Kerala
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ് അറിയിച്ചു.
കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18) ആണ് കാണാതായത്. കോട്ടായി സ്വദേശിയായ അഭിജിത്തിനെയാണ് രക്ഷപ്പെടുത്തിയത്.
സുഗുണേഷിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികള്‍. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. വിദ്യാർഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.
Leader Page
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
Kerala
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില്‍ കോളജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ?, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില്‍ പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
District News
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.
അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
District News
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക. തിരുമാലി കാരമാട ഉന്ന തിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ട തിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ ക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Kerala
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി. പള്ളഞ്ചിയിലെ അനീഷാണ് (43) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ടവന്ന കാർ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
Leader Page
നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വ്യായാമം കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2013-14 വർഷത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ പകുതിയിലേറെ ആളുകൾക്കും വ്യായാമക്കുറവുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാർഥികളിൽ വ്യായാമമില്ലായ്മ പലതരത്തിലുള്ള മാനസിക ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയും ഈ വിഷയത്തിൽ നടത്തിയ പഠനങ്ങൾ ഐഐസിഎംആറിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നുണ്ട്. കോവിഡിനുശേഷം കുട്ടികളുടെ സ്ക്രീൻ ടൈമിൽ ഉണ്ടായിട്ടുള്ള വലിയ വർധന കുട്ടികളിൽ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഒരു തലമുറയ്ക്കു മുമ്പ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന പൊതുകളിസ്ഥലങ്ങൾ പലതും ഇന്നുണ്ടോ? രോഗങ്ങളെ സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ പുതുതായി ചേർത്ത മാനസിക ആരോഗ്യപ്രശ്നമാണ് ഗെയിമിംഗ് ഡിസോഡർ. സൈബർ ഗെയിമുകളിൽ നിരന്തരം വ്യാപരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗെയിം അഡിക്ഷനാണിത്. ഇൻസ്റ്റ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പല ഫിൽറ്ററുകളും ഉപയോഗിക്കാം.
സ്വന്തം മുഖവും ശരീരവും കൂടുതൽ ആകർഷകമാക്കാൻ ഫിൽട്ടറുകൾക്ക് കഴിയും. പതുക്കെ സ്വന്തം ശരീരത്തോടും മുഖത്തോടും തോന്നുന്ന അപകർഷതാബോധമാണ് ബോഡി ഡിസ്മോർഫിക് ഡിസോഡർ. നിരന്തരമായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുന്നതും മറ്റുള്ളവരുടെ കമന്റുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പുമൊക്കെ അമിതമായാൽ അതെല്ലാം മാനസിക പ്രശ്നങ്ങൾക്കു വഴിതെളിക്കാം.
ലൈക്കിനും കമന്റിനുംവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന കുട്ടികൾ യഥാർഥജീവിതത്തിലും എപ്പോഴും അതു പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ ശ്രദ്ധ കിട്ടാതെ വരുമ്പോൾ അവർ പെട്ടെന്നു തളർന്നുപോകുന്നു. നിരന്തരമായി സ്ക്രോൾ ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം, തുടർച്ചയായി ബ്ലൂലൈറ്റ് കണ്ണിൽ പതിക്കുന്നതുമൂലം ഉണ്ടാകുന്ന ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ എന്നിവ പുതിയ തലമുറയെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളാണ്.
സ്ലീപ്പിംഗ് ഹൈജിൻ കുട്ടികൾക്ക് കുറയുന്നു. ഇതുകൂടാതെ മയക്കുമരുന്നിന്റെയും രാസലഹരിയുടെയും പ്രശ്നങ്ങൾ മറുവശത്തുമുണ്ട്. ഇതിൽനിന്നൊക്കെ ഒരു മോചനമെന്ന നിലയിലാണ് സ്കൂളുകളിൽ സൂംബ ഡാൻസ് പൊതുവിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചത്.
ലാറ്റിനമേരിക്കൻ ഡാൻസറും ഫിറ്റ്നസ് ട്രെ യ്നറുമായ ആൽബെർട്ടോ ബെറ്റോ പെറസ് വികസിപ്പിച്ച നൃത്ത വ്യായാമമുറയാണ് സൂംബ. ഡോമിനിക്കൻ റിപബ്ലിക്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായിരുന്ന പല സ്വഭാവമുള്ള നൃത്തരൂപങ്ങളുടെ സമന്വയമാണ് സൂംബ. കലോറി കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും തലച്ചോറിന്റെയും പേശികളുടെയും ചലനത്തിനും ഇത് ഉത്തമമാണെന്നു ശാസ്ത്രീയ പഠനങ്ങൾ പറയുന്നു.
സൂംബ ഡാൻസ് കുട്ടികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്ന് അർഥമില്ല. നമ്മുടെ കുട്ടികളുടെ ഉള്ളിലെ ഊർജത്തെ പോസിറ്റീവായ രീതിയിൽ ഇത് വഴിതിരിച്ചുവിടുമെന്ന കാര്യത്തിൽ സംശയമില്ല. സാധാരണ വ്യായാമമുറകളിൽനിന്ന് വ്യത്യസ്തമായി ഇതിനൊരു താളമുണ്ട്. സൂംബയിൽ വിനോദവും വ്യായാമവും സമന്വയിക്കപ്പെടുന്നു.
