Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം.
മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ വച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമെടുത്തിട്ടുള്ളത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം.
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.
അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം.
മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025നുമിടയിലാണ് കോടികളുടെ ഇടപാടുകൾ നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗുളൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.
District News
ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.
തന്റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ളത്.
താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമമെന്ന് ഉണ്ണികൃഷ്ണന് പോറ്റി. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയതിന് പിന്നാലെയാണ് പ്രതികരണം.
മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു. ശനിയാഴ്ച ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തേക്കും.
അതിനിടെ, സ്പോണ്സര് എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണന് പോറ്റി അന്നദാനമടക്കം ശബരിമലയിലെ പല സേവന പ്രവര്‍ത്തനങ്ങളുടെയും ഇടനിലക്കാരനാകാറുണ്ടെന്നും ഇതിന്റെ പേരില്‍ ഇതരസംസ്ഥാനങ്ങളിലെ വിശ്വാസികളില്‍ നിന്നടക്കം പണം വാങ്ങിയെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തി.
ഇതും സാമ്പത്തിക തട്ടിപ്പിന് മറയാക്കിയോയെന്ന് അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റി ഇടപെട്ട ശബരിമലയിലെ പ്രവര്‍ത്തനങ്ങളുടെ വിവരം ശേഖരിച്ചു. 2019ല്‍ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് കൊടുത്തുവിട്ട നടപടി തെറ്റെന്ന് ഒടുവില്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചു.