Kerala
ആലപ്പുഴ: പുന്നപ്രയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
Kerala
പത്തനാപുരം: കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്. പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.
യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.
കൊല്ലം ആയൂരില്‍ വച്ചായിരുന്നു കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് മന്ത്രി തടഞ്ഞത്. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നും, പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്ന് എംഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. തങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചത് എന്ന ജീവനക്കാരുടെ വിശദീകരണത്തിന് ചെവി കൊടുക്കാനും മന്ത്രി തയാറായില്ല.
ഇന്നലെ ബസില്‍ നിക്ഷേപിച്ച കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തുമുന്‍പ് എന്താണ് നിങ്ങള്‍ ചെയ്തത് എന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി. രാവിലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില്‍ നിന്നും ബസിനെ പിന്തുടര്ന്ന് തടയുകയായിരുന്നു.
Kerala
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്.
ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞു നിർത്തുകയായിരുന്നു. ബസ് വൃത്തിയായി സൂക്ഷിക്കാത്തതില്‍ ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചു.
Kerala
കോട്ടയം: പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്.
പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്തുവച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു. ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ച കെഎസ്ആർടിസിക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കെഎസ്ആർടിസി എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
2025 സെപ്റ്റംബര്‍ എട്ടിനാണ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത്. മുന്‍പ് 2024 ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്.
നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റിക്കാർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്.
സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം.
ട്രാവൽ കാർഡ്, യുപിഐ പെയ്മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു.
മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർധനയ്ക്ക് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി.
കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. ബസിൽനിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനുശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
സ്വർണം എവിടെവച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനൊപ്പം ബജറ്റ് സ്റ്റേയും ഒരുക്കും. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന വിനോദ സഞ്ചാരത്തിനാണ് താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമായി സഹകരിച്ചാണ് താമസ ഭക്ഷണ സൗകര്യം ഒരുക്കുന്നത്.
ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് ടൂറിസം പരിപാടിയിൽ വിനോദ സഞ്ചാരികൾ തന്നെ രാത്രി താമസത്തിന് മുറി കണ്ടെത്തുകയും വാടകയ്ക്ക് എടുക്കുകയും വേണമായിരുന്നു. ഇത് വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടായി മാറുന്നതിനാലാണ് ബജറ്റ് സ്റ്റേ സൗകര്യമൊരുക്കുന്നത്.
നിലവിൽ കെഎസ്ആർടിസി മൂന്നാർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ സ്വന്തമായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടിടത്തും പഴയ ബസുകൾ മുറികളാക്കിയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി ഡോർമെറ്ററിയുടെ നിർമാണം നടന്നുവരികയാണ്. നെല്ലിയാമ്പതിയിൽ ഒരു ഹോട്ടലുമായി സഹകരിച്ച് ബജറ്റ് സ്റ്റേ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബജറ്റ് ടൂറിസം സെൽ റിസോർട്ട് ടൂറിസത്തിലേക്കും നീങ്ങുന്നുണ്ട്. പാലക്കാട് ജില്ലയിലെ സൈലന്റ് വാലിക്ക് സമീപം അട്ടപ്പാടിയിൽ ഒരു റിസോർട്ടുമായി റിസോർട്ട് ടൂറിസത്തിന് കരാറായിട്ടുണ്ട്. ഈ റിസോർട്ടുമായി സഹകരിച്ച് റിസോർട്ട് ടൂറിസത്തിന് തുടക്കമിട്ടു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ബജറ്റ് സ്റ്റേ ഒരുക്കും. ഹോട്ടലുകളിൽ നിന്നും താല്പര്യപത്രം സ്വീകരിച്ച് കെഎസ്ആർടിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന, പരമാവധി തുക കുറച്ച് സേവനത്തിന് തയാറാകുന്ന ഹോട്ടലുകളിലാണ് ബജറ്റ് സ്റ്റേ ഒരുക്കുന്നത്.
District News
കാട്ടാക്കട: പണിമുടക്കിൽ കാട്ടാക്കടയിൽ രണ്ടിടത്ത് നേരിയ പ്രശ്നങ്ങൾ ഉണ്ടായി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽനിന്നും കാട്ടാക്കട വഴി പൊന്മുടിയിലേക്കു പോവുകയായിരുന്ന ബസ് തടഞ്ഞത്. രാവിലെ 7.30 ആയിരുന്നു സംഭവം. ഇവിടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും സമരക്കാരുമായി വാക്കു തർക്കം ഉണ്ടായി.
