Sports
ബിര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നടക്കുന്നത് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ. ചരിത്രത്തിൽ ഇക്കാലമത്രയുമായി ഒരു ജയം പോലും ഇന്ത്യക്കു നേടാൻ സാധിക്കാത്ത മൈതാനമാണ് എജ്ബാസ്റ്റൺ.
എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ തുടര്‍ തോല്‍വിക്ക് ഇത്തവണയെങ്കിലും ടീം ഇന്ത്യക്കു വിരാമമിടാന്‍ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. 1986ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് ചരിത്രം. അന്നു ജൂലൈ മൂന്നിനായിരുന്നു മത്സരം ആരംഭിച്ചത്. ഇത്തവണ ജൂലൈ രണ്ടിനാണെന്നു മാത്രം.
എജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ ഇന്ത്യ ഏഴിലും പരാജയപ്പെട്ടു. കഴിഞ്ഞ 58 വര്‍ഷമായി ജയമില്ലാത്ത എജ്ബാസ്റ്റണില്‍ ഇന്ത്യക്കു കന്നി ജയം നേടാന്‍ സാധിച്ചാല്‍ അത് ചരിത്രം. 1967, 1979, 1996, 2011, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ എജ്ബാസ്റ്റണ്‍ തോല്‍വികള്‍.
ലീഡ്സിലെ ഹെഡിംഗ്ലി മൈതാനത്തു നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. ആൻഡേഴ്സൺ - തെണ്ടുൽക്കർ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ നിലവിൽ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്. ചരിത്രം കുറിച്ച് എജ്ബാസ്റ്റണിൽ ജയം സ്വന്തമാക്കി ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യക്കു പരന്പരയിൽ തിരിച്ചുവരവു സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.
അതേസമയം, ലീഡ്സിൽ അഞ്ച് വിക്കറ്റ് ജയം നേടിയ പ്ലേയിംഗ് ഇലവനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസർ ജോഫ്ര ആർച്ചർ ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടിയില്ല. കുടുംബ ആവശ്യങ്ങൾക്കായി ഞായറാഴ്ച ജോഫ്ര ആർച്ചർ ടീം ക്യാന്പ് വിട്ടിരുന്നു. ചൊവ്വാഴ്ച മാത്രമേ ടീമിനൊപ്പം തിരിച്ചു ചേരൂ...
Sports
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ടീം. ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടക്കുന്ന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് സെഞ്ചുറി കുറിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്സില്‍ കെ.എല്‍. രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരും സെഞ്ചുറി സ്വന്തമാക്കി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം
ക്ലാസിക് രാഹുല്‍, പന്താക്രമണം
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. സ്കോര്‍ 92ല്‍ നില്ക്കുമ്പോള് ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
വാലറ്റം തവിടുപൊടി
ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.
Sports
ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിന് തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്ലിക്കും അവര്‍ നല്കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്.
സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്. 2013ല്‍ സച്ചിന്റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി. നാലാം നമ്പറില്‍ കോഹ്ലിയുടെ ആദ്യ ഇന്നിംഗ്സായിരുന്നു അത്. ഇതാ ഇപ്പോള്‍, കോഹ്ലിയുടെ വിരമിക്കലിനുശേഷമുള്ള ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയിരിക്കുന്നു. അതും നാലാം നമ്പറിലെ ആദ്യ ഇന്നിംഗ്സില്‍!!!
ടെസ്റ്റ് കരിയറില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ലീഡ്സ് പോരാട്ടത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 147 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമനാണ് 25കാരനായ ഗില്‍ എന്നതും ശ്രദ്ധേയം. 1951ല്‍ ഇംണ്ടിന് എതിരേ വിജയ് ഹസാരെ, 1976ല്‍ ന്യൂസിലന്‍ഡിന് എതിരേ സുനില്‍ ഗാവസ്കര്‍, 1987ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ദിലീപ് വെങ്സാര്‍ക്കര്‍, 2014ല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ വിരാട് കോഹ്ലി എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്മാര്.
Sports
ലീഡ്സ്: ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. വിജയ് ഹസാരെ, സുനിൽ ഗാവസ്കർ, ദിലീപ് വെങ്സാർക്കർ, വിരാട് കോഹ്ലി എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റർ.
