Kerala
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Kerala
കോട്ടയം: ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്.
വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ വച്ചാണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ് വൈക്കത്ത് എത്തിയത്. മുറിഞ്ഞപുഴ കായൽ തീരത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് രഘു
അപകടത്തിൽപ്പെട്ടത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ രഘുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ രഘുവിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെടുത്തു.
Kerala
തിരുവനന്തപുരം: പാറശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവിള പുല്ലൂർക്കോണത്ത് ലിനു രാജ് - ജതിജാ ദമ്പതികളുടെ മകളായ നയന(17) ആണ് മരിച്ചത്.
പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് നയന. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല.
പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഇന്ന് ബന്ധുവിന്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
വിരലടയാള വിദഗ്ദരടക്കം പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിലുണ്ടായ പ്രക്ഷോഭത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജെൻ സി എന്നറിയപ്പെടുന്ന 26 വയസിന് താഴെയുള്ള യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതിനുപിന്നാലെ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി.
അതിനിടെ പ്രതിഷേധക്കാരിൽ ചിലർ നേപ്പാൾ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തി. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ കർഫ്യു തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Kerala
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്.
സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുഡാംബ സ്റ്റേഷന് പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിരുന്നു.
Kerala
ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക്ക് ആണ് മരിച്ചത്.
അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകൾ ചുമന്നാണ്. മൃതദേഹം സംസ്കരിച്ചു.