മട്ടന്നൂർ: ചാലോട് പനയത്താംപറമ്പിൽ കാറിടിച്ച് വ്യാപാരിക്ക് ഗുരുതര പരിക്ക്. ചാലോടിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കെ.കെ. അരവിന്ദാക്ഷനാണ് (58) പരിക്കേറ്റത്. അപകടത്തിനുശേഷം നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.
ചാലോട് ചെറുഞ്ഞിക്കരിയിൽ വീട്ടിലേക്ക് പോകുമ്പോൾ വീടിനു മുന്നിൽ നിന്നാണ് കാറിടിച്ചത്. അമിതവേഗതയിലെത്തിയ കാർ അരവിന്ദാക്ഷനെ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഉടൻ തന്നെ മട്ടന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രദേശത്തെ സിസിടിവി ഉൾപ്പെടെ നിരീക്ഷിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ വേങ്ങാട് ഭാഗത്തു നിന്ന് കാർ കണ്ടെത്തുകയായിരുന്നു. അപകടത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന കാർ പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അരവിന്ദാക്ഷനെ ഇടിച്ചിട്ട കാറാണെന്നു മനസിലായത്. കാർ ഡ്രൈവറെ കണ്ടെത്താനായില്ല.