Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Kerala
കോഴിക്കോട്: സർക്കാരിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി. സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും രാമകൃഷ്ണൻ പറഞ്ഞു.
Editorial
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്‍പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.
Leader Page
ഭൂനിയമങ്ങളുടെ അഴിയാക്കുരുക്കിൽ പെട്ടുഴലുന്ന മലയോരജനങ്ങൾ പ്രതീക്ഷിച്ചത് 2023ലെ ഭൂപതിവ് ചട്ട ഭേദഗതി തങ്ങളെ സ്വതന്ത്രരാക്കുമെന്നാണ്. എന്നാൽ, രണ്ടു വർഷത്തിനുശേഷമുണ്ടായ ചട്ടങ്ങൾ അവരെ വീണ്ടും ചുവപ്പുനാടയിൽ വരിഞ്ഞുമുറുക്കുന്നു, അവർ തെറ്റുകാരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇത്തരം ജനദ്രോഹത്തിന് പച്ചക്കൊടി കാണിച്ച സബ്ജക്ട് കമ്മിറ്റിയോട് പറയാനുള്ളത്, ഇത് ജനാധിപത്യ സംവിധാനങ്ങളുടെ വേരറക്കുന്ന നെറികെട്ട നടപടിയാണ് എന്നു മാത്രമാണ്. 1964ൽ ചട്ടമുണ്ടാക്കി നടപ്പാക്കിയവർ ചട്ടലംഘനങ്ങൾക്ക് യഥാസമയം നടപടിയെടുക്കാതെ അനങ്ങാതെയിരുന്ന് 61-ാം കൊല്ലം ചട്ടങ്ങൾ ലംഘിച്ചതായി കണ്ടുപിടിച്ച് നാട്ടിലാകമാനമുള്ള കുടുംബങ്ങളെ അശാന്തിയിൽ കുരുക്കിയത് ശരിയല്ല.
2023 സെപ്റ്റംബർ 14ന് പാസാക്കിയ ബിൽ നന്പർ 73 കേരള ഭൂപതിവ് നിയമ ഭേദഗതിയിൽ എന്തുകൊണ്ടാണ് ചട്ടങ്ങളുണ്ടാക്കാൻ രണ്ടുകൊല്ലം വച്ചുതാമസിപ്പിച്ചത്? കേരളം ആകമാനം അന്ധകാരത്തിലായിരുന്നില്ലല്ലോ? അപ്പോൾ അതിന് പിന്നിൽ ഈ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കം ചാർത്താൻ ഗൂഢാലോചന നടത്തിയതാരാണ്? നിസംശയം ഉത്തരമുണ്ട്. ഇത് ഒരുപറ്റം ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനകൊണ്ടുണ്ടായതാണ്. ഈ ചട്ടങ്ങൾ റവന്യു വകുപ്പിലും നിയമവകുപ്പിലും അതീവ രഹസ്യസ്വഭാവത്തോടെയാണ് രണ്ടു കൊല്ലക്കാലം സൂക്ഷിച്ചത്. എന്താണതിന്റെ കാരണം?
‘പിഴ’കൊണ്ട് പണമുണ്ടാക്കാന്‍ നോക്കണ്ട
മന്ത്രിതന്നെ പറഞ്ഞത്, ഐഎഎസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ ചർച്ച നടത്തിയാണ് ചട്ടമുണ്ടാക്കിയത് എന്നാണ്. എന്നാൽ, ചർച്ചയിൽ ഉദ്യോഗസ്ഥരല്ലാതെ ആരുംതന്നെ പിഴയടയ്ക്കണമെന്ന് പറഞ്ഞതായി അറിയുന്നില്ല. കേന്ദ്രാവഗണന നിമിത്തമുള്ള സാന്പത്തികഞെരുക്കം സംസ്ഥാനത്തിനുണ്ട്. അതു മറികടക്കാൻ കേരളീയർ ഒരുമിച്ചുതന്നെ നിൽക്കും. എന്നാൽ, നാട്ടിലെ ജനങ്ങളുടെമേൽ വിവിധ യിനം പിഴകൾ അടിച്ചേൽപ്പിച്ചു പണമുണ്ടാക്കണം എന്ന നിലയിലാണെങ്കിൽ അത് ശരിയല്ലെന്നുതന്നെ പറയാതെ വയ്യ. നിയമക്കുരുക്കുണ്ടാക്കി സാധാരണ ജനങ്ങളെ വട്ടംകറക്കുന്നത് അനുവദിക്കാൻ പാടില്ല.
1967 മുതൽ ഈ നിർമാണനിരോധനം വരെ കേരളത്തിന്റെ ഗവണ്മെന്റുകളും അതിന്റെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥരും എന്തുകൊണ്ട് ഇത്ര ശിക്ഷവിധിക്കാവുന്ന ലക്ഷക്കണക്കിനായുള്ള കുടുംബങ്ങളുടെ നിയമനിഷേധത്തെ കാണാതെപോയി? ഇപ്പോൾ ജനങ്ങളെയല്ലാം പിഴയടപ്പിക്കാൻ ചട്ടങ്ങളുണ്ടാക്കിയവരെപ്പോലെ നിയമം ലംഘിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയല്ലേ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടത്.
കേരളത്തിൽ ഭൂപരിഷ്കരണത്തെത്തുടർന്ന് ജന്മിത്തം ഇല്ലാതായി, ജന്മി ആധാരം ചെയ്തുകൊടുത്ത രേഖ അംഗീകൃതമായി. കുടികിടപ്പുകാർക്ക് ലാന്‍ഡ് ട്രൈബ്യൂണൽ വഴി അപേക്ഷ വാങ്ങി ക്രയസർട്ടിഫിക്കറ്റ് നൽകി. റവന്യു ഭൂമിപതിച്ചു നൽകിയപ്പോൾ ഫീസ് വാങ്ങി പട്ടയം നൽകി. വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാൻ വയനാട്ടിൽ ഡബ്ല്യുസിഎസ് പട്ടയം, രാജാവിന്റെ കാലത്ത് ചെന്പുപട്ടയം, ബ്രിട്ടീഷ് പട്ടയം, ഇടുക്കിയിലെ സിഎച്ച്ആർ പട്ടയം, വയനാട്ടിലെ എൽഎ പട്ടയം, ഡികെ പട്ടയം തുടങ്ങി കേരളത്തിന്റെ 14 ജില്ലകളിലും വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇക്കാലമത്രയും വന്നതിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നോട്ടക്കുറവിനാൽ ഉണ്ടായവയടക്കം പൊറുക്കപ്പെടേണ്ടതാണ്.
ഉദ്യോഗസ്ഥഭാഷ മാത്രം പോരാ
സർക്കാർ കേവലം ഉദ്യോഗസ്ഥഭാഷയിൽ ഭരണം നടത്തിയാൽ പോരാ. ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകണം. ഭരണം നടത്തുന്നവർതന്നെ നെഗറ്റീവ് ഫയലുകളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിന്റെ ഭൗതിക മേഖലകളിലും സാമൂഹ്യവികസന ക്ഷേമകാര്യങ്ങളിലുമെല്ലാം ഗവണ്മെന്റ് നല്ലപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഓരോ പൗരനും ഏതൊരു ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്പോൾ തികച്ചും നെഗറ്റീവ് മറുപടിയാണ് ലഭിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങി നടന്നും തളർന്നും കാര്യങ്ങൾ സാധിക്കാത്തതിന്റെ കടുത്ത ദുഃഖഭാരത്താൽ ജനങ്ങൾ നിരാശയിലാണ്.
2010ൽ ഇടുക്കിയിൽ തുടങ്ങി കേരളമാകെ വ്യാപിച്ച നിർമാണനിരോധനത്തിൽ ഹൈക്കോടതിയിൽ ഹാജരാകാതെ കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ച് അവതരിപ്പിക്കാനുള്ള ഗൃഹപാഠം ചെയ്യാതെ ‘കാട്ടിലെ തടി തേവരുടെ ആന’ എന്നപോലെ പ്രവർത്തിച്ച ഉദ്യോഗസ്ഥരും അഭിഭാഷകരും തെറ്റുകാരാണ്. ഫലത്തിൽ അതിന്റെ പാപഭാരം സർക്കാരിന് ചുമക്കേണ്ടതായി വന്നു. സുപ്രീംകോടതിയിൽനിന്നു തിരിച്ചടി നേരിടേണ്ടതായി വരികയും ചെയ്തു. ഇനിയും ഈ സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ച ചട്ടപ്പിഴയുമായി പോകാനാണെങ്കിൽ ജനങ്ങൾ വലിയതോതിൽ നിരാശരാകുമെന്ന കാര്യത്തിൽ തർക്കമില്ല.
എംഎൽഎമാരും മാപ്പർഹിക്കുന്നില്ല
ഓരോ സന്ദർഭത്തിലും ഭേദഗതി കൊണ്ടുവരുന്പോൾ അത് ഉദ്യോഗസ്ഥ ഭാഷയെന്നു പറഞ്ഞ് ആർക്കെങ്കിലും വഴിമാറാൻ പറ്റുമോ? ഗൃഹപാഠം ചെയ്യാത്ത നിയമസഭാ സാമാജികരും ഇക്കാര്യത്തിൽ മാപ്പർഹിക്കുന്നില്ല. ഈ ബില്ലും ഐകകണ്ഠേ്യനയാണ് പാസാക്കിയത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. എന്നാൽ, പിൽക്കാലത്ത് ആ ബില്ലിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെപോയി.
നിയമസഭാ കക്ഷികളുടെ രാഷ്ട്രീയ പോരാട്ടങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ, ജനജീവിതവുമായി ബന്ധപ്പെട്ട ഒരു ബില്ലിലെ വ്യവസ്ഥകളെന്തെല്ലാമാണെന്ന് പലരും അറിയുന്നില്ല. അതിന്റെ പ്രധാന കാരണം നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളിലെ കുത്തുകളും കോമകളും ചൂണ്ടിക്കാട്ടലുകളുമെല്ലാം പലരും മനസിലാക്കാൻ ശ്രമിക്കുന്നില്ല. പഴയ രീതികൾ തുടരാതെ ഡിജിറ്റൽ കാലത്ത് അവയെല്ലാം തിരുത്താൻ മെംബർമാർക്കും ഗവണ്മെന്റിനും കഴിയണം. ഐകകണ്ഠ്യേന പാസാക്കിയതുകൊണ്ട് ശരിയാകണമെന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഇപ്പോഴത്തെ ചട്ടങ്ങൾ.
മലയോരത്തെ ജനങ്ങൾ നിർമാണങ്ങൾക്ക് നിയമാനുസരണം ഫീസടച്ചു, കാലാകാലങ്ങളിൽ ഭൂനികുതിയടച്ചു. 60 കൊല്ലത്തിനുശേഷം അനാവശ്യമായ ഒരു ചട്ടമുണ്ടാക്കി അതിൽ സ്ലാബ് നിശ്ചയിച്ച് ഓരോ സ്ലാബിലും പ്രത്യേകം പ്രത്യേകം പിഴപ്പണമടയ്ക്കാൻ ഇവർ എന്തു തെറ്റാണ് നാടിനോട് ചെയ്തത്? കേരളത്തിൽ കുടിയേറ്റ കൈവശ കർഷകർ മണ്ണിനെ പൊന്നാക്കിയ പരിശ്രമശാലികളാണ്. നാടിന്റെ അഭിവൃദ്ധിയും ഉപജീവനത്തിന്റെ തീക്ഷ്ണമായ പാതയിൽ വികാസത്തിനും പുരോഗതിക്കും സമസ്ത മേഖലകളിലും നല്ല സംഭാവന ചെയ്തവരാണ്. അവർ പിഴയടയ്ക്കണമെന്ന ഈ ആവശ്യത്തിന്റെ മുന്പിൽ അരുത് എന്നു മാത്രമേ പറയാൻ കഴിയൂ.
ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്
സ്ഥിരാവകാശ പട്ടയത്തിന് അനാവശ്യ ഉപാധികൾ ഉണ്ടാവേണ്ടതില്ല. ഗവണ്മെന്റ് സർവാധികാരിയാണ്. അതിനാൽതന്നെ ഉദ്യോഗസ്ഥവീഴ്ചയാൽ വന്ന കൈത്തെറ്റ് പൊറുക്കപ്പെടേണ്ടതാണ്. ജനങ്ങളറിയാത്ത നിയമം വ്യാഖ്യാനിച്ചു കൊടുക്കേണ്ടത്, തെറ്റ് തിരുത്താൻ നിയമം കാണിച്ചു പറഞ്ഞുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അവർ പോയ കാലങ്ങളിൽ സർക്കാരിനെയും ബോധ്യപ്പെടുത്തേണ്ടതായിരുന്നു. ആറു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴല്ല പറയേണ്ടത്.
ഈ ചട്ടങ്ങളിലെ എല്ലാ ശിക്ഷകളും ഒഴിവാക്കി ഉപാധി രഹിത പട്ടയം, ഒറ്റപ്പട്ടയരേഖ കേരളത്തിനായി നൽകാനാണ് ഗവണ്മെന്റ് തയാറാകേണ്ടത്. 1964ൽ ചട്ടങ്ങളുണ്ടാക്കിയപ്പോൾ ഒരു വീടിന്റെയും ഉയർന്ന ചതുരശ്ര അടി കണക്കാക്കി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, പുതിയ ചട്ടത്തിൽ 3,000 ചതുരശ്ര അടി എന്നു കാണുന്നു. 3,000 ചതുരശ്ര അടി വീടുള്ളവർക്ക് 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണമെന്ന് പറയുന്നു. ചട്ടങ്ങളിൽ ഉൾപ്പെടുത്തിയോ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയോ ചെയ്യാവുന്നതുമാണ്. ഇതിനായി വീണ്ടും വീണ്ടും ഉദ്യോസ്ഥരുടെ അടുത്തു പോകാതെ, പ്രാദേശിക ഗവണ്മെന്റുകളുടെ രജിസ്റ്ററുകൾ, വില്ലേജ് ഓഫീസുകളിലെ രേഖകൾ എന്നിവ പരിശോധിച്ച് ക്രമപ്പെടുത്താവുന്ന കാര്യത്തിന് ആവശ്യമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
24.06.27ന് ശേഷം ഒരു വീട് അഥവാ കെട്ടിടം പണിയുന്നവർ എന്തു ചെയ്യണമെന്ന് പറയുന്നില്ല. ഇനിയും ആറ് പതിറ്റാണ്ട് കഴിയണമോ, അതിന്റെ ചട്ടം വരാൻ? ഈ ചട്ടങ്ങളിൽതന്നെ ഉപാധിരഹിതമായി ചേർത്താൽ എന്താണ് തകരാറ്. അഥവാ തകരാറുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇപ്പോൾതന്നെ ഗവണ്മെന്റിന് കഴിയേണ്ടതല്ലേ?
മന്ത്രി സൂചിപ്പിച്ചതുപോലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യാൻ മാത്രം കേരളത്തിലെ എല്ലാ കുടുംബങ്ങളും പ്രാപ്തരായിട്ടുണ്ടോ എന്നത് സംശയകരമാണ്. മാത്രവുമല്ല, ഇന്ന് ഇ-ഗവേണ്‍സിന്റെ ഭാഗമായി ഒരു സർട്ടിഫിക്കറ്റിനുവേണ്ടി അക്ഷയപോലുള്ള സംവിധാനങ്ങളിൽ ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് ജനങ്ങളെ വട്ടം കറക്കാതെ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ചട്ടങ്ങളിലെ ജനവിരുദ്ധമായവ തള്ളിക്കളയാൻ ഗവണ്മെന്റ് സധൈര്യം മുന്നോട്ടുവരണം.
Editorial
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Leader Page
1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന മിക്കവാറും ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നത് ഭൂമി പതിച്ചുകൊടുക്കുന്നത് കൃഷിക്കും വീട് വയ്ക്കാനുമായിട്ടാണ് എന്നാണ്. അന്നത്തെ സാഹചര്യത്തിൽ കൃഷിയായിരുന്നു മുഖ്യ ജീവനോപാധി, അതുകൊണ്ടുതന്നെ അത്തരം ഒരു നിബന്ധനയിൽ അസാധാരണത്വമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കർഷകർക്ക് കൃഷി ചെയ്യണമെങ്കിൽ ആ സ്ഥലത്തു ജീവിക്കുകയും സാധാരണ മനുഷ്യരുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കൂടിയേ തീരൂ എന്നത് പ്രത്യേകം എടുത്തുപറയേണ്ടാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ കൃഷിക്കും വീടുവയ്ക്കാനും എന്ന് നിബന്ധനയോടുകൂടെ പതിച്ചു നൽകപ്പെട്ട ഭൂമിയിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉയരുകയും പഞ്ചായത്തും റവന്യു വകുപ്പും അത്തരം കെട്ടിടങ്ങൾക്കു പ്രത്യേകം ഫീസ് വാങ്ങുകയും ചെയ്തിരുന്നു.
അത്തരം വാണിജ്യകെട്ടിടങ്ങളിൽ യാതൊരു നിയമവിരുദ്ധതയും 1960 മുതൽ 2016 വരെയുള്ള 65 വർഷക്കാലം കേരളം ഭരിച്ചിരുന്ന ഒരു സർക്കാരുകളും കണ്ടിരുന്നില്ല. എന്നാൽ, 2016ൽ കേരള ഹൈക്കോടതിയിൽ വന്ന ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ പിണറായി വിജയൻ സർക്കാരാണ് ആദ്യമായി അത്തരം വാണിജ്യകെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന വിചിത്ര വാദം ഉയർത്തിയതും അതിന്റെ അടിസ്ഥാനത്തിൽ അത്തരം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതും. അത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമാകാതിരിക്കണമെങ്കിൽ സർക്കാർ ചട്ടം മാറ്റണമെന്നും കേരള ഹൈക്കോടതി വിധിച്ചു.
2012ൽ കേരള ഭൂപതിവ് നിയമത്തിൽ കൊണ്ടുവന്ന സെക്ഷൻ 7 ഭേദഗതി പ്രകാരം, പ്രസ്തുത നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നിട്ടുള്ള ഏതു ചട്ടവും മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ നിയമം ഉപയോഗിച്ചുകൊണ്ട് അത്തരം ചട്ടങ്ങളിൽ കൃഷിക്കും വീടിനും എന്നതിനൊപ്പം ‘മറ്റ് ആവശ്യങ്ങളും’ എന്നു മാത്രം കൂട്ടിച്ചേർത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്. അതിനു പകരം, 1960ലെ നിയമംതന്നെ ഭേദഗതി ചെയ്ത്, പിഴ അടച്ചു മാത്രമേ അത്തരം കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ പറ്റൂ എന്ന വ്യവസ്ഥ കൊണ്ടുവരുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്.
ഇത് ജനങ്ങളെ പിഴിയുന്നതിനും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും തോന്നുംപോലെ കൈക്കൂലി വാങ്ങുന്നതിനുള്ള സുവർണാവസരമാക്കി മാറ്റിയിരിക്കുന്നു. ഈ നിയമ ഭേദഗതി പ്രകാരം നിലവിലുള്ള കെട്ടിടങ്ങൾ മാത്രമേ സർക്കാർ നിശ്ചയിക്കുന്ന പിഴ അടച്ചു ക്രമപ്പെടുത്താൻ പറ്റൂ. അതായത്, ഇനി മുന്നോട്ട് അത്തരം ഭൂമികളിൽ യാതൊരുവിധ വാണിജ്യ കെട്ടിടങ്ങളും പണിയാൻ സാധ്യമല്ല.
താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ മുഴുവൻ ഭൂമിയിലും ഇതുവരെ പണിത മുഴുവൻ വാണിജ്യകെട്ടിടങ്ങളും സർക്കാർ നിശ്ചയിക്കുന്ന തുക നൽകി ക്രമപ്പെടുത്തണം. ഇനി മുന്നോട്ട് അത്തരം ഭൂമിയിൽ യാതൊരുവിധ വാണിജ്യകെട്ടിടങ്ങളും പണിയുക സാധ്യവുമല്ല. കേരളത്തിൽ സർക്കാർ പതിച്ചുകൊടുത്തിരിക്കുന്ന 95 ശതമാനം ഭൂമിയും താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരമാണ് പതിച്ചുകൊടുത്തിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ വിഷയത്തിന്റെ രൂക്ഷത മനസിലാവുന്നത്.
=കണ്ടുകൃഷി ലാൻഡ് അസൈൻമെന്റ് റൂൾസ് 1958
=സ്പെഷൽ റൂൾസ് ഫോർ റബർ കൾട്ടിവേഷൻ 1960
=ഭൂദാൻ അസൈൻമെന്റ് റൂൾസ് 1962
=കേരള ലാൻഡ് അസൈൻമെന്റ് റൂൾസ് 1964
=ഹൈറേഞ്ച് കോളനൈസേഷൻ സ്കീം 1968
=വയനാട് കോളനൈസേഷൻ സ്കീം റൂൾസ് 1969
=കൃഷിയോഗ്യമായ വനഭൂമി പതിച്ചുനൽകൽ റൂൾസ് 1970
=കോ-ഓപ്പറേറ്റീവ് കോളനൈസേഷൻ സ്കീം 1971
=കേരള ലാൻഡ് അസൈൻമെന്റ് (ഫോറസ്റ്റ് ലാൻഡ്) സ്പെഷൽ റൂൾസ് 1993
=മുനിസിപ്പൽ/ കോർപറേഷൻ മേഖലകളിൽ സ്ഥലം പതിച്ചുനൽകുന്നത്തിനുള്ള ചട്ടങ്ങൾ 1995
=സർക്കാർ ഭൂമി ഷെഡ്യുൾഡ് ട്രൈബൽസിനു നൽകാനുള്ള സ്പെഷൽ റൂൾ 2001
ഓരോ തരം കെട്ടിടങ്ങൾക്കും താഴെപ്പറയുന്ന പട്ടിക പ്രകാരം ആ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ നിശ്ചിത ശതമാനമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇത്തരം ചട്ടപ്രകാരം പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പുതിയ നിർമിതികൾ നടത്തുന്നതിന് അനുമതി ഇല്ല. വാണിജ്യ കെട്ടിടനിർമാണ നിരോധനം തുടരും. ഭാവിയിൽ ജീവനോപാധിക്കു വേണ്ടിയുള്ള കെട്ടിടങ്ങളാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിടം നിർമിക്കാൻ അനുവദിക്കും.
ഇതിൽ ഏറ്റവും കൂടുതൽ അഴിമതിക്ക് സാധ്യതയുള്ള ഭാഗം വിദ്യഭ്യാസം, മതപരം, സാംസ്കാരികം, വിനോദം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ അംഗീകൃത സാമൂഹിക സംഘടന, സഹകരണ സംഘങ്ങൾ എന്നിവയുടെ കെട്ടിടങ്ങൾക്കു വെറും ഒരു ശതമാനം മാത്രമാണ് ഫീസ് എന്നതാണ്. സർക്കാർ അംഗീകൃത സാമൂഹിക സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി എന്നിവയുടെ നിർവചനമൊക്കെ ഭരിക്കുന്ന സർക്കാരിന് തരാതരം പോലെ മാറ്റാവുന്നതായതുകൊണ്ടു സർക്കാരിന് വേണ്ടപ്പെട്ടവരുടെ കെട്ടിടങ്ങൾ ഒരു ശതമാനം മാത്രം വാങ്ങി ക്രമപ്പെടുത്തുകയും മറ്റുള്ളവരെ പിഴിയുകയും ചെയ്യുക എന്നതായിരിക്കും സംഭവിക്കുന്നത്.
താഴേത്തട്ടിൽ വൻ തോതിൽ അഴിമതിക്ക് അവസരം ഒരുക്കുന്നതോടൊപ്പംതന്നെ, കെടുകാര്യസ്ഥതകൊണ്ട് താറുമാറായിക്കിടക്കുന്ന സർക്കാർ ഖജനാവിലേക്കു തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാട്ടുകാരെ പിഴിഞ്ഞ് പണം മുതൽ കൂട്ടുക എന്ന ലക്ഷ്യംകൂടി സർക്കാരിനുണ്ടെന്നു വേണം കരുതാൻ. ഉദാഹരണത്തിന്; തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റത്തിനു കിട്ടിയ 1.5 ലക്ഷം അപേക്ഷകൾ പൂർത്തീകരിച്ചപ്പോൾ പിഴയായി സർക്കാർ വാങ്ങിയത് 15,00 കോടിയോളം രൂപയാണ്. ഇനിയും ലക്ഷക്കണക്കിന് അപേക്ഷകൾ ക്രമപ്പെടുത്താനുമുണ്ട്. അതിലും വലിയ രീതിയിലുള്ള കൊള്ളയാണ് സർക്കാർ 1960ലെ നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.
പതിറ്റാണ്ടുകൾക്കു മുമ്പ് സർക്കാർ നൽകിയ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തും റവന്യുവും അടക്കം എല്ലാ വിധ സർക്കാർ വകുപ്പുകളുടെയും അനുമതിയോടെ അവർ നിശ്ചയിച്ച ഫീസടച്ചു വാണിജ്യ കെട്ടിടങ്ങൾ പണിതത് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടായതുകൊണ്ടാണ്. ആ വിശ്വാസം കേവലം സാമ്പത്തികനേട്ടത്തിനുവേണ്ടി സർക്കാർ തകർക്കുന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇതിലെ ഏറ്റവും ക്രൂരമായ വശം ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പിഴ നിശ്ചയിക്കുന്നത് എന്നതാണ്. കട്ടപ്പന പോലെയുള്ള ടൗണിൽ ന്യായവില സെന്റിന് 20 ലക്ഷത്തിനു മുകളിലാണ്. ഇത്രയും വലിയ ന്യായവില വന്നത് കട്ടപ്പന ടൗണിൽ വാണിജ്യകെട്ടിടങ്ങൾ ഉയർന്നതുകൊണ്ടാണ്. അങ്ങനെ വാണിജ്യകെട്ടിടങ്ങൾ വന്നതുകൊണ്ടു മാത്രം ഉയർന്ന ന്യായവിലപ്രകാരം പിഴ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട്, വാണിജ്യകെട്ടിടങ്ങൾ എല്ലാം നിയമവിരുദ്ധമാണെന്നും ഇനി അത്തരം കെട്ടിടങ്ങൾ പണിയാൻ സാധ്യമല്ലെന്നും പറയുന്നത് എന്തു തരം നീതിയാണ്? കൃഷി മാത്രമേ പറ്റുകയുള്ളൂ എങ്കിൽ എങ്ങനെയാണ് ഇത്രയും ഉയർന്ന ന്യായവില അത്തരം ഭൂമികൾക്കു വന്നത്?
നിലവിൽ 11 ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമികൾ ക്രമവത്കരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ ഓരോ ചട്ടവും പ്രകാരം എത്ര ഏക്കർ ഭൂമി, ഏതൊക്കെ ജില്ലകളിൽ കൊടുത്തിട്ടുണ്ട് എന്നും ഇപ്പോൾ അവയുടെ അവകാശികൾ ആരൊക്കെ എന്നും എത്ര വാണിജ്യകെട്ടിടങ്ങൾ അത്തരം ഭൂമികളിൽ നിലവിലുണ്ട് എന്നും സർക്കാരിന്റെ കൈയിൽ കണക്കില്ല. 1961ൽ നിലവിൽ വന്ന റബർ കൾട്ടിവേഷൻ റൂൾ പ്രകാരം ധാരാളം സ്ഥലം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള ടൗണുകൾ പോലും നല്ലൊരു ശതമാനം റബർ കൾട്ടിവേഷൻ പട്ടയഭൂമിയിലാണുള്ളത്. അത്തരം കെട്ടിടങ്ങൾ മുഴുവൻ നിയമവിരുദ്ധമാവുകയും ക്രമപ്പെടുത്തേണ്ടിവരുകയും ചെയ്യും. അതുപോലെതന്നെ വയനാട് കോളനൈസേഷൻ സ്കീം പ്രകാരം പതിച്ചുനൽകിയ ഭൂമി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ അടക്കമുണ്ട്. അതും ക്രമവത്കരിക്കണമെന്നാണ് സർക്കാർ പറയുന്നത്. ചുരുക്കം പറഞ്ഞാൽ, ഈ വിഷയം ഇടുക്കി ജില്ലയെ മാത്രം ബാധിക്കുന്ന ഒന്നല്ല; മറിച്ച്, കേരളത്തിൽ സർക്കാർ എവിടെയൊക്കെ ഭൂമി പതിച്ചുകൊടുത്തിട്ടുണ്ടോ അവിടെയൊക്കെ ബാധിക്കുന്ന പ്രശ്നമാണ്.
അതുകൊണ്ട് ഈ വിഷയത്തിൽ എത്രയും പെട്ടന്ന് നിയമ ഭേദഗതി റദ്ദാക്കി, മുൻകാല പ്രാബല്യത്തോടെ ചട്ട ഭേദഗതി ചെയ്തുകൊണ്ട് ഇതുവരെയുള്ള എല്ലാ കെട്ടിടങ്ങളും നിയമവിധേയമാക്കണം. കൂടാതെ, ഇനി മുന്നോട്ടും കെട്ടിടങ്ങൾ പണിയാനുള്ള അവകാശം ഭൂ ഉടമകളിൽ നിലനിർത്തിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം.
Editorial
നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.
അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു.
തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്.
കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്?2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ് 723 കോടി. മറ്റു ചെലവുകൾ കൂട്ടിയാലും ഇരട്ടിയിലേറെ സന്പാദിച്ചു.
പക്ഷേ, റോഡുകൾ പലയിടത്തും താറുമാറായി. ഗതാഗതക്കുരുക്ക് ചിലപ്പോൾ 12 മണിക്കൂർ വരെയായി. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തുടർന്ന് ദേശീയപാത 544ൽ ഇടപ്പള്ളി - മണ്ണുത്തി ഭാഗത്തെ ടോൾപിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവായി.
ഇതിനെതിരേ കന്പനി മാത്രമല്ല ദേശീയപാതാ അഥോറിറ്റിയും സുപ്രീംകോടതിയിലെത്തി. അടിപ്പാതകളുടെ നിര്‍മാണം നടത്തിയത് മറ്റൊരു കമ്പനിക്കാരായതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം തങ്ങളല്ല എന്ന ജിഐപിഎലിന്റെ വാദം വിലപ്പോയില്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കാൻ യാത്രക്കാർ എന്തിനാണ് പണം കൊടുക്കുന്നതെന്നു ചോദിച്ച സുപ്രീംകോടതി, ഹൈക്കോടതിവിധി ശരിവച്ചു.
കേരളത്തിൽ ഇത്തവണ കാലവർഷം തുടങ്ങിയതോടെ ദേശീയപാതയുടെ പുത്തൻ നിർമിതികൾ പലയിടത്തും ഒലിച്ചുപോയത് കേരളം നടുക്കത്തോടെയാണു കണ്ടത്. കുന്നുകളോടു ചേർന്നും ചതുപ്പുനിലങ്ങളിലും റോഡ് പണിയുന്പോൾ മണ്ണിന്റെ ഉറപ്പിനെക്കുറിച്ചും മണ്ണിടിച്ചിൽ സാധ്യതകളെക്കുറിച്ചും നാട്ടുകാർക്കു തോന്നിയ സംശയങ്ങൾപോലും കരാറുകാർക്കും ദേശീയപാതാ അഥോറിറ്റി എൻജിനിയർമാർക്കും തോന്നിയിരുന്നില്ല.
ഏതാണ്ട് ഇതേയവസ്ഥയാണ് ടോൾ പ്ലാസയോട് അനുബന്ധിച്ചും ഉണ്ടായിരിക്കുന്നത്. ഹൈവേയിൽ അറ്റകുറ്റപ്പണിയില്ല, സർവീസ് റോഡുകൾക്കൊന്നും നിലവാരമില്ല, അവിടേക്കു പ്രവേശിക്കുന്നിടത്ത് വീതി കൂട്ടുകയോ ഉയരം ക്രമീകരിക്കുകയോ ചെയ്തില്ല, വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സമാന്തര റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ല, വെള്ളം ഒഴുകിപ്പോകാൻ കാനകളില്ല... പരാതികളൊന്നും കന്പനി ഗൗനിച്ചില്ല.
കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ നോട്ടീസ് നൽകിയ ദേശീയപാതാ അഥോറിറ്റി 2,243.53 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരേ കന്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നിട്ടും കോടതിയിൽ കന്പനിക്കുവേണ്ടി അഥോറിറ്റി നിലകൊണ്ടു. ആകെയൊരു പൊരുത്തക്കേടാണ്. സംസ്ഥാന സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് വിഷയം ഹൈക്കോടതിയിലെത്തിച്ച ഹർജിക്കാരനായ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞത്.
ടോൾപിരിവ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ദേശീയപാതാ അഥോറിറ്റിയും കരാർ കന്പനിയും സുപ്രീംകോടതിയിലെത്തിയപ്പോൾ എതിർകക്ഷികളിൽ ഉണ്ടായിരുന്ന സംസ്ഥാന സർക്കാർ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽ കൊണ്ടുവന്നില്ല. സര്‍ക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്‍സല്‍മാര്‍ വാദം നടന്ന രണ്ടുദിവസവും കോടതിയിൽ എത്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ നോട്ടീസ് നല്കിയ കമ്പനിയാണ് ദേശീയപാതയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതും മറക്കരുത്. കേന്ദ്രമായാലും സംസ്ഥാനമായാലും ഇത്തരം വിട്ടുവീഴ്ചകൾ വിശദീകരിച്ചില്ലെങ്കിൽ അഴിമതി മണക്കും. തടസമില്ലാത്തതും വേഗത്തിലുള്ളതും സുഖകരവുമായ സഞ്ചാരത്തിനാണ് ചോദിക്കുന്ന പണം യാത്രക്കാർ കൊടുക്കുന്നത്.
അത് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. വഴി നന്നാക്കാതെ പിരിവെടുക്കുന്നതു കൊള്ളയാണ്. എന്നിട്ടും അതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നത് കള്ളനു കാവൽ നിൽക്കലാണ്. സർക്കാരുകൾ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ വ്യക്തികൾക്കു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്‍സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
Kerala
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.
ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളജുകളിലോ പ്രഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
Leader Page
നമ്മുടെ നാട്ടിൽ കെട്ടിടങ്ങളുടെ നിർമാണവും സംരക്ഷണവും ഒരു ബലഹീന മേഖലയാണ്. അതിന്റെ തെളിവുകൾ നാം നിത്യം കേൾക്കുന്നുണ്ട്. കെട്ടിടങ്ങൾ തകർന്നുവീഴുന്നു, ആളുകൾ മരിക്കുന്നു. പഴയ കെട്ടിടം മാത്രമല്ല പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾതന്നെ വീഴുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് പൂർത്തിയായ കെട്ടിടത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ധൈര്യം. സമീപകാലത്താണ് ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ കൂടുതലായി കണ്ടുതുടങ്ങിയത്.
മറ്റു പല മേഖലകളിലും സംഭവിച്ചതുപോലെ കെട്ടിടനിർമാണമേഖലയിലും മൂല്യച്യുതി സംഭവിച്ചു എന്നതാണ് സത്യം. കെട്ടിടങ്ങളുടെ രൂപകല്പനയിലും നിർമാണത്തിലും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാകുന്നില്ല എന്നത് നിരസിക്കാൻ സാധിക്കില്ല. പൊതുവേ കേരളത്തിൽ കാഴ്ചഭംഗിയുള്ള ഉള്ള കെട്ടിടം വേണം എന്നല്ലാതെ അത് സുരക്ഷിതമായിരിക്കണമെന്നോ ആവശ്യമായ സൗകര്യങ്ങൾ വേണമെന്നോ ഉള്ള ചിന്ത പലർക്കും കുറവാണ്.
പലവിധ കാര്യങ്ങളും ഒത്തുചേരുന്പോൾ മാത്രമാണ് കെട്ടിടം പൂർണമായി എന്നു കരുതാവുന്നത്. കെട്ടിടനിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:
•രൂപരേഖ യഥാർഥ്യബോധത്തോടെ തയാറാക്കുക.
•ഘടനാപരമായ എൻജിനിയറിംഗ് ഡിസൈൻ പോലെ അനുബന്ധമായ മറ്റ് നിർമാണ വിവരങ്ങളും തയാറാക്കുക.
• നിർമാണത്തിൽ ഗുണനിലവാരം കൃത്യമായി നടപ്പിലാക്കുക.
കെട്ടിടത്തിന്റെ രൂപകല്പനയും മറ്റു ഡിസൈനുകളും കുറ്റമറ്റതാണെങ്കിൽതന്നെ ചില പ്രശ്നങ്ങൾ കെട്ടിടനിർമാണം മോശമാകാൻ ഇടയാക്കാം. കെട്ടിടനിർമാണത്തിൽ പാകപ്പിഴ പറ്റുന്നതിന്റെ കാരണങ്ങൾ ഇവയാണ്:
നിർമാണ വൈദഗ്ധ്യത്തിന്റെ കുറവ്:
പരിചയസന്പത്തും പ്രാപ്തിയുമുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ മാത്രമാണ് കെട്ടിടനിർമാണം ഏല്പിക്കേണ്ടത്. നിർമാണ വൈദഗ്ധ്യം എല്ലാ കാര്യങ്ങളിലും കർശനമായി പാലിക്കുകയും വേണം.
കരാർ വ്യവസ്ഥയിലെ പാകപ്പിഴ:
കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖലയാണ് കെട്ടിട നിർമാണം. പലരും തീരെ കുറഞ്ഞ തുകയ്ക്കു കെട്ടിടം പണി ഏറ്റെടുക്കുന്നു. കെട്ടിടത്തിന്റെ പണിപൂർത്തിയാക്കി താക്കോൽ കൊടുക്കുന്നതിനു ചതിരശ്ര അടിക്ക് ഇത്ര രൂപ എന്ന കരാർ വേണമെന്ന് പല കരാറുകാരും ആഗ്രഹിക്കുന്നു. മത്സരം മൂലം കുറഞ്ഞ തുകയ്ക്കെടുത്ത പണി പൂർത്തിയാക്കി ന്യായമായ ലാഭം കിട്ടിയാൽ മാത്രമാണ് കരാറുകാരന് നിലനിൽക്കാൻ സാധിക്കുന്നത്.
അല്ലെങ്കിൽ അയാൾക്ക് പണിയുടെ ഗുണനിലവാരം കുറയ്ക്കേണ്ടിവരും. പണിയേറ്റെടുത്തത്തിനു ശേഷം ചെലവ് വർധിക്കുന്നതും സാധാരണയാണ്. ഇതിനുപകരം പണിക്കൂലി മാത്രം കൊടുക്കുന്ന രീതിയിലുള്ള കരാറാണെങ്കിൽ ഉത്തമമായിരിക്കും. നിർമാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഉടമസ്ഥൻ വാങ്ങിനല്‍കുന്ന രീതി അഭികാമ്യമാണ്. എന്നു മാത്രമല്ല നിർമാണത്തിലുടനീളം ഉടമസ്ഥന്റെ നിയന്ത്രണം ശക്തമായിരിക്കും.