1951ൽ ഡൽഹിയിൽ ഇംഗ്ലണ്ടിന് എതിരേ 164 നോട്ടൗട്ടായിരുന്നു വിജയ് ഹസാരെയുടെ ക്യാപ്റ്റൻ അരങ്ങേറ്റത്തിലെ സ്കോർ. സുനിൽ ഗാവസ്കർ 1976ൽ ഓക്ലൻഡിൽ ന്യൂസിലൻഡിന് എതിരേ 116 റൺസ് സ്വന്തമാക്കി. 1987ൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിന് എതിരേ 102 ആയിരുന്നു ദിലീപ് വെങ്സാർക്കറിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റ മത്സരത്തിലെ സ്കോർ. 2014ൽ അഡ്ലെയ്ഡിൽവച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ രണ്ട് ഇന്നിംഗ്സിലും വിരാട് കോഹ്ലി സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിൽ 115ഉം രണ്ടാം ഇന്നിംഗ്സിൽ 141ഉം. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി.
ക്യാപ്റ്റന്‍ ഗില്‍, റിക്കാര്‍ഡ്
കെ.എല്‍. രാഹുല്‍, സായ് സുദര്ശന് (0) എന്നിവര്‍ അഞ്ച് പന്തിന്റെ ഇടവേളയില്‍ പുറത്തായതോടെ 92/2 എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. നാലാം നമ്പറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനു (101) പൂര്‍ണപിന്തുണ നല്‍കുന്നതിനൊപ്പം കൃത്യമായി സ്കോര്‍ ഉയര്‍ത്തുന്നതിലും ഗില്‍ മികവുപുലര്‍ത്തി. നേരിട്ട 56-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 140-ാം പന്തിൽ ബൗണ്ടറിയിലൂടെ ഗിൽ സെഞ്ചുറി പിന്നിട്ടു. ടെസ്റ്റിൽ ഗില്ലിന്റെ ആറാം സെഞ്ചുറി.
ക്യാപ്റ്റനായും നാലാം നമ്പറായുമുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ 50+ സ്കോര്‍ നേടാന്‍ ഗില്ലിനു സാധിച്ചെന്നതും ശ്രദ്ധേയം. വിരാട് കോഹ്ലി ഒഴിച്ചിട്ട ബാറ്റിംഗ് സ്ഥാനമാണ് നാലാം നമ്പര്‍. കോഹ്ലിക്കുശേഷം എംആര്‍എഫ് ബാറ്റ് കൈയിലേന്തുന്ന ഗില്‍, ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന മൂന്നാമത് ഇന്ത്യക്കാരനാണ്. സി.കെ. നായിഡു (1932, ലോഡ്സ്), ജസ്പ്രീത് ബുംറ (2022, എഡ്ജ്ബാസ്റ്റണ്) എന്നിവരായിരുന്നു മുമ്പ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയവര്‍. ഇംഗ്ലണ്ട് മണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും 25കാരനായ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുന്പോൾ 175 പന്തിൽ 127 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് ശുഭ്മാൻ ഗിൽ. ഗില്ലിന് ഒപ്പം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (102 പന്തിൽ 65 നോട്ടൗട്ട്) ക്രീസിലുണ്ട്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
Sports
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര... അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.
2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്.
ഫ്രഷ് സ്റ്റാർട്ട്
വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ ആകെ നേടിയത് 88 റണ്‍സ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, കരുണ്‍ നായർ, സായ് സുദർശൻ എന്നിവർ ആദ്യമായാണ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തെത്തുടർന്ന് ടീമിൽ ഇടംനേടിയ കരുണ്‍ നായർക്കും സായ് സുദർശനും സ്ഥിരാംഗമാകാൻ ബാറ്റിംഗ് കരുത്തറയിക്കണം. ഐപിഎൽ ഓറഞ്ച് ക്യാപ് ജേതാവാണ് സുദർശൻ. അതേസമയം, ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടീമിലേക്കു തിരിച്ചെത്തിയ കരുണ്‍ നായറിൽ പ്രതിക്ഷയേറെയാണ്.
റെഡ് ബോളിൽ റെഡ് കാർഡ്
റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ ഇരുട്ടിൽതപ്പുകയാണ്. അവസാന പരന്പരകളിൽ ഓസീസിനെതിരേയും ന്യൂസിലൻഡിനെതിരേയും വന്പൻ തോൽവി ഏറ്റുവാങ്ങി. രോഹിത്, കോഹ്ലി എന്നിവർ ഈ പരന്പരകളിൽ ഫോമില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടു. ഋഷഭ് പന്ത് 43.50, ജയ്സാൾ 31.66, സർഫറാസ് ഖാൻ 28.50 എന്നീ ശരാശരിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം രോഹിത് ശർമ (368 റണ്‍സ്), കെ.എൽ. രാഹുൽ (315), ചേതേശ്വർ പൂജാര (306), രവീന്ദ്ര ജഡേജ (287), കോഹ്ലി (249) എന്നവിരായിരുന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. രാഹുലും ജഡേജയും മാത്രമാണ് ഇവരിൽ ഇന്നത്തെ ടീമിൽ കളിക്കാനുള്ളത്.