തുടർന്ന് സമരക്കാരിൽ കണ്ടാൽ അറിയാവുന്നവർ കണ്ടക്ടറെ മർദിച്ചുവെന്നു കാട്ടാക്കട പോലീസിൽ പരാതി നൽകി. അതേ സമയം സമരക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നു സമരക്കാരും കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
കാട്ടാക്കട ആമച്ചൽ പ്ലാവൂർ സ്കൂളിൽ 27 ഓളം അധ്യാപകർ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതും പ്രശ്നമായി. പ്രദേശത്തെ സമരാനുകൂലികൾ സ്കൂളിനുള്ളിലേക്ക് കയറി അധ്യാപകരുമായി തർക്കത്തിൽ ഏർപ്പെട്ടു. രാവിലെ എത്തിയ അധ്യാപകർ വൈകുന്നേരം അഞ്ചുമണിക്കുശേഷം പോയാൽ മതിയെന്നും സമരക്കാർ ശഠിച്ചു.
പ്ലാവൂരിൽ സ്കൂളിൽ സമരാനുകൂലികൾ നടത്തിയ പ്രതിഷേധത്തിൽ സ്കൂളിലെ സ്റ്റോറും വാതിലും തകർത്തപ്പോൾ ഇതുതെറിച്ച് അധ്യാപകരുടെ ശരീരത്തിൽ പതിച്ച് പരിക്കേറ്റെന്നാരോപിച്ച് കാട്ടാക്കട പോലീസിൽ അധ്യാപകർ പരാതി നൽകി. സ്കൂളിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിക്കുകയും അധ്യാപകരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് അധ്യാപകർക്കനുകൂലമായി കോൺഗ്രസും ബിജെപിയും പ്രകടനം നടത്തി.
കാട്ടാക്കട കെഎസ് ആർടിസി സ്റ്റാൻഡിൽ മുന്നിൽ സമരാനുവരികൾ നെയ്യാറ്റിൻകരയിൽനിന്നും പൊന്മുടിയിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞ ഡ്രൈവറെ മർദിച്ച സംഭവത്തിൽ കേസെടുത്തു.
District News
നയ്യാർഡാം: നെയ്യാർ ഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. 15 പേർക്കു പരിക്കേറ്റു. ഡ്രൈവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. കാട്ടാക്കടയിൽനിന്നു നെയ്യാർ ഡാമിലേക്കുപോയ ഓർഡിനറി ബസും ഡാമിൽനിന്നു തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് ബസും തമ്മിലാണ് നെയ്യാർഡാം തുണ്ടുനടയിൽ കൂട്ടിയിടിച്ചത്.
ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായതെന്നു ദൃക്സാ ക്ഷികൾ പറയുന്നു. ഇതിൽ ഓർഡിനറി ബസിന്റെ ഡ്രൈവറായ വിജയകുമാർ എന്ന മണികുട്ടൻ ബസിന്റെ സ്റ്റിയറിംഗിൽ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണു വിജയകുമാറിനെ പുറത്തെടുക്കാൻ സാധിച്ചത്.
പരിക്കേറ്റവരെ മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ആരുടേയും പരിക്കു ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഞായറാഴ്ച ആയതിനാൽ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല.
അതിനാൽ തന്നെ വൻ അപകട ദുരന്തം ഒഴിവായി. വൻ ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്കു കമ്പിയിലും മറ്റും ഇടിച്ചാണ് പരിക്കേറ്റത്. രണ്ടു ബസുകളുടേയും കൂട്ടയിടയിൽ യാത്രക്കാർ പരിഭ്രാന്തരായി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. നാട്ടുകാർ വിവരം അറിയിച്ചതോടെ, ഇതിനിടെ കാട്ടാക്കട, നെയ്യാർഡാം എന്നിവിടങ്ങളിൽനിന്ന് ഫയർ ഫോഴ്സ് സംഘവും എത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്.
റോഡിൽ ട്രാഫിക്ക് സിസ്റ്റം ഇല്ല; അറിയിപ്പ് ബോർഡും
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലേയ്ക്കുള്ള പ്രധാന റോഡിണിത്. അടുത്തിടെ ഈ റോഡ് നവീകരിച്ചിരുന്നു. എന്നാൽ റോഡിൽ ട്രാഫിക്ക് സംവിധാ നം ഇല്ല. മാത്രമല്ല അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. വൻ വളവുകളും കയറ്റവും ഉള്ള റോഡാണിത്. എന്നാൽ ഈ ഭാഗത്ത് അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല. നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു സ്ഥിരമായി മാറുന്നു.
നെയ്യാർഡാം റോഡിന്റെ വശത്തുള്ളത് വൻ കുഴി
കാട്ടാക്കട : നെയ്യാർഡാം റോഡിന്റെ വശത്ത് വൻ കുഴിയുണ്ട്. ഇതിനു സമീപത്തുകൂടിയാണ് നെയ്യാർ നദി കടന്നുപോകുന്നത്. അപകടം നടന്ന സ്ഥലത്തു നിന്നും കുറച്ചകലെയാണ് റോഡിനു സമീപത്തെ വൻ കുഴിയുണ്ടായിരുന്നത്. ഇതിൽ പെട്ടിരുന്നുവെങ്കിലും വൻ ദുരന്തം സംവിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.
റോഡിൽ സംരക്ഷണ വേലി ഉൾപ്പടെ സ്ഥാപിക്കണമെന്നു പലവുരു നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ അതുണ്ടായില്ല. പൊതുമരാമത്ത് വകുപ്പും ഇറിഗേഷൻ വകുപ്പും തമ്മിലുള്ള ചേരിപ്പോരാണ് ഇതിനു പിന്നിലെന്നും അടിയന്തിരമായി സംരക്ഷണ വേലി സ്ഥാപിച്ചില്ലെങ്കിൽ വൻ സമരത്തിന് രൂപം നൽകുമെന്നു കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻന്റ് ശ്രീകുമാർ പറഞ്ഞു.
ഈ ഭാഗത്ത് ഇതിനകം തന്നെ നിരവധി അപകടങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ 20ളം അപകടങ്ങളാണ് നടന്നത്.
District News
നെടുമങ്ങാട്: കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യാ സഹോദരൻ ജെ. ഷാജഹാനെ (52) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി (68)നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുൻപാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുൻപ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം.
കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയതെന്നു പറയുന്ന ഭൂമിയിൽനിന്നും അഷറഫ് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരൻ ജെ. ഷാജഹാൻ തന്റെ സ്ഥലത്തുനിന്ന് ആദായമെടുക്കരുതെന്നു പറഞ്ഞു വിലക്കുകയായിരുന്നു.
ഇതു വകവയ്ക്കാതെ പണിക്കാരനൊപ്പം മുന്നോട്ടു നീങ്ങിയ അഷറഫിനെ ഷാജഹാൻ കൈയേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിനു പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ അഷറഫിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുമുള്ള ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിച്ചു. കാലിലേറ്റ പരിക്കുമൂലം പ്രമേഹ രോഗിയായ അഷ്റഫിനു രക്തസമ്മർദം കൂടിയാണു മരണം സംഭവിച്ചതെന്നും വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണു നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ തർക്കമുണ്ടായതായും അഷറഫിനെ മർദിച്ചതായും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
District News
ചങ്ങനാശേരി: തുരുത്തി-മുളയ് ക്കാംതുരുത്തി-വാലടി-കാവാലം റോഡിലെ കുഴികളടച്ച് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉയരുന്നു. റോഡ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചമുതല്‍ ഈ റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് ഈ മേഖലയിലുള്ള വിദ്യാര്‍ഥികളടക്കം യാത്രക്കാരെ വലച്ചിരിക്കുകയാണ്.
ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പറാല്‍, കുമരങ്കരി, വാലടി വഴി കാവാലത്തേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാരകത്ര, കൃഷ്ണപുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിലേക്ക് കയറിയ നിലയിലാണ്. പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് ക്രമീകരിച്ചാല്‍ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തുരുത്തി, വാലടി, വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നാളെ വൈകിട്ട് 5.30 ന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
District News
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
നവീകരണ പദ്ധതിയിൽ ആധുനിക ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, മികച്ച പാർക്കിംഗ് സൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും കൂടുതൽ വെളിച്ചം ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം വർദ്ധിപ്പിക്കാനും ഇത് സഹായകമാകും.
ടൂറിസം മന്ത്രിയും കെ.എസ്.ആർ.ടി.സി. എം.ഡിയും പങ്കെടുത്ത യോഗത്തിലാണ് ഫണ്ട് അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം എടുത്തത്. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പണികൾ നടത്തുമെന്നും അധികൃതർ അറിയിച്ചു
Kerala
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലങ്ങോട് സ്കൂള്‍ ബസും കെഎസ്ആര്‍സി ബസും കൂട്ടിയിടിച്ച് അപകടം. 11 കുട്ടികള്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
രാവിലെ എട്ടോടെ ആലങ്ങോട് പെട്രോള്‍ പമ്പിന് സമീപമുള്ള സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന്റെ പിന്നില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു.
Kerala
പ്രദീപ് ചാത്തന്നൂര്‍
ചാത്തന്നൂര്‍: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാര്‍ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസഗഡു തുക റിക്കവറി ചെയ്യുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തെ ശമ്പളം മുതല്‍ ഇത് നടപ്പാക്കും.
ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക മാസംതോറും റിക്കവറി ചെയ്യുകയും അത് യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാതെ കെഎസ്ആര്‍ടിസി തിരിമറി നടത്തുകയുമായിരുന്നു പതിവ്. ശമ്പളത്തില്‍നിന്നു റിക്കവറി ചെയ്യുന്നതുക ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കാതെ വര്‍ഷങ്ങള്‍ നീണ്ട കുടിശിക വരുത്തിയതിനാല്‍ പല ജീവനക്കാരും ജപ്തിനടപടികള്‍ വരെ നേരിടേണ്ടി വന്ന ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
ജൂണ്‍ മാസം മുതല്‍ റിക്കവറി നടപടികള്‍ കെഎസ്ആര്‍ടിസി ഒഴിവാക്കും. അതോടെ ജീവനക്കാര്‍ക്ക് മാസഗഡു തുക നേരിട്ട് ഒടുക്കാനുള്ള വഴി തുറന്നു.
ജീവനക്കാരുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്എല്‍ഐ) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സ്കീം (ജിഐഎസ്) ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീം (എല്‍ഐസി) എന്നിവയും ബാങ്കുകള്‍, കെഎസ്എഫ്ഇ, സര്‍വീസ് സഹകരണ ബാങ്കുകള്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തുകകളാണ് മാസംതോറും ശമ്പളത്തില്‍നിന്നു റിക്കവറി നടത്തിക്കൊണ്ടിരുന്നത്.
Kerala
ചാത്തന്നൂർ: തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ കൂടി കെ എസ് ആർടിസി ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കുന്നു. ഇന്ന് മുതൽ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ യൂണിറ്റുകളിലാണ് ട്രാവൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടു മാസം മുമ്പേ ട്രാവൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റ പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷമാണ് മറ്റ് മൂന്ന് ജില്ലകളിലെ യൂണിറ്റുകളിലേക്കുകൂടി ട്രാവൽ കാർഡ് വ്യാപിപ്പിക്കുന്നത്.
തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നേരത്തെ ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കിയിരുന്നു. ആൻഡ്രോയിഡ് സംവിധാനം ഉള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ ഡിവൈസുകളിലാണ് ട്രാവൽ കാർഡ് സംവിധാനം കെ എസ് ആർടിസി സജ്ജീകരിച്ചിരിക്കുന്നത്.
ബസ് കണ്ടക്ടർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, യൂണിറ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ട്രാവൽ കാർഡ് യാത്രക്കാർക്ക് ലഭ്യമാക്കും. 50 രൂപയാണ് ചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാർജ് ചെയ്യാം.
ഈ കാർഡ് ഉടമസ്ഥന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർക്കും ഉപയോഗിക്കാം. 1000 രൂപയ്ക്ക് ചാർജ് ചെയ്താൽ40 രുപയുടെയും 2000 രൂപയ്ക്ക് ചാർജ് ചെയ്താൽ 100 രൂപയുടെയും ബോണസ് ആനുകൂല്യം ലഭിക്കും.
കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം ഉടമയ്ക്കാണ്. കാർഡ് പ്രവർത്തനക്ഷമമല്ലാതായാൽ യൂണിറ്റുമായി ബന്ധപ്പെടണം. അഞ്ചു ദിവസത്തിനകം പ്രവർത്തനക്ഷമമാകും. കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റി നല്‍കില്ല.
പുതിയ കാർഡ് എടുക്കുമ്പോൾ നശിച്ച കാർഡിലെ ബാക്കി തുക കൂടി പുതിയ കാർഡിൽ കൂട്ടി ചേർക്കും. സംസ്ഥാനമൊട്ടാകെ ട്രാവൽ കാർഡ് സംവിധാനം നടപ്പാക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം