാർശകൾക്കു മുമ്പേ ക്രൈസ്തവ മാനേജ്മെന്റുകൾ തൊഴിൽസംവരണവും നടപ്പാക്കിയതായി രേഖകൾ പരിശോധിച്ചു മനസിലാക്കാം. ഇപ്പോഴും അക്കാര്യങ്ങളിൽ ബദ്ധശ്രദ്ധരായവരെ യാഥാർഥ്യം മറച്ചുവച്ച് അടച്ചാക്ഷേപിക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രതികരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണോ. യോഗ്യരായ ഏതെങ്കിലും ഭിന്നശേഷി ഉദ്യോഗാർഥി മാനേജ്മെന്റിനെ സമീപിച്ചിട്ടു നിയമിക്കാതെപോയ ഏതെങ്കിലും പരാതി മന്ത്രിക്കു ലഭിച്ചിട്ടുണ്ടോ? തങ്ങളുടെ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ബന്ധപ്പെട്ടവർ സാധിച്ചുനൽകാതെ വരുമ്പോൾ അവർക്കുവേണ്ടി സംസാരിക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അർഹതപ്പെട്ടതു മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ എല്ലാം പൂർണമായും പാലിച്ചിട്ടാണ് അവർ ചോദിക്കുന്നത്. യാഥാർഥ്യങ്ങൾ ജാതീയമായും വർഗീയമായും വിവേചിച്ചു വിവക്ഷിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്, മാനേജ്മെന്റുകളല്ല.
എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
എൻഎസ്എസ് മാനേജ്മെന്റ് കേസിനു പോയി കാര്യം സാധിച്ചു. അധ്യാപകരോട് ഉത്തരവാദിത്വമുള്ള മറ്റ് മാനേജ്മെന്റുകൾ എന്തുകൊണ്ട് കേസിനു പോകുന്നില്ല എന്നൊക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളിലൂടെ അദ്ദേഹം സ്വയം കുഴി തോണ്ടുകയാണെന്നു മനസിലാക്കുന്നില്ല. സർ, ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ലെജിസ്ലേച്ചർ (നിയമനിർമാണം), എക്സിക്യൂട്ടീവ് (നിയമനിർവഹണം), ജുഡീഷറി (നീതിന്യായം) എന്നിവയാണ്.
ജനാധിപത്യബോധമുള്ള ഒരു പൗരൻ തനിക്കു നീതി നടത്തിത്തരാൻ ആദ്യം സമീപിക്കുന്നത് ഈ നാട്ടിലെ ഭരണസംവിധാനത്തെയാണ്, അധികാരികളെയാണ്. അവർ അതിൽ പരാജയപ്പെടുമ്പോഴാണ് കോടതിയിലേക്കു പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ മനോഭാവത്തിൽ, “കോടതിയിൽ പോകൂ” എന്നു പറയുമ്പോൾ ഞങ്ങൾ ഭരണാധികാരികൾ നീതി നിവർത്തിച്ചു നൽകാൻ കഴിവില്ലാത്തവരാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. മാത്രമല്ല, 2021 ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറ്റൊരു കേസിനെപ്പറ്റി പരാമർശിക്കുമ്പോൾ, ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം സമാനസ്വഭാവമുള്ള മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വേവ്വേറെ കേസ് നൽകാൻ കോടതിയെ സമീപിക്കേണ്ടതില്ല എന്നും പുറപ്പെടുവിച്ച സുപ്രധാനവിധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ സർക്കാരും സർക്കാരിന് ഉപദേശം നൽകുന്ന അഡ്വക്കറ്റ് ജനറലും പഠിക്കേണ്ടതാണ്.
എൻഎസ്എസിനു നൽകിയ വിധിയെ ആസ്പദമാക്കി കേരള ഹൈക്കോടതി 2025 ഏപ്രിൽ ഏഴിന് മാനേജ്മെന്റ് കൺസോർഷ്യത്തിനു നൽകിയ വിധിന്യായത്തിലും സമാനസ്വഭാവമുള്ള എല്ലാവർക്കും ഇതു ബാധകമാക്കണം എന്ന് സർക്കാരിനോടു നിർദേശിക്കുകയും തീരുമാനമെടുക്കാൻ നാലു മാസത്തെ സമയം നൽകുകയും ചെയ്തു. എന്നാൽ അഡ്വക്കറ്റ് ജനറൽ, വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്ക് നൽകിയാൽ കോടതിയലക്ഷ്യമാകും എന്ന രീതിയിൽ നിയമോപദേശം നൽകി, ഞങ്ങൾക്ക് കോടതിയെ ധിക്കരിക്കാനാവില്ല എന്നൊക്കെ വിദ്യാഭ്യാസമന്ത്രി പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാന കാര്യം, എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ കേരള സർക്കാരിനുവേണ്ടി ഹാജരായ പ്രതിനിധി, സർക്കാരിന്റെ ഏകലക്ഷ്യം (concern) ഭിന്നശേഷിക്കാർക്കുള്ള തസ്തിക സംവരണം മാത്രമാണ്, മറ്റു നിയമനങ്ങൾ തടസപ്പെടുത്തുകയല്ല എന്നു കൃത്യമായി പറയുന്നുണ്ട്. അപ്പോൾ ആ ലക്ഷ്യം പൂർത്തിയാക്കിയ മാനേജ്മെന്റുകളുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത ജനാധിപത്യ സർക്കാരിന്റെ നിലപാട് (concern) എന്താണ്?
ഈ കണക്കുകൾ സത്യം പറയും
ഭിന്നശേഷി സംവരണത്തിൽ ആരാണ് കള്ളംപറയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ക്രൈസ്തവ മാനേജ്മെന്റുകൾ പറയുന്നത് അംഗീകരിക്കാത്ത വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ പരിശോധിക്കണം. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി ആന്റണി മൂലയിൽ, കോട്ടയം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതിയാകുന്നേൽ, പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോർജ് പുല്ലുകാലായിൽ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപ്പറന്പിൽ, വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ എന്നിവർ നൽകിയ കണക്കുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. സമാനമായ കണക്കുകളാണ് മറ്റു രൂപത കോർപറേറ്റുകൾക്കുമുള്ളത്.

(ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജരാണ് ലേഖകൻ)
Editorial
ഭിന്നശേഷി സംവരണ ഒഴിവുകൾ സർക്കാർ നികത്തില്ല, മറ്റ് അധ്യാപകരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. കെടുകാര്യസ്ഥത മറയ്ക്കാൻ നുണ പോരാഞ്ഞ്, ഇപ്പോൾ വർഗീയ കാർഡും! മതിയാക്കൂ, ഈ രാഷ്ട്രീയാഭ്യാസം.
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി.
ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.
അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം സംവരണം നടത്തിയില്ലെങ്കിൽ മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാരാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഇങ്ങനെ ഏകദേശം 16,000 അധ്യാപകർ ദിവസക്കൂലിക്കാരായി ആനുകൂല്യങ്ങളൊന്നുമില്ലാതെ നിൽക്കുകയാണ്.
ഒഴിവു നികത്താൻ സർക്കാർ അന്പേ പരാജയപ്പെട്ടതോടെ എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലെ വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, സർക്കാർ ഒഴിവു നികത്തില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നത്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം പ്രതിസന്ധിയല്ലെങ്കിലും വിഷയം ചൂണ്ടിക്കാണിച്ചതിനാൽ മന്ത്രിയുടെ കലി അവരോടായി. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുമുണ്ട്.
പക്ഷേ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. “മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ട. കോടതിവിധി അനുസരിക്കണം. എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകളുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. എല്‍ഡിഎഫിനെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവണ്മെന്റ് കീഴടങ്ങില്ല. പണ്ട് വിമോചനസമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കും”. ആദ്യപ്രസ്താവന നുണയായിരുന്നെങ്കിൽ ഇത്തവണ വർഗീയതകൂടി തിരുകിക്കയറ്റി. പക്ഷേ, വെറുതെ വർഗീയത പറഞ്ഞ് ആടിനെ പട്ടിയാക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ.
ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാരിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ആരാണ് മതവും ജാതിയും നോക്കി സർക്കാരിനെ വിരട്ടിയത്? ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്കൂളുകളിൽ മാത്രമാണോ ഈ വിഷയമുള്ളത്? ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിപ്പോയ 16,000 അധ്യാപകരും ക്രൈസ്തവരാണോ, അവർ പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു വിദ്യാർഥികളെല്ലാം ക്രൈസ്തവരാണോ? ഇതൊന്നുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് എന്തെങ്കിലും ജാതി-മത ധ്രുവീകരണമാണോ ലക്ഷ്യം?
എൽഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയതത്രേ! ക്രൈസ്തവ സഭകളുടേത് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റും 16,000 വരുന്ന അധ്യാപകരും അവരുടെ കുടുംബങ്ങളും ഈ അനീതിക്കെതിരേ പ്രതികരിക്കുന്നവരുമൊക്കെ എൽഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തുമായിരുന്നോ? അതോ എൽഡിഎഫിനെതിരേ നിലപാട് എടുത്താൽ, അധ്യാപകരെ ദ്രോഹിച്ചാണെങ്കിലും സമുദായത്തെ പാഠം പഠിപ്പിക്കുമെന്നാണോ? എങ്കിൽ തുറന്നുപറയണം.
പിന്നെയീ, ജനദ്രോഹസർക്കാരുകൾക്കെതിരേയുള്ള അവകാശസമരങ്ങളും വിമോചനസമരവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ലെന്നേയുള്ളൂ. അതുപോലെ, ഭിന്നശേഷി സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ നടപടിയെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കണക്കുകൾ പുറത്തു വരട്ടെ. ഈ സർക്കാർ നീതിയുടെ പക്ഷത്താണെങ്കിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിന്റെ പകുതിപോലും നികത്താനാകാതെ നുണപ്രചാരണവും വർഗീയാക്ഷേപവും നടത്തുന്നവർക്കെതിരേയും നടപടിയെടുക്കണം. അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ സർക്കാരിനുണ്ടാകുന്ന അധികച്ചെലവാണ് പ്രശ്നമെങ്കിൽ, അതിനുള്ള സാന്പത്തികഭദ്രതയില്ലെങ്കിൽ, മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ വിഷയം നീട്ടിക്കൊണ്ടു പോകാമെന്നാണെങ്കിൽ... അതു പറയണം.
ഭിന്നശേഷിക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിലാകട്ടെ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മികവിലാകട്ടെ ക്രൈസ്തവസഭകൾ തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. സ്വാശ്രയ വിഷയങ്ങളിലുൾപ്പെടെ ഏറെ ചെളിവാരിയെറിഞ്ഞിട്ടുള്ളതും സിപിഎമ്മാണ്. പക്ഷേ, നിയമസംവിധാനങ്ങളുള്ളതുകൊണ്ട് തകർക്കാനായിട്ടില്ല. മന്ത്രീ, അങ്ങയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇവിടത്തെ കലാലയങ്ങളിൽ ചെയ്യുന്ന അപനിർമിതിയാണ് നിങ്ങൾ വിദ്യാഭ്യാസമേഖലയോടു ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിംഗ്, ആൾക്കൂട്ട വിചാരണകൾ, മാർക്ക് തട്ടിപ്പ്, നേതാവിന്റെ സ്ത്രീവിരുദ്ധത, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ, അക്രമം, ഗുണ്ടായിസം... കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യുവാക്കൾ രക്ഷപ്പെടുകയാണ്. മറക്കരുത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയാഭ്യാസമാക്കരുത്.
ഇനിയും പറയും; ഭിന്നശേഷിക്കാരുടെ ഒഴിവു നികത്താനുള്ള കഴിവുകേടു മറച്ചുവച്ച് മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്നു പേടിച്ച്, കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയുമൊക്കെ കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത്?
Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Editorial
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്‍പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്‍പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.
Editorial
ഉത്തരക്കടലാസിൽ അഞ്ചു കളിനിയമങ്ങളെഴുതിയ അഹാൻ എന്ന മൂന്നാം ക്ലാസുകാരൻ വിജയികൾക്കായി ആറാമതൊന്നുകൂടി എഴുതിച്ചേർത്തിരിക്കുന്നു; “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”അഹങ്കാര-വിദ്വേഷ-യുദ്ധ വിരുദ്ധമായ അഹാന്റെ ആറാം നിയമം കുട്ടികൾക്കു മാത്രമുള്ളതല്ല.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു.
ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്.
തലശേരി ഒ. ചന്തുമേനോന്‍ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”
മാർക്കും കൈയടിയും വാങ്ങിയ ഉത്തരം, ചോദ്യക്കടലാസിൽനിന്നിറങ്ങി നവകേരളയാത്ര നടത്തുകയാണ്. ‘ജയിച്ചവർ തോറ്റവരെ കളിയക്കരുത്’ എന്ന് ഒരു ലിഖിതനിയമവും ലോകത്തില്ല. ഒരു ഭരണഘടനയും അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, അഹങ്കാരം വെടിയാനും അപരനെ ചേർത്തുനിർത്താനുമുള്ള ഈ സൂത്രവാക്യം നമ്മുടെ സംസ്കാരത്തെ പുതുക്കിപ്പണിയാനുള്ളതാണ്.
ഇനിമേൽ കളിയിലും ജീവിതത്തിലും തോറ്റവരെ, ജീവിതമത്സരങ്ങളിൽ പിന്നാക്കമായിപ്പോയവരെ, ദൗർബല്യങ്ങളുള്ളവരെ, കോടതികളിൽ തോറ്റവരെ, നിസഹായരെ, ന്യൂനപക്ഷങ്ങളെ, പാർശ്വവത്കരിക്കപ്പെട്ടവരെ, ദരിദ്രനെ, നഗ്നനെ... കളിയാക്കരുത്. അവരെ നമ്മുടെ വീട്ടിലോ പുറത്തോ തലകുനിപ്പിച്ചു നിർത്തരുത്.
ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശത്തിന്റെ വ്യാപ്തി കേരളത്തിൽ ഒതുങ്ങില്ല. യുദ്ധത്തിൽ വിജയിച്ചെന്ന് അവകാശപ്പെടുന്നവർ തോൽക്കുന്നവരെ കളിയാക്കും വിധം ശത്രുതാപരമായ ഉടന്പടികളിൽ ഒപ്പിടുവിക്കുന്നത് അടുത്ത യുദ്ധത്തിനു കാരണമാകാറുണ്ട്. ഒന്നാം ലോകയുദ്ധത്തിന്റെ സമാധാന ഉടന്പടിയായ വെർസയ് ഉടന്പടിയിലും ഇതിന്റെ മാതൃകയുണ്ട്.
പരാജിതരായ ജർമനിയെ നിരായുധീകരിക്കുക, സഖ്യകക്ഷികൾക്കു നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളിൽ പലതും ജർമൻകാരുടെ സാന്പത്തികത്തകർച്ച ഉറപ്പാക്കുന്നതും അപമാനിക്കുന്നതുമായിരുന്നു. ആ ഉടന്പടിയിലെ ജർമൻ വിരുദ്ധ നിബന്ധനകൾ രണ്ടാം ലോകയുദ്ധത്തിലേക്കു നയിക്കാൻ ഹിറ്റ്ലർ ഉപയോഗിക്കുകയും ചെയ്തു.
വിജയത്തിനൊടുവിൽ പരാജിതർക്കു കൈകൊടുത്തു പിരിയുന്ന കായികതാരങ്ങളെ നാം കാണാറുണ്ട്. മാതൃകാപരമാണത്. ശ്രദ്ധിക്കേണ്ട കാര്യം; വിജയിക്കുന്നവർ മാത്രമല്ല, വിജയികളുടെ അനുയായികളും തോൽക്കുന്നവരെ കളിയാക്കാറുണ്ട്. രാഷ്ട്രീയ-മത രംഗങ്ങളിൽ ഇത് അധികമായിട്ടുണ്ട്.
