NRI
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
International
ടോക്കിയോ: ജപ്പാന് സന്ദര്‍ശനത്തിനിടെ ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര.
ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കായിരുന്നു ഇരുവരുടെയും യാത്ര. സാമൂഹികമാധ്യമമായ എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യമറിയിച്ചത്.
സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു.
വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശേഷിപ്പിച്ചത്. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ചയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. 15-ാം ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്.
ജപ്പാന് സന്ദര്‍ശനത്തിനുശേഷം ഞായറാഴ്ച ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയിലേക്ക് തിരിക്കും. ഇവിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും.
Kerala
ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. രാവിലെ ആറേമുക്കാലോടെ ട്രെയിൻ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു.
ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
CAREER DEEPIKA
കോൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ക്ഷോപ്/ഡിവിഷനുകളിലെ 3,115 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ: ഹൗറ ഡിവിഷൻ (659 ഒഴിവ്), ജമൽപുർ (667), ലിലുവ (612), സിയൽഡ (440), അസൻസോൾ (412), കാഞ്ച്രപ്പാറ (187), മാൽഡ (138). ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ).
വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്ട്രീഷൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, പെയിന്റർ (ജനറൽ), ഇലക്. മെക്കാനിക്, മെക്. ഡീസൽ, മേസൺ, ബ്ലാക്ക്സ്മിത്ത്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
www.rrcer.org
District News
വേളാങ്കണ്ണി ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സാധ്യത
ചങ്ങനാശേരി: മലബാറില്‍നിന്നും മധ്യകേരളത്തിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് കൊല്ലം വഴി പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന് ഡയറക്ടറെയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.
ഈ ട്രെയില്‍ ആരംഭിച്ചാല്‍ ഈ വഴി രാത്രികാലങ്ങളില്‍ ട്രെയിനില്ലെന്നുള്ള പ്രശ്നത്തിനു പരിഹാരമാകും. ട്രെയിന്‍ പുനലൂരിലേക്ക് നീട്ടുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡില്‍ നിന്നും ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം രാത്രിയില്‍ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തുന്ന ഫിക്സഡ് ടൈം കോറിഡോര്‍ ബ്ലോക്ക് നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് പുനലൂരിലേക്ക് നീട്ടുന്നതിന് ആവശ്യമായ തരത്തില്‍ ക്രമീകരിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേളാങ്കണ്ണി ട്രെയിന്‍ എല്ലാദിവസവും
നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന തരത്തില്‍ ഡെയ്ലി എക്സ്പ്രസായി മാറ്റണമെന്ന ആവശ്യത്തിലും റെയില്‍വേ മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണെന്ന് എംപി പറഞ്ഞു.
നേരത്തെ ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നതായും എംപി പറഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റേക്ക് കാലപ്പഴക്കം മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതിനാല് ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോച്ചുകളും ലഭ്യമാക്കിയിട്ടുണ്ട്.
മധുര ഡിവിഷന്റെ പരിധിയിലുള്ള റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടുകൂടി വേളാങ്കണ്ണി എക്സ്പ്രസ് 22 കോച്ചുകള്‍ ഉള്ള ട്രെയിനായി ഉയര്‍ത്താമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
നേരത്തെ മീറ്റര്‍ ഗേജ് പാതയുടെ കാലത്ത് സര്‍വീസ് നടത്തിയിരുന്ന കൊല്ലം-കോയമ്പത്തൂര്‍ ട്രെയിനിന് പകരമായി പ്ലാറ്റ്ഫോം ലഭ്യതയുള്ള കോട്ടയത്തനിന്നും സര്‍വീസ് ആരംഭിച്ച് കൊല്ലം, പുനലൂര്‍, മധുര, പളനി വഴി ഈറോഡിലേക്ക് പുതിയ എക്സ്പ്രസ് ട്രെയിന്‍ എന്ന ആവശ്യവും റെയില്‍വേ മന്ത്രിയും ബോര്‍ഡും അംഗീകരിച്ചു.
ഈ സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മധ്യകേരളത്തില്‍നിന്നും മധുര, പളനി തുടങ്ങിയ ക്ഷേത്രങ്ങിലേക്ക് ചുരുങ്ങിയ ചെലവില്‍ തീര്‍ഥാടകര്‍ക്ക് എത്താന്‍ ആകും. കോയമ്പത്തൂരില്‍ പ്ലാറ്റ്ഫോം ലഭ്യമല്ലാത്തതിനാലാണ് ഈറോഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്.
മെമുവിൽ കോച്ചുകള്‍ വര്‍ധിപ്പിക്കും
കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം എട്ടെണ്ണം മാത്രമാണ്. വലിയ തിരക്കുള്ള ഈ ട്രെയിനുകളില്‍ എട്ടു കോച്ചുകള്‍ എന്നുള്ളത് സ്ഥിരം യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇതിന് പരിഹാരമായി നിലവില്‍ എട്ടു കോച്ചുള്ള മെമു ട്രെയിനുകള്‍ 12 കോച്ചുകളായും 12 കോച്ചുകള്‍ ഉള്ളവ 16 കോച്ചുള്ള ട്രെയിനുകളായി ഉയര്‍ത്താമെന്നും എംപിയുടെ ആവശ്യത്തിൽ മന്ത്രി ഉറപ്പു നല്കി.
ചെന്നൈ എഗ്മൂര്‍ സ്റ്റേഷനിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കോട്ടയത്ത് നിന്നും കൊല്ലം വഴി താമ്പരത്തേക്ക് പുതിയ എസി വീക്കിലി എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കണമെന്നുള്ള ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.
പാര്‍ക്കിംഗ് ഫീസ് വര്‍ധന കുറയ്ക്കണം
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം ഡിവിഷനില്‍ അനിയന്ത്രിതമായി ഉയര്‍ത്തിയ പാര്‍ക്കിംഗ് ഫീവര്ധനവ് പുനഃപരിശോധിക്കണമെന്നും നിലവിലെ വര്‍ധനവ് സ്ഥിരംയാത്രക്കാര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഓഫീസില്‍നിന്നും തിരുവനന്തപുരം ഡിവിഷന് ജനറല്‍ മാനേജര്രോട് മന്ത്രിയുടെ ഓഫീസ് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും എംപി പറഞ്ഞു.
Kerala
കൊല്ലം: രണ്ട് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളിൽ താത്കാലികമായി അധിക കോച്ച് ഏർപ്പെടുത്തി റെയിൽവേ. ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റിൽ (12695/12696) 27 മുതൽ ഓഗസ്റ്റ് 28 വരെ ഒരു സെക്കൻഡ് എസി ടു ടയർ കോച്ച് അധികമായി ഉണ്ടായിരിക്കും.
ആലപ്പുഴ - ചെന്നൈ സൂപ്പർ ഫാസ്റ്റിലും 25 മുതൽ ഓഗസ്റ്റ് 26 വരെ ഒരു സെക്കൻഡ് എസി ടു ടയർ കോച്ച് അധികമായി ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
District News
ചങ്ങനാശേരി: ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച പാര്‍ക്കിംഗ് ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കുമെന്ന് റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്ക്കണ്ടിരുന്നതായും വര്‍ധിപ്പിച്ച റെയില്‍വേ പാര്‍ക്കിംഗ് ഫീസ് അടിയന്തരമായി കുറയ്ക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും വിഷയത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും എംപി അറിയിച്ചു.
റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേരത്തെ രേഖാമൂലം ഉറപ്പു ലഭിച്ച തിരുവനന്തപുരം ബംഗളൂരു എസ്എംവിടി വന്ദേഭാരത് സ്ലീപ്പര്‍, കൊല്ലം-ഈറോഡ് എക്സ്പ്രസ്, കൊല്ലം-തിരിച്ചെന്തൂര്‍ മെമു എന്നീ സര്‍വീസുകള്‍ അടിയന്തരമായി ആരംഭിക്കണമെന്നും കോട്ടയത്തു നിന്നാരംഭിച്ച് രാമേശ്വരം വരെ പോകാന്‍ കഴിയുന്ന തരത്തില്‍ പുതിയ ട്രെയിനും കന്യാകുമാരിയില്‍നിന്ന് കോട്ടയം വഴി കൊങ്കണ്‍ റൂട്ടിലൂടെ ന്യൂഡല്‍ഹിയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂരില്‍നിന്നും കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ ചാലിയാര്‍ എക്സ്പ്രസ് എന്ന പേരില്‍ പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്നും മന്ത്രിക്ക് എംപി നിവേദനം നല്കി.