Leader Page
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)
Leader Page
സർവകലാശാലകൾ രാഷ്ട്രീയപോരാട്ട വേദിയാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നവരോട് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ.ബി. പർദിവാല കൂപ്പുകൈകളോടെ അഭ്യർഥിച്ചു; മാനിഷാദ. കേരളത്തിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതിയുടെ സെർച്ച് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടന്ന 11നായിരുന്നു സംഭവം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സേവനങ്ങൾക്കായി രൂപീകരിച്ച ഉന്നതവിദ്യാപീഠങ്ങളിൽ ഇപ്പോൾ വീഴുന്നത് അവരുടെ ചോരയോ? സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി ഉണ്ടായേക്കാമെങ്കിലും മറ്റു സർവകലാശാലകളിൽ ഇല്ല.
കേരളത്തിലെ സർവകലാശാലകളുടെ സർവകലാശാലയായ കേരള സർവകലാശാലതന്നെ എടുക്കുക. അവിടെ താത്കാലിക വൈസ് ചാൻസലറുടെ ഭരണം തുടങ്ങിയിട്ടു വർഷങ്ങളായി. ഇടതുപക്ഷക്കാരനായ രജിസ്ട്രാറെ, വൈസ് ചാൻസലർ സസ്പൻഡ് ചെയ്തതിനെത്തുടർന്നു നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിൽ വിദ്യാർഥികൾ വല്ലാതെ വലയുകയാണ്. ഡിഗ്രിക്കും പിജിക്കും ഉള്ള തുല്യതാ സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, അന്തർ സർവകലാശാലാ മാറ്റം തുടങ്ങിയ ഫയലുകൾ വിസി ഒപ്പിടേണ്ടതുണ്ട്; നടക്കുന്നില്ല. സർവകലാശാലയുടെ സീൽ പഴയ രജിസ്ട്രാറുടെ പക്കലാണ്. നിയുക്ത രജിസ്ട്രാർ ഡോ. മിനി കാപ്പൻ ഒപ്പിട്ടാലും സീലില്ല. പഠനം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാർഥികൾ നൂറുകണക്കിനാണ്. ദിവസവും 40 മുതൽ 60 വരെ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു വിസിക്ക് അയയ്ക്കും. ചില ദിവസങ്ങളിലാണ് താത്കാലിക വിസി വരുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. ഇനിയും കുമിഞ്ഞുകൂടിക്കിടക്കുന്നു. നാലുവർഷ ബിരുദത്തിൽ നടപ്പാക്കേണ്ട പലതും നടന്നില്ല.
ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡിക്ക് അർഹരായ 150 പേരുണ്ട്. നാലും അഞ്ചും വർഷം ചെലവാക്കിയവരാണ്. സിൻഡിക്കറ്റ് അംഗീകരിക്കാതെ പിഎച്ച്ഡി കിട്ടില്ല. മേയ് 27നു ശേഷം സിൻഡിക്കറ്റ് യോഗം നടന്നിട്ടില്ല. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത 12 സർവകലാശാലകൾ വേറെയുമുണ്ട്. 2024 ഡിസംബറിൽ കേരള സർവകലാശാലയ്ക്ക് കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസമികവ് കൈവരിക്കുന്നതിനു 100 കോടി രൂപ കിട്ടി. ഇതിൽ 75 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിനാണ്. ചില്ലിക്കാശ് ചെലവാക്കിയില്ല. നാനൂറോളം കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റം നടന്നില്ല; ഇങ്ങനെ പലതുണ്ടു നടക്കാൻ.
ഇതിനിടെ, കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിക്കുന്നതിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ സുപ്രീംകോടതി മുൻ സുപ്രീംകോടതി ജഡ്ജി സുധാംശു ധൂലിയയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സമിതി കൊടുക്കുന്ന ശിപാർശകൾ വിവാദമാകില്ലെന്ന് ആരു കണ്ടു. ഇപ്പോഴത്തെ വിധിയനുസരിച്ച് മുഖ്യമന്ത്രി ജയിച്ച മട്ടുണ്ട്. കാര്യങ്ങൾ നടന്നുകഴിയുന്പോൾ അറിയാം, ആരാണ് ജയിക്കുക എന്ന്. യുജിസി പ്രതിനിധി ഇല്ലാത്ത സെർച്ച് കമ്മിറ്റിയെ അവർ അംഗികരിക്കുമോ?
മനഃസാക്ഷി ഇല്ലാത്തവർ
സർവകലാശാലകൾകൊണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലടിച്ച് സർവകലാശാലയുടെ പ്രവർത്തനം താറുമാറാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലാത്ത ഇടമായി മാറിയിരിക്കുകയാണ് കേരളം. 1986ലെ പ്രീഡിഗ്രി ബോർഡ് സമരകാലത്ത് വിദ്യാർഥികളുടെ ഉത്തരക്കടലാസ് നശിപ്പിച്ച് സമരം ജയിച്ച ഇടതു സംഘടനകൾ എത്ര വിദ്യാർഥികളുടെ ഭാവിയാണു തുലച്ചത്! എത്ര വിദ്യാർഥികളുടെ മനസിന്റെ സമനില തെറ്റിച്ചു! 1986ലെ സമരത്തിന്റെ ഭാഗമായി ഉത്തരക്കടലാസ് നഷ്ടപ്പെട്ടതുകൊണ്ട് പരീക്ഷാഫലത്തിൽ ഉണ്ടായ ക്രമക്കേടുമൂലം മനസിന്റെ സമനില തെറ്റിയ ഒരു മിടുക്കികുട്ടിയെയും മാതാപിതാക്കളെയും പിന്നീട് കണ്ടു. മാനസികരോഗ വിദഗ്ധന്റെയടുത്തും ധ്യാനകേന്ദ്രങ്ങളിലും കണ്ണീരോടെ അഭയം തേടുകയാണവർ.
വെള്ളാപ്പള്ളിയുടെ കോട്ടയം സങ്കടങ്ങൾ
വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷംചീറ്റൽ വീണ്ടും വിഷയമായി. ക്രൈസ്തവസമൂഹത്തിന് കേരളത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥനാക്കുന്നത്. കേരളത്തിൽ 5,510 സർക്കാർ സ്കൂളുകളും 8,062 എയ്ഡഡ് സ്കൂളുകളും 1,454 അംഗീകൃത സ്കൂളുകളുമുണ്ട്. അവയിൽ വലിയ സംഖ്യ ക്രൈസ്തവ വിദ്യാലയങ്ങളാണ്. അത് ഒരു സർക്കാരിന്റെയും ഒത്താശകൊണ്ട് ഉണ്ടായതല്ല. ഇന്ന് വിദ്യാലയങ്ങളുടെ കണക്കു പറയുന്നവർക്ക് അക്ഷരം അറിയാതിരുന്ന കാലത്ത് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണത്. 1977ൽ കേരളത്തിലെ 99.7 ശതമാനം ഗ്രാമങ്ങളിലും രണ്ടു കിലോമീറ്ററിനുള്ളിൽ പ്രൈമറി സ്കൂളായി. 98.6 ശതമാനം ഗ്രമങ്ങളിലും മിഡിൽ സ്കൂളായി. അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളായി. 1991ൽ സന്പുർണ സാക്ഷരതയുണ്ടായതും ക്രൈസ്തവ വിദ്യാലയങ്ങൾ ഉണ്ടായതുകൊണ്ടാണ്.
വെള്ളാപ്പള്ളിയുടെ സമൂഹത്തിൽപ്പെട്ടവർക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് അവരടക്കമുള്ളവർക്കു പഠിക്കാൻ സ്ഥാപനങ്ങൾ ആരംഭിച്ചവരാണ് ക്രൈസ്തവർ. ഭാരതത്തിന്റെ രാഷ്ട്രപതിയായി ഉയർന്ന കെ.ആർ. നാരായണനെപ്പോലുള്ളവർ പഠിച്ചത് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. അതു സർക്കാർ ചെലവിലായിരുന്നില്ല. ബാസൽ മിഷൻ 1800ൽ മലബാറിൽ വിദ്യാലയങ്ങൾ തുടങ്ങി. അതുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ടവർ സാക്ഷരരായി. 1900 ആയപ്പോഴേക്കും ബാസൽ മിഷൻ നടത്തുന്ന വിദ്യാലയങ്ങളുടെ എണ്ണം 257 ആയി.
സിഎംഎസ് സഭയ്ക്ക് 351 സ്ഥാപനങ്ങളായി. ചർച്ച് മിഷനറി സൊസൈറ്റിയും ലണ്ടൻ മിഷനറി സൊസൈറ്റിയും 19-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും തിരുവല്ലയിലും വിദ്യാലയങ്ങൾ സ്ഥാപിച്ചു.
1819ൽ പെണ്കുട്ടികൾക്കായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ആരംഭിച്ചു. 1840കളിൽ മാർത്തോമ്മാ സഭയും ഈ രംഗത്തു വന്നു. കത്തോലിക്കാ സഭ പള്ളിയോടൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന് ശഠിച്ചത് ക്രൈസ്തവരെ മാത്രം പഠിപ്പിക്കാനായിരുന്നില്ല.
ഇക്കാലത്തൊന്നും എസ്എൻഡിപിയോ എൻഎസ്എസോ എംഇഎസോ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്നല്ല, കേരളത്തിൽതന്നെ ഉണ്ടായിരുന്നില്ല.1903ലാണ് ഡോ. പൽപ്പു എസ്എൻഡിപി സ്ഥാപിച്ചത് 1914ലാണ് എൻഎസ്എസ് ഉണ്ടാകുന്നത്. 1964ലാണ് എംഇഎസ് ഉണ്ടാകുന്നത്. ക്രൈസ്തവ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ പല സർക്കാരുകളും പരിശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും 1957ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയും ഈ ദിശയിൽ ഏറെ പരിശ്രമിച്ചവരാണ്. 1958ലെ വിദ്യാഭ്യാസനിയമം അങ്ങനെ ഉണ്ടായതാണ്. ആ നിയമം, സ്കൂൾ വിദ്യാഭ്യാസത്തിന് കൃത്യമായ ഘടനയുണ്ടാക്കി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. 1972 മുതൽ കോളജ് അധ്യാപകർക്കും സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. അതോടെ നിയമന കച്ചവടവും കണക്കുകളും ഉണ്ടായി.
സ്ഥാപനങ്ങൾ കുറഞ്ഞതിൽ വെള്ളാപ്പള്ളിയുടെ സങ്കടത്തിനു കാരണം അതാണെന്നതല്ലേ സത്യം. സിപിയോട് അടക്കമുള്ള അധികാരീ വൃന്ദത്തോടു ചേർന്നുനിന്ന് കാര്യങ്ങൾ സാധിച്ച ചരിത്രമുള്ള സംഘടനയാണ് എസ്എൻഡിപി.
ജാതിക്കണക്കുകൾ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 56.7 ശതമാനം ഹിന്ദുക്കളുണ്ട്. 23 ശതമാനമണ് ഈഴവർ. മുസ്ലിംകൾ 26 ശതമാനം. ക്രൈസ്തവർ 18.4 ശതമാനം. 23 ശതമാനമുള്ള ഈഴവ സമൂഹത്തിൽ പെട്ടതാണ് മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും. 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിൽ നിന്നുള്ളത് രണ്ടു മന്ത്രിമാർ. ക്രൈസ്തവർ മൂന്ന്. ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം മന്ത്രിമാരുടെ എണ്ണം ആറെങ്കെിലും ആകും. ഈഴവ സമൂഹത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയും. കാരണം, കോണ്ഗ്രസ് എംഎൽഎമാരിൽ ഈഴവർ കുറവായിരിക്കും. ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണ്.
Leader Page
2020 ജൂലൈ 29-ാം തീയതിയാണ് ഇന്ത്യ പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടു വച്ചത്. വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസനയത്തിന്റെ അഞ്ചാം വാർഷികം ഇപ്പോൾ ആഘോഷിക്കുന്നത്. ഈ അവസരത്തിലാണ് ലോകനിലവാരമുള്ള സ്ഥാപനങ്ങളൊന്നും വളർത്തിയെടുക്കാൻ നമുക്കു സാധിച്ചിട്ടില്ല എന്ന ചർച്ച ചൂടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ക്യുഎസ് ലോകറാങ്കിംഗിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി അൻപത്തിനാലിലേക്ക് എത്തിച്ചെങ്കിലും ആദ്യത്തെ നൂറിൽ ഇന്ത്യയിൽനിന്ന് ഒരു സർവകലാശാലയും ഇല്ല.
വിദ്യാഭ്യാസനയത്തിന്റെ പതിനെട്ടാം അധ്യായത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യവും അവ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയുമാണ് നിലവിലുള്ള വ്യവസ്ഥയുടെ പ്രശ്നങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പരമാവധി സ്വാതന്ത്ര്യമുള്ള ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുമെന്നു പറയുന്നത്.
പുതിയ സംവിധാനത്തിന്റെ കീഴിൽ നാലു വെർട്ടിക്കലുകളിലായി നിയന്ത്രണം, അക്രഡിറ്റേഷൻ, ധനസഹായം, അക്കാദമിക നിലവാരനിർണയം എന്നീ മേഖലകളിൽ പ്രത്യേക ഘടനകൾ ഉണ്ടാകും. ഇതിനായി നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ, നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ, ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ, ജനറൽ എഡ്യുക്കേഷൻ കൗൺസിൽ എന്നിവ രൂപീകരിക്കുമെന്നും നയത്തിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം തയാറാക്കികൊണ്ടിരിക്കുകയാണെന്നു സർക്കാർ ലോക്സഭയെ ജൂലൈയിൽ അറിയിച്ചിട്ടുണ്ട്. പുതിയ കമ്മീഷൻ വരുമ്പോൾ 1956ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും 1995ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനും 1987ൽ സ്റ്റാറ്റ്യൂട്ടറി പദവി കിട്ടിയ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ഇല്ലാതാവും.
ഇന്ത്യൻ വിദ്യാഭ്യാസരംഗത്തു യുജിസിക്കു സമാനമായി സ്വാധീനം ചെലുത്തിയതും വിമർശനം ഏറ്റുവാങ്ങിയതുമായ മറ്റൊരു ഏജൻസിയില്ല. ഇവിടെ യുജിസിയെ ഇല്ലാതാക്കണമോ എന്നതല്ല മുഖ്യമായ ചോദ്യം, അതിനു പകരം എന്താണു വരേണ്ടത് എന്നതാണ്. അതിനായി, യുജിസി സാധ്യമാക്കാത്തതെന്താണെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും പുതിയ കമ്മീഷൻ അതിന് പരിഹാരമാകുമോ അതോ ആ തകരാറുകൾ വീണ്ടും ആവർത്തിക്കുമോ എന്നതുമാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെ, പുതിയ കമ്മീഷൻ യഥാർഥമായ ഒരു പരിഷ്കാരമായി മാറുമോ , അതോ അത്ര വിജയിക്കാത്ത ഒരു ഘടനയെത്തന്നെ പുതിയ രൂപത്തിൽ പുനരാവിഷ്കരിക്കുന്ന രീതിയിലാവുമോ എന്ന ആകാംക്ഷ വിദ്യാഭ്യാസരംഗത്തുള്ളവർക്കുണ്ട്.
പുതിയ ആശയമല്ല
ഇതുപോലെയുള്ള ഒരു സംവിധാനം ദേശീയ വിദ്യാഭ്യാസനയത്തിന്റെയൊപ്പം വന്ന ആശയമല്ല. 2005ൽ നിലവിൽ വന്ന ദേശീയ വിജ്ഞാനകമ്മീഷനും 2009 ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ടും ഇത്തരമൊരു സംവിധാനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. 2011ൽ മുകളിൽ സൂചിപ്പിച്ച മൂന്ന് റെഗുലേറ്ററി ബോഡികളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും 2014ൽ അത് പിൻവലിച്ചു. അതിനുശേഷമാണ് 1956ലെ യുജിസി ആക്ട് റദ്ദാക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ടിന്റെ കരട് 2018 ജൂണിൽ കൊണ്ടുവന്നത്. അതും ഫലവത്തായില്ല.
2018ലെ ബിൽ വിപ്ലവകരമായ പരിഷ്കാരമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും ബില്ലിലെ പ്രധാന ചട്ടങ്ങളും 1956ലെ യുജിസി ആക്ടിന്റെതന്നെ പ്രതിഫലനങ്ങളായിരുന്നു. അക്കാദമികസ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിലൂന്നിയ ബില്ലായിരുന്നെങ്കിലും അതിന്റെ വിശദവായനയിൽ ഇന്ത്യയെ ഒരു ജ്ഞാനസമൂഹമായി മാറ്റുന്നതിനുള്ള ദാർശനികമായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം, ഉന്നതവിദ്യാഭ്യാസം കൂടുതൽ കേന്ദ്രീകൃതമാക്കാനുള്ള വ്യവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്.
കമ്മീഷന്റെ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും തെരഞ്ഞെടുക്കുന്നതിൽ കാബിനറ്റിന്റെ പ്രാധാന്യം യുജിസി ആക്ടിനേക്കാൾ കൂടുതലായിരുന്നു. കമ്മീഷനിലെ അംഗങ്ങളാകട്ടെ കൂടുതലും കേന്ദ്രസർക്കാർ പ്രതിനിധികളും. ഏറ്റവും പ്രധാനപ്പെട്ട വിമർശനം മറ്റൊന്നായിരുന്നു. ഓരോ അക്കാദമികപ്രോഗ്രാമിന്റെയും പഠനഫലങ്ങളും പാഠ്യനിർണയ മാനദണ്ഡങ്ങളും കരിക്കുലവും വരെ നിർദേശിക്കുക എന്ന ചുമതലകൂടി കമ്മീഷനാണെന്ന് ബില്ലിൽ സൂചിപ്പിക്കുക വഴി അക്കാദമിക സ്വാതന്ത്രത്തിനു പകരം അധ്യാപകരുടെ ചിന്തയുടെമേൽ കമ്മീഷന്റെ അല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണം നിയമപരമായി ഉറപ്പാക്കുന്നു എന്നുള്ളതായിരുന്നു. യുജിസിയേക്കാൾ കൂടുതലായി സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിസൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ കമ്മീഷനു സാധിക്കുന്ന തരത്തിലായിരുന്നു ബില്ല് ക്രമീകരിച്ചിരുന്നത്.
അനുകൂല സാഹചര്യം
ദേശീയ വിദ്യാഭ്യാസനയം പൂർണമായ അർഥത്തിൽ നടപ്പിലാക്കണമെങ്കിൽ എകീകരിച്ച ഒരു സംവിധാനം ആവശ്യമുണ്ട്. മുന്പില്ലാത്തവിധം മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം വ്യാപകമാകുന്നതോടെ ഒരു അക്കാദമികപ്രോഗ്രാമിൽതന്നെ ഒരുപക്ഷേ എൻജിനിയറിംഗുമായോ സാങ്കേതിക വിദ്യാഭ്യാസവുമായോ ചരിത്രവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒരുമിച്ചു വന്നേക്കാം. ഇതിന് ഏത് അഥോറിറ്റി അംഗീകാരം നൽകും, ആരു നിയന്ത്രിക്കും എന്നത് ഒരേസമയം അക്കാദമികവും ഭരണസംബന്ധവുമായ ചോദ്യമാണ്.
പുതിയ സംവിധാനം ഇതിനുള്ള ഉത്തരമാവും. ഇപ്പോൾ ഒരു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റഗ്രേറ്റഡ് ബിഎഡ് അല്ലെങ്കിൽ ടെക്നിക്കൽ പ്രോഗ്രാമുകൾ അതല്ലെങ്കിൽ പ്രഫഷണൽ പ്രോഗ്രാമുകൾ എല്ലാം സാധ്യമാണ്. അതുപോലെ, ഒരു ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനത്തിൽ ആർട്സ് ആൻഡ് സയൻസ് പ്രോഗ്രാമുകളും സാധ്യമാണ്. ഈ സാഹചര്യത്തിൽ യുജിസിയും എഐസിടിയും എൻസിടിയും ഓരോന്നിനും പ്രത്യേകം നിയന്ത്രണ സംവിധാനമായി തുടരുന്നത് കാര്യക്ഷമവും അർഥപൂർണവുമല്ല.