അലയടിക്കുന്ന താളത്തിന്റെ സൗന്ദര്യവും ചുവടുകളുടെ ഐക്യവുമെല്ലാം കുട്ടികളുടെ കൂട്ടായ്മയെയും പരസ്പര സഹകരണമനോഭാവത്തെയും വർധിപ്പിക്കും. ആത്മവിശ്വാസം വർധിക്കുന്നതിനും ചലനങ്ങൾ ഓർത്തിരിക്കേണ്ടതുകൊണ്ട് ഓർമശക്തിക്കും ഏകാഗ്രതയ്ക്കും താളാത്മക വ്യായാമമുറകൾ നല്ലതാണ്. ഉത്കണ്ഠ, ഭയം, ഏകാഗ്രതയില്ലായ്മ ഇവയെല്ലാം കുറയ്ക്കാനും സാധിക്കും. അക്കാദമിക അന്തരീക്ഷത്തിന്റെ സമ്മർദത്തിൽനിന്നും കുറെ സമയത്തേക്കെങ്കിലും മോചിപ്പിക്കും. ഔട്ട്ഡോർ ഗെയിമുകൾ കുറഞ്ഞ ജെൻ-സി തലമുറയ്ക്കു ശരീരത്തിന്റെ ഫ്ലക്സിബിലിറ്റി വർധിപ്പിക്കാനും സൂംബ പ്രയോജനംചെയ്യും.
പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ സംബന്ധിച്ച് ചില സംഘടനകളിൽനിന്ന് പ്രതിഷേധമുണ്ടായി. വ്യായാമത്തിലെ നൃത്തമാണോ നൃത്തത്തിന്റെ സംഗീതമാണോ വസ്ത്രധാരണമാണോ ഇടകലരലാണോ അവരുടെ പ്രശ്നമെന്നു വ്യക്തമല്ല.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവർ ആദ്യം ചെയ്തത് നാട്ടിലെ സംഗീതവും നൃത്തവും നിരോധിക്കലായിരുന്നു. ഇറാനിലും ചലച്ചിത്രത്തിനും സംഗീതത്തിനും നൃത്തത്തിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്. സൗദി അറേബ്യയിൽ അടുത്തകാലത്ത് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. സംഗീതവും നൃത്തവും അവിശുദ്ധമാണെങ്കിൽ അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ പിടിഎ ഉൾപ്പെടെയുള്ള ഭരണസമിതിയുണ്ട്. ഓരോ കുട്ടിക്കും പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അനുവാദം നൽകാനും നൽകാതിരിക്കാനുമുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കുമുണ്ട്. ഇത്തരം സ്വാതന്ത്ര്യം നിലനിൽക്കേ ഈ വ്യായാമനൃത്തമുറയ്ക്കെതിരേ മതസംഘടനകൾ വാളെടുക്കുന്നത് എന്തിനാണ്?
District News
പത്തനംതിട്ട: ഇന്ത്യക്കാരെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ചിന്തകളായിരിക്കണം വിദ്യാർഥികള്‍ പിന്തുടരേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് വള്ളിക്കോട് മണ്ഡലം പ്രസിഡന്റ് അലന് ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോബിന് പീറ്റര്‍, സജി കൊട്ടയ്ക്കാട്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അലന് ജിയോ മൈക്കിള്‍,
എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, പ്രഫ. ജി. ജോണ്‍, ടി.എസ്. തോമസ്, കണല് ഉണ്ണികൃഷ്ണന് നായര്‍, ക്രിസ്റ്റോ അനില്‍ കോശി, ആരോണ്‍, സി. യേശുദാസന്, കോശിക്കുഞ്ഞ് അയ്യനേത്ത്, പത്മ ബാലന്, തോമസ് തോളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വയനാട് ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് മാതൃകാപരമായ ഒരു പദ്ധതിക്ക് തുടക്കമായി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും ചേർന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സഹായമായി. പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം വലിയ ആശ്വാസമാകുന്നത്. വിദ്യാഭ്യാസം ഒരു അവകാശമാണെന്നും, അത് എല്ലാവർക്കും പ്രാപ്യമാക്കണമെന്നും സംഘാടകർ പറഞ്ഞു.
ഈ ഉദ്യമത്തിന് വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Education
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷാ ഫലങ്ങൾ വൈകുന്നത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാത്തത് ഉപരിപഠന സാധ്യതകളെയും തൊഴിൽ നേടാനുള്ള അവസരങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥി സമൂഹം.
പല കോഴ്സുകളുടെയും ഫലങ്ങൾ മാസങ്ങളായി വൈകുകയാണ്. ഇത് മറ്റ് സർവകലാശാലകളിലെ പ്രവേശന പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അപേക്ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്. എത്രയും വേഗം ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ സർവകലാശാല അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഫലം പ്രസിദ്ധീകരിക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.