ഗില്ലിലെ നായകൻ
ചുരുങ്ങിയ ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ശുഭ്മാൻ ഗിൽ ശക്തരായ ഇംഗ്ലണ്ടിനെതിരേ എങ്ങനെ യുവനിരയെ നയിക്കുമെന്നതും ഏവരും ഉറ്റുനോക്കുന്നു. ജയ്സ്വാൾ- സുദർശൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യതയുണ്ട്. മൂന്നാം നന്പറിൽ പരിചയസന്പന്നരായ രാഹുൽ അല്ലെങ്കിൽ കരുണ്‍ ഇറങ്ങും. നാലാം നന്പറിൽ ഗില്ലും അഞ്ചാമനായി പന്തും ഇറങ്ങുമെന്നാണ് സൂചന. ബാസ്ബോൾ ബാറ്റിംഗ് പുറത്തെടുക്കുന്ന ഇംഗ്ലണ്ടിനെതിരേ ഗില്ലിന്റെ ക്യാപ്റ്റൻസി പരീക്ഷിക്കപ്പെടും.
ബുംറയ്ക്ക് ഒപ്പം ആരെല്ലാം
ഇന്ത്യൻ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളിൽ മാത്രമേ കളിക്കൂ. അധിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പരന്പരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ പരീക്ഷിക്കപ്പെടും. ആർ. അശ്വിന്റെ അഭാവത്തിൽ കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർക്കും സ്പിന്നിൽ കരുത്തറിയിക്കേണ്ടതുണ്ട്. ബുംറയ്ക്ക് ഒപ്പം പേസ് ആക്രമണത്തിന് ആരെല്ലാം എന്നതും കണ്ടറിയണം.
Sports
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പായി സുപ്രധാന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ വിരമിച്ചശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് നാളെ ആരംഭിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം നാളെ ലീഡ്സില്‍ തുടങ്ങും.
ഓപ്പണര്‍ രോഹിത് ശര്‍മയും നാലാം നമ്പറായിരുന്ന വിരാട് കോഹ്ലിയും വിരമിച്ചതോടെ പുതിയ ബാറ്റിംഗ് ലൈനപ്പും ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്സിയിലെത്തുന്ന പരമ്പരകൂടിയാണിത്. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പന്തിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആയിരിക്കും ക്രീസില്‍ എത്തുകയെന്നാണ് ഋഷഭ് പന്തിന്റെ വെളിപ്പെടുത്തല്‍. അഞ്ചാം നമ്പറില്‍ താന്‍ തുടരുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് ഇതിനോടകം കൃത്യത ആയിട്ടുണ്ടെന്ന് ഋഷഭ് പന്ത് പറഞ്ഞു. നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ താനും ഇറങ്ങും. അതേസമയം, മൂന്നാം നമ്പറില്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരം നല്‍കാറായിട്ടില്ല. മൂന്നാം നമ്പറിനെ കുറിച്ചുള്ള ചര്‍ച്ചകളും കണക്കുകൂട്ടലും നടന്നുകൊണ്ടിരിക്കുകയാണെന്നും പന്ത് വ്യക്തമാക്കി.
നാലിന്റെ ഉത്തരവാദിത്തം
വിരാട് കോഹ് ലി ഒഴിച്ചിട്ട സ്ഥാനമാണ് ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍. കോഹ്ലിയുടെ പിന്‍ഗാമിയായി എംആര്‍എഫ് പരസ്യം ബാറ്റില്‍ ഏന്തുന്ന ഗില്ലിനു മുന്നില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. നാലാം നമ്പറില്‍ കോഹ്ലി 7564 റണ്‍സ് നേടിയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് നാളെ ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തില്‍ നടക്കുക. 2024 ജൂലൈയില്‍ സിംബാബ്വെയ്ക്ക് എതിരേ അഞ്ച് മത്സര ട്വന്റി-20 പരമ്പരയില്‍ ക്യാപ്റ്റനായുള്ള മുന്‍പരിചയം ഗില്ലിനുണ്ട്.