മലപ്പുറം: 2025 -26 സാന്പത്തിക വർഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തി മലപ്പുറം ജില്ലാ പഞ്ചായത്ത്. 29.48 ശതമാനം വാർഷിക പദ്ധതി വിഹിതമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
വാർഷിക പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാനതലത്തിൽ പോരൂർ ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനത്തും നിലന്പൂർ മുൻസിപ്പാലിറ്റി മൂന്നാം സ്ഥാനത്തും തിരൂർ ബ്ലോക്ക് പഞ്ചായത്ത് നാലാം സ്ഥാനത്തുമാണ് നിലവിലുള്ളത്. സംസ്ഥാനതലത്തിൽ 21.49 ശതമാനം പദ്ധതി വിനിയോഗത്തോടെ ജില്ല നാലാം സ്ഥാനത്താണ്.
പദ്ധതി നിർവഹണത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ മികച്ച നേട്ടം കൈവരിച്ചതിന് ജില്ലാ ആസൂത്രണ സമിതി യോഗം അഭിനന്ദിച്ചു.
ചെലവ് ശതമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 15-ാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾ, കഐസ്ഡബ്ലിയുഎംപി ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.