കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ കൊച്ചിയിലാണ് നടക്കുക. ലോഗോ പ്രകാശനം ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. ഹൈബി ഈഡന് എംപി, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് വേണു രാജാമണി, ജെയിന് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സുബി കുര്യന് എന്നിവര്‍ ചേര്‍ന്നാണു പ്രകാശനം നിര്‍വഹിച്ചത്.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എര്‍ത്ത്, സംരംഭകത്വം, വെല്‍നെസ്, ഫുഡ്, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിങ്ങനെ ഏഴു ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. ഹൈബ്രിഡ് ഇന്നൊവേഷന് മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളജുകളിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ടീമുകളായി പങ്കെടുക്കാം.
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരമായ സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയം ആസ്പദമാക്കി അഞ്ചു മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ തയാറാക്കി #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും സംഘാടകര്‍ക്ക് സമര്‍പ്പിക്കുകയും വേണം. അവസാന തീയതി: 2026 ജനുവരി 10.