എതിരാളികളെ നേരിട്ടും സമൂഹമാധ്യമങ്ങളിലും വ്യക്തിഹത്യ ചെയ്യുന്നവർ, പരിഷ്കൃതസമൂഹം കൈവെടിയേണ്ടിയിരുന്ന ഒരു അപചയത്തെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയ പ്രതികരണത്തിന്റെയും വേഷംകെട്ടിച്ച് ജനാധിപത്യത്തിന്റെ കസേരയിട്ട് ഇരുത്തിയിട്ടുണ്ട്. അതെത്ര ദുർബലമായ വിജയാഘോഷമാണെന്ന് അഹാൻ എന്ന കുട്ടി ചൂണ്ടിക്കാട്ടുന്നു.
അഹാന്റെ ഉത്തരക്കടലാസിലെ ആദ്യത്തെ അഞ്ചു നിയമങ്ങളുടെ ചുരുക്കം, ആരോഗ്യകരമായ മത്സരത്തെ ഉറപ്പിക്കുന്നതാണ്. മത്സരത്തിൽ നാം തനിച്ചല്ലാത്തതിനാൽ പൊതുവായ ചിട്ടകൾ പാലിക്കുക, അടുത്തുള്ളയാളുടെ സ്ഥാനത്തേക്ക് അതിക്രമിച്ചു കയറാതിരിക്കുക, നിലത്തു വീണാൽ വീണ്ടും എഴുന്നേറ്റു നടക്കുക, നിബന്ധനകൾ ലംഘിക്കുന്നവർ മത്സരത്തിൽനിന്നു മാറുക.
സത്യത്തിൽ, കളി ജയിക്കുന്നതോടെ നിയമങ്ങൾ തീരുന്നതാണു പതിവ്. പിന്നെ വിജയിയുടെ ലോകമാണ്. പക്ഷേ, അവിടെയാണ് അഹാന്റെ ആറാം നിയമം വ്യത്യസ്തമാകുന്നത്. പരാജിതരെ ധൈര്യപ്പെടുത്തുന്നവർ വീണിടത്തുനിന്ന് എഴുന്നേൽക്കാന് കൈ കൊടുക്കുകയാണ്. ആ കൈ വിജയിയുടേതായാൽ പരാജിതൻ പുതിയൊരു മനുഷ്യനാകും. പുതിയൊരു ലോകം പിറക്കട്ടെ.
Leader Page
ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്കരിക്കുന്പോൾ - 2
പ്ലസ് ടു സയൻസ് പഠിക്കുന്ന വിദ്യാർഥി നിലവിൽ വലിയ പഠനഭാരം വഹിക്കുന്നുണ്ട്. അതിനിടയിൽ ഒരു വിഷയമായി സാമൂഹ്യശാസ്ത്ര പഠനം ചേർക്കുന്നത് സ്വീകാര്യമായെന്നു വരില്ല. എന്നാൽ, കോളജുകളിൽ ഇപ്പോൾ നടപ്പാക്കുന്ന ആഡ് ഓൺ കോഴ്സുകളെ മാതൃകയാക്കാം.
സയൻസ്, കൊമേഴ്സ് കുട്ടികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ മാനവിക വിഷയങ്ങൾ പഠിക്കാൻ അവസരം നൽകണം. സാമൂഹ്യപാഠ പഠനം ക്രെഡിറ്റായി ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. അതിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിയൻ സ്റ്റഡീസുമൊക്കെയുൾപ്പെടുത്തണം. പ്രധാനമായി പഠിപ്പിക്കേണ്ടത് പൗരബോധമാണ്. തന്റെ അവകാശങ്ങളെക്കുറിച്ചു മാത്രമാണ് ഇന്നത്തെ കുട്ടി ചിന്തിക്കുന്നത്. കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം.
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട മറ്റൊരു മേഖല കരിയർ ഗൈഡൻസ് ആണ്. കുട്ടിയെ അനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് നയിക്കാനുതകുന്ന വിഭവങ്ങൾ പാഠപുസ്തകത്തിലുണ്ടാകുക എന്നതാണ് പ്രധാനം. നിർഭാഗ്യവശാൽ നമ്മുടെ നിലവിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമൊന്നും സ്വന്തം കരിയർ കണ്ടെത്തുന്നതിന് കുട്ടിയെ അത്രയ്ക്കൊന്നും സഹായിക്കുന്നതല്ല. അതുകൊണ്ടുതന്നെ പുതിയ പാഠപുസ്തകം തയാറാക്കുമ്പോൾ കുട്ടിക്ക് തന്റെ തൊഴിൽമേഖല ഏതെന്നു തിരിച്ചറിയാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുംവിധമുള്ള ഉള്ളടക്കം ക്രമീകരിക്കേണ്ടിയിരിക്കുന്നു.
അഭിരുചിയും ശേഷിയും
പഠനകാലത്തുതന്നെ തൊഴിലുമായി ബന്ധപ്പെട്ട് കുട്ടിയിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനൊപ്പം തന്നെ അഭിരുചിയും തിരിച്ചറിയണം. ഒരാൾ സ്വന്തം തൊഴിൽ മേഖലയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നെങ്കിൽ അതിനർഥം അതയാളുടെ അഭിരുചിക്കിണങ്ങിയ തൊഴിലാണ് എന്നതാണ്. എന്നിരുന്നാലും ഇന്നത്തെ കാലത്ത് പല കുട്ടികളും ഓരോ കോഴ്സിനു ചേരുന്നതുതന്നെ മറ്റു പലരും പോയ വഴിയാണെന്നതു കൊണ്ടു മാത്രമാണ്. ഇതുപോലെ പ്രധാനപ്പെട്ടതാണ് ശേഷീവികാസം. സ്വന്തം തൊഴിൽ മേഖലയിൽ ശേഷി വികസിപ്പിക്കാതെ ആർക്കും വിജയം കൈവരിക്കാനാകില്ല. ഉദാഹരണമായി, കേവലമൊരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആണെങ്കിൽ പോലും അയാളുടെ ടൈപ്പ്റൈറ്റിംഗ് സ്പീഡും കൃത്യതയുമൊക്കെയാണ് ജോലിസ്ഥിരതയിലേക്ക് നയിക്കുക. അതായത്, പഠനകാലത്തുതന്നെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനൊപ്പംതന്നെ കുട്ടിക്ക് സ്വന്തം അഭിരുചിയും ശേഷിയുമൊക്കെ പരിപോഷിപ്പിക്കാനുതകും വിധമുള്ള പുസ്തകപരിഷ്കരണമാണ് അനിവാര്യമാകുന്നത്.
റീസണിംഗ്, മെന്റൽ എബിലിറ്റി
നിലവിലെ പാഠപുസ്തക ശൈലിയിലും മാറ്റം വരുത്താവുന്നതാണ്. നിലവിലുള്ള പദ്യ, ഗദ്യ, ചോദ്യോത്തര രീതികളൊക്കെ തുടരുന്നതിനൊപ്പം കുട്ടിയുടെ തൊഴിൽ താത്പര്യങ്ങൾ കണ്ടെത്താനുതകുന്ന റീസണിംഗ്, മെന്റൽ എബിലിറ്റി തുടങ്ങിയ മാനസിക കരുത്തും ക്ഷമയും പരീക്ഷിക്കുന്ന ഭാഗങ്ങളും പാഠപുസ്തകത്തിൽ ചേർക്കാവുന്നതാണ്.
ഇത്തരത്തിൽ ചിത്രങ്ങളും ബിംബങ്ങളും ചിഹ്നങ്ങളുമൊക്കെ ചേർത്തുണ്ടാക്കുന്ന ചോദ്യങ്ങൾ പരിശീലിക്കുക വഴി കുട്ടിക്ക് സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ഭാവിയിൽ നേരിടേണ്ടിവരുന്ന മത്സരപരീക്ഷകൾക്കുള്ള മുന്നൊരുക്കവുമാണത്.
എത്രയോ മനുഷ്യരാണ് തെറ്റായ പഠനവഴികളിലൂടെ സഞ്ചരിച്ച് അതൃപ്തിയോടെ തങ്ങളുടെ തൊഴിൽ മേഖലകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നത്. പഠിച്ച അറിവും നേടിയെടുത്ത ശേഷികളും ശരിയായ വിധത്തിൽ പ്രയോഗിക്കാനാവാതെ അസംതൃപ്തരായി കഴിയുന്നതിനു പിന്നിലുള്ള കാരണം സ്കൂൾ പഠനകാലത്ത് ശരിയായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നതാണ്. അതുകൊണ്ടുതന്നെ സ്കൂളുകളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ നടപ്പാക്കിവരുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ ഹൈസ്കൂൾ തലത്തിൽ, പ്രത്യേകിച്ച് പത്താം തരത്തിൽ നൽകിയാൽ പല കുട്ടികളുടെയും തെറ്റായ ഹയർ സെക്കൻഡറി വിഷയ തെരെഞ്ഞെടുപ്പിന് ഒരു പരിഹാരമായേക്കും.
പാഠപുസ്തകവും ഉള്ളടക്കവും
പാഠപുസ്തക പരിഷ്കരണം നടപ്പാക്കുന്ന സമയത്ത് ഉള്ളടക്കമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കുട്ടികളെ എന്തു പഠിപ്പിക്കണമെന്നതു സംബന്ധിച്ച് വിവിധ നയങ്ങളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമൊക്കെ പാലിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും സമൂഹത്തിൽ വ്യത്യസ്തമായും അപൂർവമായും സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കണം. പ്രവർത്തനാധിഷ്ഠിതവും ഐടി അധിഷ്ഠിതവുമായ ക്ലാസ് മുറികൾ നിലവിൽ വന്നതിൽപ്പിന്നെ കുട്ടികളും അധ്യാപകരും തിരക്കിലാണ്. അതു പക്ഷേ, കുറച്ചുകൂടി ക്രിയാത്മകമായി മാറേണ്ടിയിരിക്കുന്നു.
വിവിധ മേഖലകളിലെ നയരൂപീകരണങ്ങളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. കാർഷിക നയത്തിൽ തുടങ്ങി കാലാവസ്ഥ, ആരോഗ്യം, സാമ്പത്തികം, വിദേശനയം, ദുരന്തനിവാരണം എന്നിങ്ങനെ വിവരങ്ങളുടെ വിശകലനംവരെ പോളിസി തലത്തിൽ സാധ്യതയുള്ള വിഷയങ്ങളാണ്. പല വികസിത രാജ്യങ്ങളിലും വികസനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതിയിൽ എൻജിനിയർ, ഉദ്യോഗസ്ഥർ തുടങ്ങി വിഷയവുമായി നേരിട്ടു ബന്ധമുള്ളവരെ കൂടാതെ, നിർബന്ധമായും സോഷ്യോളജിസ്റ്റിനും സ്ഥാനമുണ്ട്. അവിടെ ചെലവഴിക്കുന്ന പണംകൊണ്ട് എന്തൊക്കെ ഗുണവശങ്ങളുണ്ടെന്നു പഠിക്കുന്നതിനൊപ്പം പദ്ധതി നാട്ടലുള്ളവർക്ക് പ്രയോജനകരമാണോയെന്നും കുറഞ്ഞത് ഒരു തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമോയെന്നും പഠിക്കാതെ ഒരു പ്രോജക്ടും നടപ്പാക്കിക്കൂടാ എന്നതിനാലാണിത്. നമ്മുടെ നാട്ടിലെ പല പദ്ധതികളും പൂർത്തിയാക്കാനാകാതെ തുരുമ്പിച്ചു കിടക്കുന്നതു കാണുമ്പോഴാണ് നമ്മുടെ നാട്ടിലും സോഷ്യോളജിസ്റ്റുകളുടെ സേവനം അനിവാര്യമാണെന്നു തിരിച്ചറിയേണ്ടത്.
(അവസാനിച്ചു)
(രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ലേഖകൻ)
Leader Page
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ജനകീയ ചർച്ച നടത്തിവരുന്ന കാലമാണിത്. മാറിയ സാമൂഹ്യ സാഹചര്യത്തിൽ കുട്ടികളുടെ അഭിപ്രായവും കണക്കിലെടുത്തു പാഠപുസ്തക പരിഷ്കരണം നടത്താമെന്നതും സ്വാഗതാർഹമാണ്. നിർഭാഗ്യവശാൽ പലരും പഠനത്തെ സമീപിക്കുന്നത് തൊഴിൽസാധ്യത മാത്രം മുൻനിർത്തിയാണ്. അതുകൊണ്ടുതന്നെ ചില വിഷയങ്ങൾക്ക് വളരെയധികം ആവശ്യക്കാരുണ്ടാകുന്നു. മറ്റു ചില വിഷയങ്ങൾ പഠിക്കാൻ കുട്ടികൾ തീരെ താത്പര്യം കാണിക്കുന്നുമില്ല. ഇങ്ങനെ ഏറ്റവും സമർഥരുൾപ്പെടെ ചില പ്രത്യേക കോഴ്സുകളിലേക്കു മാത്രം ലക്ഷ്യമിടുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്.
സയൻസ് കമ്പം
ഹയർ സെക്കൻഡറി അഡ്മിഷൻ തേടുന്ന ഭൂരിഭാഗം കുട്ടികളും സയൻസ് മാത്രമാണ് ലക്ഷ്യമിടുന്നത്. സയൻസല്ലാതെ പഠിച്ചിട്ടെന്തു പ്രയോജനമെന്നാണവരുടെ ചോദ്യം. എന്നിരുന്നാലും പ്ലസ് ടുവിന് സയൻസിൽ ചേർന്നു പഠിച്ചിറങ്ങിയ കുട്ടികളിൽ പലരും വേണ്ടത്ര മാർക്ക് നേടാൻ കഴിയാതെ ആഗ്രഹിച്ച തലങ്ങളിലെത്തിച്ചേരുന്നില്ലെന്നത് ആരും ശ്രദ്ധിക്കുന്നില്ല. ഏറ്റവും മിടുക്കരായവരുൾപ്പെടെ പലരും നഴ്സിംഗാണ് സുരക്ഷിതമായി കാണുന്നത്. നഴ്സായിക്കഴിഞ്ഞാൽ നാടുവിടാമെന്നും സുന്ദര-സുരഭില ജീവിതം സാധ്യമാണെന്നും ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതുകൊണ്ടു മാത്രം സയൻസിന് അഡ്മിഷൻ കിട്ടാതെവരുന്നത് കടുത്ത നിരാശയിലേക്കു കുട്ടികളെയും മാതാപിതാക്കളെയും നയിക്കുന്ന സന്ദർഭങ്ങൾ ധാരാളമായി കാണുന്നു.
ഇനി സയൻസിൽ ചേർന്നാലോ? കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് പ്ലസ് ടു ക്ലാസുകളിൽ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട്. ശരാശരിക്കാരായ കുട്ടികൾ ശരിക്കും വെള്ളം കുടിക്കുന്ന ഘട്ടം. അവരിൽ പലരും ഹ്യുമാനിറ്റീസിലോ കൊമേഴ്സിലോ ചേർന്നിരുന്നെങ്കിൽ മികച്ച രീതിയിൽ പ്ലസ്ടു പൂർത്തീകരിക്കാമായിരുന്നു. ഇങ്ങനെ ശരാശരിക്കാരായി പ്ലസ് ടു പൂർത്തിയാക്കേണ്ടിവരുന്നത് പല കുട്ടികളുടെയും പഠനാവേശം തളർത്താൻ ഇടയാക്കുന്നുണ്ട്.
ഡോക്ടർ, എൻജിനിയർ, നഴ്സ് എന്നിങ്ങനെ വ്യക്തമായ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന വിദ്യാർഥി സയൻസ് പഠിക്കുന്നതാണ് ഉചിതം. രണ്ടു കൊല്ലത്തെ പഠനത്തിനു ശേഷം തീരുമാനിക്കാമെന്നു കരുതുന്ന കുട്ടികളോ, സയൻസ് പഠിച്ചാൽ മാത്രമാണ് പ്രയോജനം എന്ന കരുതുന്നവരോ, സയൻസ് പഠിക്കുന്നതിൽ മാത്രമാണ് അന്തസ് എന്നു വിചാരിക്കുന്നവരോ പ്ലസ് ടുവിന് സയൻസ് എടുത്താൽ അവരുടെ ഭാവി തുലാസിലാകാൻ സാധ്യത ഏറെയാണ്.
പിഎസ്സിയും സയൻസും
സർക്കാർ ജോലി ലക്ഷ്യമിടുന്ന കുട്ടി എന്തിനാണ് മല്ലിട്ട് സയൻസ് പഠിക്കുന്നത്? ഫോറൻസിക് മേഖല പോലുള്ള അപൂർവം ചില തൊഴിലുകളിൽ മാത്രമാണ് കേരള പിഎസ്സി സയൻസ് ബിരുദധാരികളെ തേടുന്നത്. ബാക്കിയുള്ള ഭൂരിഭാഗം തൊഴിലുകൾക്കും പ്ലസ് ടു, ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി എന്നീ യോഗ്യതകളാണ് ആവശ്യപ്പെടുന്നത്. ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ്, പോലീസ് തുടങ്ങി ഒട്ടുമിക്ക ജോലികൾക്കും മാനവിക വിഷയത്തിലുള്ള (ഹ്യുമാനിറ്റീസ്) പരിജ്ഞാനം മതിയാകും. അതായത്, നമ്മുടെ സർക്കാർ ജോലികളിലധികവും തൊഴിൽ നേടിയ ശേഷം ആർജിച്ചെടുക്കുന്ന അറിവുകളും കഴിവുകളും ശേഷികളുമൊക്കെയാണ് പ്രയോജനപ്പെടുത്തുന്നത്. പലപ്പോഴും ഉദ്യോഗാർഥി പഠിച്ച വിഷയത്തിലെ അറിവുകളൊന്നും പിന്നീട് ആവശ്യമായി വരുന്നില്ലെന്നതാണു വസ്തുത. അത് ജോലി നേടിയെടുക്കാനുള്ള അടിസ്ഥാന യോഗ്യത മാത്രമാണ്.
വിദ്യാഭ്യാസവകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാളുടെ പഠനവിഷയം ഏതായാലും അയാളുടെ സർവീസ് കാലത്ത് അറിഞ്ഞിരിക്കേണ്ടതും പഠിച്ചെടുക്കേണ്ടതും കേരള സർവീസ് ചട്ടങ്ങളും കേരള വിദ്യാഭ്യാസ ചട്ടങ്ങളുമൊക്കെയാണ്. ഇതുപോലെതന്നെയാണ് പോലീസിലും വില്ലേജ് ഓഫീസിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിലുമെല്ലാം. ജോലി നേടാൻ സ്വന്തം വിഷയത്തിലെ പരിജ്ഞാനം മാത്രം പോരാ, സമഗ്രമായ അറിവുണ്ടാകണമെന്നാതാണ് അവസ്ഥ. എങ്കിൽ മാത്രമേ പിഎസ്സിയുടെ ഒന്നേകാൽ മണിക്കൂർ പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയൂ. ഈ പരീക്ഷയിൽ കാണുന്ന പൊതുവിജ്ഞാനം, സാമൂഹ്യശാസ്ത്ര ക്ലാസുകളിൽനിന്നാണ് കൂടുതലായി കിട്ടുന്നത്.
രക്ഷിതാക്കൾ തിരിച്ചറിയേണ്ടത്, എല്ലാ വിഷയങ്ങൾക്കും അതിന്റേതായ പ്രാധാന്യവും സാധ്യതയുമുണ്ടെന്നതാണ്. കുട്ടിയുടെ ശേഷിയും താത്പര്യവും അഭിരുചിയുമാണ് തിരിച്ചറിയേണ്ടത്. അതിനനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാൻ കഴിഞ്ഞാൽ മിക്ക കുട്ടികളും മികച്ചവരായിത്തീരും. അല്ലാതെ, സയൻസ് പഠിച്ചു എന്നതുകൊണ്ടു മാത്രം കുട്ടിയുടെയും ഭാവി സുരക്ഷിതമാകുന്നില്ല.
കുടിയേറ്റ ഭ്രമം
പ്ലസ് ടു കഴിയുമ്പോൾ പഠനത്തിനോ ജോലിക്കായോ നാടുവിടുന്ന പ്രവണതയും പാഠപുസ്തക പരിഷ്കരണം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇന്നാട്ടിൽ നിന്നിട്ടെന്തു കാര്യം എന്ന ചോദ്യത്തിനുത്തരമാണ് ഉണ്ടാകേണ്ടത്. ഇവിടെ പഠിച്ചിറങ്ങുന്ന മുഴുവൻ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇവിടെത്തന്നെ ജോലി നൽകാനാവുന്നില്ല. കെമിസ്ട്രി പഠിച്ചവർക്ക് തൊഴിൽ ലഭിക്കാനുതകുംവിധമുള്ള ഫാക്ടറികളോ വ്യവസായശാലകളോ ഇല്ല. വിവിധ എൻജിനിയറിംഗ് ശാഖകളിൽ പഠിച്ചിറങ്ങിയവർക്കും തൊഴിൽ നൽകാൻ വേണ്ടത്ര സംരംഭങ്ങളില്ല. കണക്കും ഫിസിക്സും പഠിച്ചവരുടെ കാര്യവും ഇങ്ങനെതന്നെ. ഈ അവസ്ഥയിൽ കുടിയേറ്റംതന്നെയാണ് പരിഹാരം. തൊഴിൽ തേടി അന്യനാടുകളിലേക്കു പോകുന്ന നമ്മുടെ കുട്ടികൾക്കും ഉതകുന്ന രീതിയിലാകണം പാഠപുസ്തകം. അതിന് കുറേക്കൂടി വിശാലമായതും തുറവിയുള്ളതുമായ സമീപനംകൂടി രൂപപ്പെടുത്തേണ്ടതുണ്ട്.
സംരംഭക സാധ്യതയും മനുഷ്യ വിഭവശേഷിയുമൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. അതിനാദ്യം നമ്മുടെ തൊഴിൽ സംസ്കാരമാണ് മാറേണ്ടത്. എന്തു ജോലി ചെയ്താലും മാന്യത കുറവില്ലെന്ന് കുട്ടികളെ പഠിപ്പിക്കണം. നാട്ടിൽനിന്നു വിട്ടാൽ എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികൾ. പഠിക്കുന്ന കാലത്തുതന്നെ പാർട്ട് ടൈം ജോലി ചെയ്യാനും ചെറിയ വരുമാനം നേടാനും അവരെ പരിശീലിപ്പിക്കണം; അതിനുള്ള സാധ്യത ഒരുക്കണം. ബാലനീതി അവകാശത്തിന്റെ പേരു പറഞ്ഞ് വീട്ടിൽപോലും ജോലിയൊന്നും ചെയ്യാതെ വളരുന്ന കുട്ടിക്ക് തൊഴിലിനെക്കുറിച്ച് എന്തു മൂല്യമാണുണ്ടാവുക? ചെറിയ വരുമാനം കൂട്ടിവച്ചാൽ വലിയ ലക്ഷ്യങ്ങൾ നേടാമെന്ന തിരിച്ചറിവും പാഠപുസ്തക പഠനങ്ങളിൽ ഉൾച്ചേർക്കണം.