നവീകരണമോ പുനർജന്മമോ?
യുജിസിയുടെ ഏറ്റവും വലിയ ഒരു പ്രശ്നം അത് ഒരേസമയം സർവകലാശാലകളെ നിയന്ത്രിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സംവിധാനമായി തുടർന്നു എന്നുള്ളതാണ്. ഏതായാലും പുതിയ ഘടനയിൽ ഇതു രണ്ടും വ്യത്യസ്ത ചട്ടക്കൂടിലാണ് വരുന്നത്.
യുജിസിക്ക് ചരമക്കുറിപ്പെഴുതുമ്പോൾ നമുക്കു വേണ്ടത് യുജിസിയുടെ പുനർജന്മമല്ല; മറിച്ച്, മൗലികമായ ലക്ഷ്യങ്ങളും പദ്ധതികളുമുള്ള പുതിയ വ്യവസ്ഥിതിയാണ്. പുതിയ സംവിധാനം സുതാര്യത, വികേന്ദ്രീകരണം, അക്കാദമിക സ്വാതന്ത്ര്യം, ഘടനാപരമായ നീതി എന്നിവ ഉറപ്പുവരുത്തണം. 2018 ൽ യുജിസി അവതരിപ്പിച്ച ഗ്രേഡഡ് ഓട്ടോണമി സർവകലാശാലകൾക്ക് കൂടുതൽ അക്കാദമികസ്വാതന്ത്ര്യം നൽകുന്നവയാണ്.
ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല, കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല തുടങ്ങി പല സർവകലാശാലകൾക്കും യുജിസി കാറ്റഗറി ഗ്രേഡഡ് ഓട്ടോണമി നൽകിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിൽ 1338 സർവകലാശാലകളും 52,000ത്തില് കൂടുതൽ കോളജുകളുമുണ്ട്. ഇതിൽ 80 ശതമാനം മുതൽ 90 ശതമാനം വരെ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ ധനപരിപാലനം നടത്തുന്നത് സംസ്ഥാന സർക്കാരുകളാണ്.
അതുകൊണ്ടുതന്നെ പുതിയ ഘടനയിൽ നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം. അല്ലെങ്കിൽ 2025 ഫെബ്രുവരിയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് കൊടുത്ത അധികാര കേന്ദ്രീകരണം ഉണ്ടാവുകയും ഫെഡറലിസത്തിനു പരിക്കേൽക്കുകയും ചെയ്യും.
ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയമായ ‘ലൈറ്റ് ബട്ട് ടൈറ്റ്’ നോട് ചേർന്നുകൊണ്ടുള്ള ഒരു ബില്ലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷത്തിൽ വിപരീതമായി തോന്നാമെങ്കിലും ഉയർന്ന അക്കാദമികസ്വാതന്ത്ര്യവും ഉയർന്ന ഉത്തരവാദിത്വവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ കർശനമാക്കുക എന്നത് രാഷ്ട്രീയ നിയന്ത്രണവും, ലഘുവാക്കുക എന്നത് സർക്കാർ സഹായം പിൻവലിക്കാനുള്ള ഉപായവുമായി മാറിയാൽ പുതിയ സംവിധാനം ഒരു നവലിബറൽ വഞ്ചനയായി മാറും എന്നതിൽ സംശയമില്ല.
(മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
Leader Page
Editorial
തീവ്രവാദികൾ ഹിറ്റ് ലിസ്റ്റുകൾ തയാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്ത. കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നു കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നു.
ഇങ്ങനെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണം പതിവുള്ളതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ വിവരാവകാശ നോട്ടീസാണു പിന്നിൽ. 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ നികുതിയടയ്ക്കാതെ സർക്കാരിനു നഷ്ടപ്പെടുത്തിയെന്നാരോപിച്ച് മുന്പ് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ടു വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ച അതേ വ്യക്തിയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നത്.
ഇതു വിവരാവകാശമാണോ മതഭ്രാന്താണോ? തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് ഈ മാസം ആറിനു സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ എത്ര പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നാണു ചോദ്യം. തീർന്നില്ല; ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളുമുണ്ട്.
വിചിത്രമായ കാര്യം, ഇതു വിദ്യാഭ്യാസ വകുപ്പോ ഉന്നതവിദ്യാഭ്യാസ വകുപ്പോ ഉത്തരം നൽകേണ്ട ചോദ്യമല്ല. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെയല്ലാതെ പുരോഹിതനാണോ കന്യാസ്ത്രീയാണോ സ്വാമിയാണോ ഉസ്താതാണോ എന്നതൊന്നും നോക്കിയല്ല നിയമനം നടത്തുന്നത്.
രണ്ടാമത്തെ കാര്യം, ശന്പളം കൊടുക്കുന്നതു നികുതി കിഴിച്ചാണ്. അതിന്റെ വിവരങ്ങൾ ശേഖരിക്കേണ്ടത് വരുമാനനികുതി വകുപ്പിൽനിന്നാണെന്നു പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തുള്ളവരോട് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കണം. പരാതിക്കാരൻ മുന്പും ഇത്തരം ദുരൂഹനീക്കങ്ങൾ നടത്തിയിട്ടുള്ളയാളാണ്.
ഒരു മതസംഘടനാ മാധ്യമത്തിൽ ക്രൈസ്തവർക്കെതിരേ ഇത്തരം തെറ്റായ വിവരങ്ങൾ കുത്തിനിറച്ച ലേഖനം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടുംപൊട്ടിച്ചിറങ്ങിയത്. “സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി നിയമങ്ങളും മറ്റും കാറ്റിൽ പറത്തി ഒരു രൂപ പോലും നികുതിയടയ്ക്കാതെ മുങ്ങിനടക്കുന്നു” എന്നായിരുന്നു ആരോപണം.
കേട്ട പാതി കേൾക്കാത്ത പാതി, ഇതേക്കുറിച്ചു വിവരശേഖരം നടത്തണമെന്ന് ഉദ്യോഗസ്ഥർ സർക്കുലർ അയച്ചു. അതിന്റെ ഉത്തരവാദികളായ നാലു പേരെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിത ആരോപണങ്ങളുമായി മതസ്പർധ വളർത്തുന്ന പരാതി നല്കിയ ആൾക്കെതിരേ ഡിജിപിക്കു പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതുമാണ്.
എന്തു കാര്യം? ഈ രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രം ജീവിക്കുന്ന ക്രൈസ്തവരായ അധ്യാപകരെയും കുടുബങ്ങളെയും സന്യസ്തരെയും തുടരെ അവഹേളിക്കരുത്. അവർ വിദ്യാഭ്യാസവകുപ്പിൽ നുഴഞ്ഞുകയറിയ തീവ്രവാദികളല്ല, ലിസ്റ്റ് തയാറാക്കാൻ.
മതം തലയ്ക്കുപിടിച്ചവർ, വിവരാവകാശം പോലെ സുതാര്യഭരണത്തിനുള്ള ജനാധിപത്യസംവിധാനങ്ങളെ തുടർച്ചയായി ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതു സർക്കാരിന്റെ വീഴ്ചയാണ്. നോട്ടപ്പിശകാണോ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ ക്രൈസ്തവരെ സംശയനിഴലിലാക്കുന്ന നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.
ക്രൈസ്തവസമൂഹം ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചില്ലെങ്കിലും അവമതിക്കരുത്. ഈ പരാതിക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഏതെങ്കിലും തീവ്ര ആശയത്തിന്റെ പ്രതിനിധിയാണെങ്കിലും കരുതിയിരിക്കണം. നികുതിയടയ്ക്കുന്നവരുടെയല്ല, ആടിനെ പട്ടിയാക്കുന്നവരുടെ വിവരമാണ് ശേഖരിക്കേണ്ടത്. അതു പരാതിക്കാരനായാലും ഉദ്യോഗസ്ഥരായാലും.
