NRI
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ താമസിക്കുന്ന രഞ്ജു റോസ് കുര്യൻ(40) ആണ് മരിച്ചത്.
അയര്‍ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് (നഴ്സ്). മക്കൾ: ക്രിസ്, ഫെലിക്സ്.
NRI
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി (റോം). രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
NRI
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാണ്(27) മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോമലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ്: ജോബിന് ജോസഫ്.
NRI
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
NRI
ഇരിട്ടി: ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യയിൽ നിർമിച്ച ഹ്രസ്വചിത്രത്തിൽ പങ്കാളിയായി കീഴ്പ്പള്ളി സ്വദേശിയും. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമായ ഇരിട്ടി കീഴ്പ്പള്ളിയിലെ കാരക്കാട്ട് തോമസ്-ഷൈനി ദമ്പതികളുടെ മകൻ ഷോൺ ആണ് ഹ്രസ്വചിത്രത്തിന്റെ പ്രൊഡ്യൂസർമാരിലൊരാൾ.
15 വർഷത്തിനു ശേഷമുള്ള പ്രകൃതിയെക്കുറിച്ചുള്ള സിനിമയാണ് ‘ഇമാജിൻ ലാൻഡ് 2040’. പ്രകൃതിയിലേക്കും ചുറ്റുപാടുകളിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിൽനിന്നും പുതിയ പ്രതീക്ഷയിലേക്കുള്ള ചെറിയ കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.
നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള കൊച്ചുസന്ദേശമാണ് സിനിമയുടെ രൂപത്തിൽ ഷോണും സുഹൃത്തുക്കളും പറഞ്ഞു വയ്ക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 35 വിദ്യാർഥികളും അഞ്ചു മുതിർന്നവരുമാണു സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
രണ്ടാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും നാലുമാസം എടുത്താണ് സിനിമയുടെ ചിത്രീകരണം മുഴുവൻ പൂർത്തിയാക്കിയത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ, വനങ്ങൾ, ചൈനയിലെ മലനിരകൾ, ആമസോൺ കാടുകൾ, സെനഗലിലെ മരുഭൂമി എന്നിവിടങ്ങളിലെ കാഴ്ചകളാണു സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾപഠന കാലഘട്ടത്തിൽത്തന്നെ അക്കഡേമിക് മികവുകൊണ്ട് യുഎന്നിന്റെ വിവിധ പ്രോഗ്രാമുകളിൽ ഷോൺ പങ്കെടുത്തിട്ടുണ്ട്. യുഎന്നുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾക്കായി ഷോൺ 33 വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ക്ഷണപ്രകാരം വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിലും ഷോൺ പങ്കെടുത്തിട്ടുണ്ട്.സിനിമയ്ക്കു പുറമെ ന്യൂയോർക്ക് സിറ്റിയിൽ പുതിയ സ്റ്റാർട്ട് അപ്പ് ബിസിനസും ആരംഭിച്ചിരിക്കുകയാണ് ഷോൺ.