മാനവിക വിഷയങ്ങളുടെ പ്രസക്തി
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിൽ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാനവിക വിഷയങ്ങളുടെ പങ്ക്. നിലവിലെ സമ്പ്രദായത്തിൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടി ഭാഷ, സയൻസ്, സാമൂഹ്യശാസ്ത്രം തുടങ്ങി ഏതാണ്ടെല്ലാ വിഷയങ്ങളും പഠിക്കുന്നുണ്ട്. ഹയർ സെക്കൻഡറിയിലേക്കു വരുമ്പോഴാകട്ടെ, വിഷയാധിഷ്ഠിത പഠനക്രമത്തിലേക്കു മാറുന്നു. അതായത്, സയൻസ് പഠിക്കുന്ന കുട്ടി സാമൂഹ്യശാസ്ത്രം പഠിക്കുന്നില്ല; നേരെ തിരിച്ചും! ഇത് വലിയ പോരായ്മ സൃഷ്ടിക്കുന്നുണ്ട്.
പത്തുവരെ സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയാണെന്നും ഇനി സയൻസ് മാത്രം പഠിച്ചാൽ മതിയെന്നും ചിന്തിക്കുന്നതിന്റെ ഫലമായി ഉരുത്തിരിയുന്നത് ദേശസ്നേഹമില്ലാത്ത, പൗരബോധമില്ലാത്ത, രാഷ്ട്രീയാവബോധമില്ലാത്ത, ധാർമികതയില്ലാത്ത ഒരു തലമുറയാണോ എന്നു സന്ദേഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈയൊരാശയം മുൻനിർത്തി വേണം "ഭരണഘനയെക്കുറിച്ചു പഠിക്കാൻ അവസരം ലഭിക്കണം' എന്ന പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചയിൽ ഉയർന്നുവന്ന നിർദേശത്തെ വിലയിരുത്തേണ്ടത്. ഹയർ സെക്കൻഡറി ഹ്യുമാനിറ്റീസ് (സാമൂഹ്യശാസ്ത്ര) വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട പാഠങ്ങളല്ല അവയൊന്നും. മറിച്ച്, സയൻസ് ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ കുട്ടികളും മാനവിക ചിന്തയുള്ളവരായി വളരണം.
ഇന്നത്തെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അരാഷ്ട്രീയവാദവും അസഹിഷ്ണുതയും പൗരബോധമില്ലായ്മയും കണ്ടില്ലെന്നു നടിക്കരുത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചോ അതിന്റെ മൂല്യത്തെക്കുറിച്ചോ എത്ര കുട്ടികൾക്കറിയാം? ഇന്ത്യൻ ജനാധിപത്യവും ദേശീയതയും നേരിടുന്ന വെല്ലുവിളികളെന്തെന്നും പരിഹാരമെന്തെന്നും എത്ര യുവാക്കൾ ചിന്തിക്കുന്നുണ്ട്? അതുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്രാവബോധം പ്ലസ് ടു തലത്തിൽ എല്ലാ ക്ലാസിലും ഉറപ്പുവരുത്താൻ കാലമായിരിക്കുന്നു.
(തുടരും)
Editorial
സർക്കാർ ആരെയാണു കാത്തിരിക്കുന്നത്? എന്തിനാണീ ദുരൂഹതയും അനാവശ്യ വാശിയും? കോടതി ഉത്തരവുകളുടെ ‘സ്പിരിറ്റ്’ ഉൾക്കൊള്ളാൻ ഇത്ര വിമ്മിഷ്ടമെന്തിന്?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്.
പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല!
നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം.
ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ കുറ്റം പറയാനാകും? ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ ആർക്കും എതിർപ്പില്ല. മുൻകാലപ്രാബല്യം, ഒഴിവുകൾ കണക്കാക്കുന്ന രീതി, കുരുക്കു മുറുക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നയപരമായ ചില തീരുമാനങ്ങൾ എന്നിവയോടാണ് എതിർപ്പ്.
ആ എതിർപ്പുതന്നെ നിയമനാംഗീകാര വിഷയത്തിൽ കുടുങ്ങി സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾതന്നെ താളംതെറ്റുന്നതിനെച്ചൊല്ലിയാണ്. കുരുക്കുകളഴിക്കുന്നതാണു ഭരണ വൈദഗ്ധ്യം. പ്രശ്നങ്ങളുടെ എല്ലാ വശവും പരിഗണിച്ച്, അതു മൂലം കഷ്ടത അനുഭവിക്കുന്നവരോട് അനുഭാവം പുലർത്തി പരിഹാരവും തീരുമാനവും കണ്ടെത്തുന്നതാണു ജനാധിപത്യരീതി.
ശരിയായ സമയത്ത്, ശരിയായ തീരുമാനങ്ങളെടുക്കാൻ സർക്കാരിനെ സഹായിക്കാനാണ് കോടതികളും ഭരണയന്ത്രവും. കോടതിവിധികളുടെ വ്യാഖ്യാനം സങ്കുചിത ചിന്തകളില്ലാതെയാകണം. ഇവിടെയെന്താണു സംഭവിച്ചത്? ഭിന്നശേഷി സംവരണ പ്രശ്നത്തിൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതി വരെ പോയി. അനുകൂല വിധി സന്പാദിച്ചു.
ഭിന്നശേഷി തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു സർക്കാർ ഉത്തരവുമിറങ്ങി. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതേ വിധി ബാധകമാക്കാമെന്ന് കോടതി പരാമർശിച്ചതുമാണ്.
അതനുസരിച്ച്, കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾസ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുള്ളതിനാൽ നാലുമാസത്തിനകം സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒടുവിൽ ഈ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എൻഎസ്എസ് മാനേജ്മെന്റ് ഒഴികെയുള്ളവർക്ക് പഴയ സ്ഥിതി തുടരുമെന്ന് സർക്കാർ ഉത്തരവുമിറക്കി.
അങ്ങനെ, 2018 മുതൽ നിയമനം നേടിയവരുടെ അംഗീകാരം അനിശ്ചിതമായി ത്രിശങ്കുവിൽത്തന്നെ. ഭിന്നശേഷി സംവരണമനുസരിച്ചുള്ള നിയമനം എപ്പോൾ പൂർത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനുശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നല്‍കൂ എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇനി മാനേജ്മെന്റുകൾക്ക് വേണമെങ്കിൽ ഒറ്റയ്ക്കോ കൂട്ടായോ സുപ്രീംകോടതി വിധി സന്പാദിച്ചാൽ ചിലപ്പോൾ അംഗീകാരം ലഭിക്കുമായിരിക്കും.
ഒരു മാനേജർ നിയമനം നടത്തിയാൽ അതിൽ അംഗീകാരം കിട്ടണമെങ്കിൽ നാലഞ്ചുവർഷം വേണ്ടിവരുന്ന അവസ്ഥയാണ്. വിദ്യാഭ്യാസവകുപ്പാകട്ടെ അംഗീകാരം പരമാവധി വൈകിക്കാനാണു നോക്കുന്നതെന്നും മാനേജർമാർ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാര്യത്തിലാണെങ്കിൽ, വേണ്ടത്ര ഭിന്നശേഷിക്കാരില്ലാതെ കാത്തിരിക്കുന്ന മാനേജ്മെന്റുകളുമുണ്ട്.
എൻഎസ്എസ് നല്കിയ ഹർജിയിൽ ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നല്കാൻ എതിർപ്പില്ലെന്നു കോടതിയെ അറിയിച്ച അതേ സർക്കാർ തന്നെയാണ് പിന്നീട് നിർദയം കാലുമാറിയത്. നിരവധി വർഷങ്ങൾ നീണ്ട സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളിലൂടെയാണ് എയ്ഡഡ് വിദ്യാലയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സുപ്രധാന ഭാഗമായി മാറിയത്.
1817ൽ തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതിഭായി “പള്ളിക്കൂടങ്ങൾ സർക്കാർ ചെലവിൽ നടത്തണം” എന്ന് ഉത്തരവിറക്കിയിരുന്നു. ഈ നിലപാട് എയ്ഡഡ് സ്കൂൾ സംവിധാനത്തിന് അടിത്തറയായി. ജനകീയ വിദ്യാലയങ്ങൾക്കു സർക്കാർ സഹായം നൽകുന്നത് ഒരു നയമായി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ ഭാരം പങ്കുവയ്ക്കുന്നതിൽ ഈ വിദ്യാലയങ്ങൾ വഹിക്കുന്ന വിലപ്പെട്ട പങ്ക് ആർക്കും മറച്ചുപിടിക്കാനാകില്ല.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ള എയ്ഡഡ് മേഖല മികവിന്റെ കേന്ദ്രങ്ങളാണെന്നതും തർക്കവിഷയമല്ല.അടുത്ത നിയമസഭാ തെരഞ്ഞെെടുപ്പിലേക്ക് ഇനി മാസങ്ങളേയുള്ളൂ. മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇലക്ഷനു വേണ്ടി കരുതിവച്ച ആയുധമാണോ ഇതൊക്കെ? അങ്ങനെയെങ്കിൽ ഹാ, കഷ്ടം! അധികാരരാഷ്ട്രീയത്തിനുവേണ്ടി ബലി കഴിക്കാനുള്ളതാണോ പിടയുന്ന ജീവിതങ്ങളും കേരളത്തിലെ വിദ്യാഭ്യാസരംഗവും?
Editorial
കോടതി പറഞ്ഞിട്ടും ഭാര്യയുടെ ശന്പളക്കുടിശിക കിട്ടാതെ വന്നതോടെയാണ് റാന്നിക്കാരൻ ഷിജോ ജീവനൊടുക്കിയത്. ഓരോ ജീവിതമായിരുന്ന ഫയലുകളൊക്കെ ഓരോ ശവപ്പെട്ടിയായി മാറുകയാണ് കേട്ടോ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ദിശാബോധം കൊടുക്കുന്നതിനൊപ്പം സർക്കാർ ചെയ്യേണ്ടത് ക്രൂരതയിൽ ആനന്ദിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ്. ഇത്തരം സാഡിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഷിജോ ഇന്നു ജീവനോടെയുണ്ടാകുമായിരുന്നു. കോടതിയുത്തരവും മന്ത്രിയുടെ നിർദേശവും ഉണ്ടായിട്ടുപോലും അധ്യാപികയായ ഭാര്യയുടെ ശന്പളക്കുടിശിക കിട്ടാതെ വന്നതോടെയാണ് സാന്പത്തികക്കുരുക്കിൽ അദ്ദേഹം കഴുത്തുവച്ചത്. മുഖം രക്ഷിക്കാനുള്ള സസ്പെൻഷൻ തന്ത്രമല്ല, കുറ്റവാളികളാണെങ്കിൽ ഉദ്യോഗസ്ഥരെ അഴിയെണ്ണിക്കാനുള്ള ഇച്ഛാശക്തിയാണു സർക്കാരിനു വേണ്ടത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥഭരണത്തിൽ പ്രതീക്ഷയ്ക്കു വകയില്ലെന്നു തോന്നിയപ്പോഴാണ് റാന്നി അത്തിക്കയം സ്വദേശി വി.ടി. ഷിജോ ഞായറാഴ്ച രാത്രി വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്തേക്ക് അവസാനയാത്ര നടത്തിയത്. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ ഭാര്യ അധ്യാപികയായ ലേഖയുടെ ശമ്പളത്തിനുവേണ്ടി ഏറെ നിയമയുദ്ധം നടത്തിയ ഷിജോ ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. അതിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചലിപ്പിക്കാനായില്ല.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍നിന്നു തുടര്‍നടപടിയുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം ലഭിച്ചു. 13 വര്‍ഷമായി ലഭിക്കേണ്ട ശമ്പളത്തിന്റെ ബില്ല് എഴുതി സമര്‍പ്പിച്ചിട്ട് ഏഴു മാസം പിന്നിട്ടെങ്കിലും പാസാക്കിയില്ല. കൃഷിവകുപ്പിനു കീഴിലുള്ള വിഎഫ്പിസികെയില്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ഷിജോയുടെ ശമ്പളവും രണ്ടു മാസത്തെ കുടിശികയുണ്ട്. മകന്റെ എന്‍ജിനിയറിംഗ് പഠനവുമായി ബന്ധപ്പെട്ട് പണം ആവശ്യമായി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. സഹികെട്ട് അദ്ദേഹം ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു.
2012ല്‍ ഒരു അധ്യാപകന് ജോലി രാജിവച്ചതിനെത്തുടര്‍ന്നാണ് ഭാര്യ ലേഖ യുപി വിഭാഗം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. രാജിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ മാനേജ്മെന്റുമായി ഉണ്ടായപ്പോള്‍ ലേഖയുടെ തസ്തിക അംഗീകരിച്ചുനല്‍കാന്‍ വിദ്യാഭ്യാസ വകുപ്പു തയാറായില്ല. ശമ്പള ബില്ലുകള്‍ ഇതോടെ നിയമക്കുരുക്കിലായി. കോടതിയുടെ കര്‍ശനമായ ഇടപെടലിനെത്തുടര്‍ന്ന് നിയമനാംഗീകാരം നല്‍കിയെങ്കിലും 2012 ജൂലൈ മുതലുള്ള ശമ്പളക്കുടിശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. കോടതി കനിഞ്ഞാലും ഉദ്യോഗസ്ഥർ കനിയുന്നില്ലെങ്കിൽ സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഈ നിഷ്ക്രിയത്വം അനുവദിച്ചുകൊടുക്കുന്നതു ഭരണകൂടമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനൊടുക്കിയ കോഴിക്കോട്ടെ അലീനയുടെ കാര്യവും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. അലീനയുടെ നിയമനാംഗീകാരം വൈകാനിടയാക്കിയ സാഹചര്യങ്ങളും എത്തിച്ചേർന്നത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കായിരുന്നു. അതേസമയം, എല്ലാക്കാര്യത്തിലും ഈ മെല്ലെപ്പോക്കില്ല. ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി കോഴിക്കോട് സ്വദേശിയായ ഒരു മതമൗലികവാദി കത്തയച്ചപ്പോൾ ഉടനടി ക്രൈസ്തവ അധ്യാപകരുടെ വിവരശേഖരണത്തിന് ഉത്തരവിട്ടതും അതേയാൾ വീണ്ടും കത്തയച്ചപ്പോൾ വീണ്ടും ഉത്തരവിറക്കിയതുമൊക്കെ മാസങ്ങൾക്കു മുന്‍പാണ്. അന്നുമുണ്ടായി പൊതുവിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ.
ചെയ്യേണ്ടതൊന്നും ചെയ്യാത്തവർ ചെയ്യേണ്ടാത്തതെല്ലാം ചെയ്യുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ഷിജോയിലേക്കു തിരിച്ചുവരാം. അയാളിനി ഒരുത്തന്റെയും കാലുപിടിക്കാൻ വരില്ല. പക്ഷേ കാര്യങ്ങൾ ഉഷാറാകും. സസ്പെൻഷൻ, അന്വേഷണം, കുടിശിക തീർപ്പാക്കൽ, ഭർതൃവിയോഗത്തിൽ ജീവച്ഛവമായ ആ അമ്മയുടെ അക്കൗണ്ടിലേക്ക് പണം... പക്ഷേ, ആ കുടുംബത്തിന്റെ വെളിച്ചം തല്ലിക്കെടുത്തിയില്ലേ? പതിവനുസരിച്ചാണെങ്കിൽ ഉത്തരവാദികൾ സസ്പെൻഷൻ കാലത്തെ ശന്പളത്തോടെ തിരിച്ചുകയറും.
ഓരോ ജീവിതമായിരുന്ന ഫയലുകളൊക്കെ ഓരോ ശവപ്പെട്ടിയായി മാറുകയാണ് കേട്ടോ. ആത്മഹത്യയുടെ വക്കിലുള്ള പലരുടെയും പേരെഴുതിയ ഫയലുകളിൽ ചവിട്ടിപ്പിടിച്ചിരിക്കുന്നത് അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരാണ്. ബന്ധപ്പെട്ട മന്ത്രിമാർ വിചാരിച്ചാൽ ഓരോ വകുപ്പിലെയും ജനദ്രോഹികളെ കണ്ടെത്താൻ 24 മണിക്കൂർ മതി. ആ വേട്ടക്കാരുടെ കൊടിയിലേക്കു നോക്കാതെ ഇരകളുടെ ദൈന്യതയാർന്ന മുഖത്തേക്കു നോക്കൂ! നവകേരളമൊക്കെ അവിടെ നിൽക്കട്ടെ, പണിയെടുത്തവർക്കു കൂലി കൊടുക്ക്.
Leader Page
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച്ചെടുക്കുന്ന വൈജ്ഞാനിക ഔന്നത്യമുള്ള ബൃഹത്തായ സ്ഥാപനങ്ങളുള്ള നാടായി കോട്ടയം പാർലമെന്റ് മണ്ഡലം മാറണമെന്ന കാഴ്ചപ്പാടാണ് സയൻസ് സിറ്റിയും ട്രിപ്പിൾ ഐടിയുമടക്കമുള്ള സ്ഥാപനങ്ങൾ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കു നയിച്ചത്.
നാലോ അഞ്ചോ ഏക്കർ സ്ഥലം ഉണ്ടെങ്കിൽ രാജ്യാന്തര നിലവാരമുള്ള സയൻ സിറ്റി എന്ന ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തെ കോട്ടയം മണ്ഡലത്തിലേക്കു കൊണ്ടുവരാമെന്നായിരുന്നു പ്രാരംഭ കണക്കുകൂട്ടൽ. സയൻ സിറ്റിയെക്കുറിച്ചു പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സയൻസ് സിറ്റിയായ കോൽക്കത്തയിലെത്തി ഡയറക്ടർ ജനറലുമായി വിശദമായ ആശയവിനിമയം നടത്തി. അവിടത്തെ വിദഗ്ധരും അധ്യാപകരും വിദ്യാർഥികളുമായും കൂടിക്കാഴ്ചകൾ നടത്തി.
സയൻ സിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ്. ഈ മന്ത്രാലയത്തിലെ പലതലത്തിലുള്ള ഉദ്യോഗസ്ഥരുമായി നിരവധി തവണ ആശയവിനിമയം നടത്തിയപ്പോഴാണ് നാലോ അഞ്ചോ ഏക്കർ മതിയാകില്ല; വിശാലമായ കാമ്പസ് ഒരുക്കുന്നതിന് പര്യാപ്തമായ സ്ഥലമാണ് സയൻ സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായി വരിക എന്ന അറിവ് ലഭിച്ചത്. 150ഓളം ഏക്കറിലാണ് കോൽക്കത്ത സയൻസ് സിറ്റി സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിനുവേണ്ടിയുള്ള നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കടുത്തുരുത്തിയിലെ കുറവിലങ്ങാട് കോഴായിൽ 30 ഏക്കർ സയൻ സിറ്റിക്കായി അനുവദിപ്പിച്ചെടുത്തു.
അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കുമാരി ഷെൽജയെ സയൻ സിറ്റി സംബന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് അവരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. വിശദമായ പഠനത്തോടുകൂടി സമഗ്രമായ പ്രോജക്ട് റിപ്പോർട്ടാണ് സയൻ സിറ്റിക്കു വേണ്ടി കേന്ദ്രസർക്കാരിനു മുന്നിൽ സമർപ്പിച്ചത്.
സ്ഥലം സംബന്ധിച്ച തീരുമാനത്തിൽ എത്തിയ ഉടൻ സയൻ സിറ്റി അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനവും ഉണ്ടായി. ആദ്യം ഒരു സയൻസ് പാർക്ക് ആയി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പൂർണസജ്ജമായ സയൻ സിറ്റിയിലേക്ക് എത്തുകയും ചെയ്യുക എന്ന നിർദേശമാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽനിന്നു ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്, കോബൗണ്ട് വാള്, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തിലാണു വളരയേറെ സാങ്കേതിക മികവോടെയുള്ള സ്പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. എന്‍ട്രി പ്ലാസ, ആംഫി തിയറ്റര്‍, റിംഗ് റോഡ്, പാര്‍ക്കിംഗ് തുടങ്ങിയവയും അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ക്ക് 25 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.
കോട്ടയത്തിന്റെ സാമൂഹിക പുരോഗതിയില്‍ നാഴികക്കല്ലായിത്തീരുന്ന സയന്‍സ് സിറ്റി കേരളത്തിന് അനന്തമായ തൊഴില്‍ സാധ്യതകള്‍ കൂടിയാണ് തുറന്നുനല്‍കുന്നത്. വര്‍ഷം തോറും ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ശാസ്ത്ര-വിജ്ഞാന നഗരി സന്ദര്‍ശിക്കാന്‍ എത്തുന്നതോടെ കോട്ടയത്തിന്റെ വൈജ്ഞാനികരംഗത്തു വന്‍ വളര്‍ച്ചയാണു സാധ്യമാകാൻ പോകുന്നത്.
10 കിലോമീറ്റർ ചുറ്റളവിൽ രണ്ട് അതിബൃഹത്തായ പദ്ധതികളാണ് എത്തിച്ചത്. സയൻസ് സിറ്റിയുമായി വളരെയേറെ ബന്ധമുള്ള ട്രിപ്പിൾ ഐടി 10 കിലോമീറ്റർ പരിധിയിൽ കൊണ്ടുവരുവാൻ കഴിഞ്ഞു. ഇനിയുള്ള ഇന്ത്യയുടെ ഭാവി ആർട്ടിഫിഷൽ ഇന്റലിജൻസ് പോലെയുള്ള അതിനൂതനമായ മേഖലകളിലായിരിക്കും എന്ന കാഴ്ചപ്പാടോടു കൂടിയാണ് ട്രിപ്പിൾ ഐടി യാഥാർഥ്യമാക്കിയെടുക്കാനായി പരിശ്രമിച്ചത്.
ഇന്ന് പൂർണ സജ്ജമായി പ്രവർത്തിക്കുന്ന പാലാ വലവൂരിലെ ട്രിപ്പിൾ ഐടിയുടെ തുടക്കവും പ്രാരംഭ പ്രവർത്തനങ്ങളും ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോയത്. ഇന്ന് 2000 വിദ്യാർഥികൾ പഠിക്കുന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനമായി ട്രിപ്പിൾ ഐടിഐ മാറിയിരിക്കുന്നു.
തൊഴിലും പഠനവും ഒരു സ്ഥാപനത്തിനുള്ളിൽ എന്ന കാഴ്ചപ്പാടോടെ ട്രിപ്പിൾ ഐടിയോട് അനുബന്ധിച്ച് ഇൻഫോസിറ്റി എന്ന ആവശ്യമാണ് കേന്ദ്രസർക്കാരിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്. അത് യാഥാർഥ്യമാക്കിയെടുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസവുമുണ്ട്. സയൻ സിറ്റിയെയും ട്രിപ്പിൾ ഐടിയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
നിലവില്‍ ഡല്‍ഹി, കോല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഇപ്പോള്‍ സയന്‍സ് സിറ്റികളുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ ശാസ്ത്ര നഗരങ്ങളുടെ പട്ടികയിലേക്ക് കുറവിലങ്ങാടും കടുത്തുരുത്തിയും ഉയർത്തപ്പെടും. വികസിത രാജ്യങ്ങളില്‍മാത്രം നിലവിലുള്ള ശാസ്ത്ര, സാങ്കേതിക, ഗവേഷണ, വിനോദസൗകര്യങ്ങള്‍ കടുത്തുരുത്തിയുടെ ഗ്രാമീണ മേഖലകളിൽ ലഭ്യമാകും.
നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി മാറുന്ന സയന്‍സ് സിറ്റി കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറുന്നതോടെ കടുത്തുരുത്തിയുടെ മണ്ണിൽ ഉണ്ടാകാൻ പോകുന്നത് സമാനതകളില്ലാത്ത വികസന കുതിപ്പാണ്.