District News
കുറുമ്പനാടം: വായനവാരാചരണത്തോടനുബന്ധിച്ച് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂളില് അക്ഷരയാനം നടത്തി. അഞ്ചു മുതല് ഒന്പതുവരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്ഥികള് ഇന്ത്യയിലെ ആദ്യത്തെ ഭാഷാമ്യൂസിയമായ കോട്ടയം അക്ഷരത്തിലേക്കാണ് അക്ഷരയാനം സംഘടിപ്പിച്ചത്.
സംസ്ഥാന സര്ക്കാരിന്റെ ഭരണഭാഷാ ഉന്നതതല സമിതിയംഗവും ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മുന് മേധാവിയുമായ ഡോ. ജയിംസ് മണിമല അക്ഷരയാനം ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനില് കേരളത്തിലെ സാഹിത്യപ്രവര്ത്തനത്തിന്റെ ചരിത്രപഥങ്ങളെക്കുറിച്ചും ഭാഷാവികസനത്തെക്കുറിച്ചുമുള്ള ഡോക്യൂമെന്ററിയും ത്രീഡിഷോ പ്രദര്ശനവും നടന്നു. പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ജെലീല മാത്യൂ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു കുര്യാക്കോസ്, ടിജോ സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വിമാനം പറത്താന് ആഗ്രഹമുണ്ടോ ഉണ്ടെങ്കില് ആര്ക്കും കടന്നുവരാം. ആകാശത്തോളം ഉയരെ വിദ്യാര്ഥികള്ക്ക് ആവേശം പകര്ന്ന് യുവപൈലറ്റ് മേഘന ജോജന് തോമസ്. ഇന്ത്യന് എയര്ലൈന്സില് ഫസ്റ്റ് ഓഫീസര് തസ്തികയില് ജോലി ചെയ്യുന്ന മേഘന ജോജന് തോമസിന്റെ ചോദ്യങ്ങള്ക്കു മുമ്പില് വിദ്യാര്ഥികള് തെല്ലും പതറിയില്ല. ഒരു മണിക്കൂര് നീണ്ട ക്ലാസില് അവരുടെ മനസുകളും ആകാശംമുട്ടെ ഉയര്ന്നുപറന്നു. വ്യോമയാന മേഖലയില് നിലവിലുള്ള വിവിധ തൊഴിലവസരങ്ങളും പ്രത്യേകിച്ച് പൈലറ്റ് ആകുന്നതിന് വിദ്യാര്ഥികള് ശ്രദ്ധിക്കേണ്ട കാര്യങ്ങളും മേഘന വിദ്യാര്ഥികളുമായി പങ്കുവച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര് സെക്കന്ഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്പ്പെട്ട മീറ്റ് ദി ലൂമിനറി പരിപാടിയിലാണ് മേഘന ജോജന് ഹയര് സെക്കന്ഡറി വിദ്യാര്ഥികളുമായി സംവദിച്ചത്. വ്യോമയാന രംഗത്തേക്ക് കടന്നുവരാന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള് ധൈര്യം, അര്പ്പണബോധം, കഠിനപരിശ്രമം എന്നിവയുള്ളവരായിരിക്കണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേ നേടിയെടുക്കാവുന്ന തൊഴിലാണിതെന്നും മേഘന പറഞ്ഞത് വിദ്യാര്ഥികളില് ആവേശമുണര്ത്തി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില് വിജയം നേടിയ 25 മഹനീയ വ്യക്തികളെ വിദ്യാര്ഥികളുടെ മുന്പില് അവതരിപ്പിക്കുന്ന പരിപാടിയാണ് മീറ്റ് ദി ലൂമിനറി. സ്കൂള് പ്രിന്സിപ്പല് ഷിജി വര്ഗീസ്, അധ്യാപകരായ എം.ജെ. സിനോമോന്, ആശ ആന്റണി എന്നിവര് പ്രശംഗിച്ചു.
അടുത്തതായി ഡല്ഹി നാഷണല് ലോ സ്കൂള് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രഫസറായ അരുള് ജോര്ജ് സ്കറിയയുടെ പ്രഭാഷണമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.