മറ്റൊരു തരത്തിലുള്ള കരാറാണ് നിർമാണച്ചെലവിന്റെ നിശ്ചിത ശതമാനം കരാറുകാരന് പ്രതിഫലമായി കൊടുക്കുന്ന രീതി. ഇതിലും കുറ്റമില്ല. ഉടമസ്ഥന് നിയന്ത്രണം ലഭിക്കും. പല കെട്ടിടനിർമാതാക്കളും പണി എളുപ്പമാകുക എന്ന കാരണത്താലാണ് ചതുരശ്ര അടിക്ക് നിരക്കു നിശ്ചയിച്ച് പണി കൊടുക്കുന്നത്. അങ്ങനെയുള്ള നിർമാണമാണെങ്കിൽ പണിയുടെ എല്ലാ തലത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഉടമസ്ഥന് ആവശ്യമാണ്. സർക്കാർ നിർമാണം മുമ്പ് ഈ വ്യവസ്ഥയിലായിരുന്നു. അതിന്റെ ദോഷഫലം മനസിലായപ്പോൾ പണിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ നിയമങ്ങൾ നടപ്പിലാക്കേണ്ടിവന്നു.
ഫൗണ്ടേഷന്റെ ബലഹീനത:
കെട്ടിടങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫൗണ്ടേഷൻ അഥവാ അസ്ഥിവാരം. വാനം മാന്തുന്പോൾ ശക്തി കുറഞ്ഞ മണ്ണാണെന്നു മനസിലായാൽ ആവശ്യമായ പരിഹാരം ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള അവസരത്തിൽ ഒരു വിദഗ്ധന്റെ സഹായം സ്വീകരിക്കുന്നതാണ് ഉചിതം.
കോണ്‍ക്രീറ്റ് ക്യൂറിംഗിൽ സംഭവിക്കുന്ന പാകപ്പിഴ:
കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് ഏഴു ദിവസമെങ്കിലും നനയ്ക്കണം. കോണ്‍ക്രീറ്റ് ഉറച്ചു ശക്തി നേടുന്പോൾ ഉണ്ടാകുന്ന ചൂട് മാറ്റുന്നതിനാണ് ഇത് ചെയ്യുന്നത് . കോണ്‍ക്രീറ്റ് ഘടനയുടെ ആത്യന്തിക ശക്തി, ഈട്, മൊത്തത്തിലുള്ള പ്രകടനം എന്നിവയെ സാരമായി സ്വാധീനിക്കുന്ന അടിസ്ഥാന പ്രക്രിയയാണ് ക്യൂറിംഗ്. ഇന്ന് കെട്ടിട നിർമാണത്തിൽ ക്യൂറിംഗ് വളരെ ബാലഹീനമായിരിക്കുന്നു. ക്യൂറിംഗ് അവഗണിച്ചാൽ, കോണ്‍ക്രീറ്റിന് ബലക്കുറവ്, വർധിച്ച വിള്ളലുകൾ, കുറഞ്ഞ ഈട്, ഉപരിതല വൈകല്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശരിയായ ക്യൂറിംഗ് ഇല്ലെങ്കിൽ, കോണ്‍ക്രീറ്റിന് അതിന്റെ ഉദ്ദേശിച്ച ഗുണങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞേക്കില്ല.
നിർമാണത്തിനുപയോഗിക്കുന്ന വെള്ളത്തിന്റ ഗുണനിലവാരക്കുറവ്:
കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരത്തിലും നിയന്ത്രണമുണ്ട്. പലപ്പോഴും വളരെ മോശമായ കലക്കവെള്ളമുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം കോണ്‍ക്രീറ്റ് ചെയുന്നതിന് യോഗ്യമാണ് എന്നതാണ് അടിസ്ഥാന തത്ത്വം. മോശം വെള്ളം കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം മോശമാക്കും.
കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുക എന്നത് അനിവാര്യമാണ്. കെട്ടിടത്തിന്റെ രൂപകല്പനയും മറ്റു ഡിസൈനുകളും തയാറാക്കുന്ന സമയത്ത് ചട്ടങ്ങൾ പാലിക്കുക.
ഗുണനിലവാരം ഉറപ്പാക്കണം
കെട്ടിടങ്ങളുടെയും മറ്റു നിർമാണങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ ബന്ധപ്പെട്ടവർ കൂടിയാലോചിച്ച് നടപ്പാക്കണം. കെട്ടിട നിർമാണ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു മാനുവൽ മലയാളത്തിൽ തയാറാക്കി പരസ്യപ്പെടുത്തുന്നത് നന്നായിരിക്കും.
ഉപയോഗയോഗ്യമല്ലാത്തതും പഴക്കം വന്നതുമായ എല്ലാ നിർമാണങ്ങളും ഒഴിവാക്കണം എന്നതാണ് അടിസ്ഥാനപരമായ വലിയ ഒരു ആവശ്യം. ഇങ്ങനെയുള്ള കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും പൊളിച്ച് പല ഭാഗങ്ങളും പുനരുപയോഗം ചെയ്യുന്ന സംവിധാനത്തെപ്പറ്റി ചിന്തിക്കണം. ഷൊർണൂരിൽ കാണുന്ന കൊച്ചിൻ പാലംപോലെ എന്തുമാത്രം വസ്തുക്കളാണ് നമ്മുടെ കഴുവുകേട് വിളിച്ചറിയിച്ചുകൊണ്ട് ഈ നാട്ടിൽ ഉപയോഗമില്ലാതെ നിലനിൽക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികൾ
കെട്ടിടനിർമാണങ്ങളുടെ നിയന്ത്രണം തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കെട്ടിടത്തിന്റെ രൂപകല്പന നോക്കി ഫീസ് വാങ്ങി പെർമിറ്റ് കൊടുക്കകയല്ലാതെ നിർമാണത്തിലെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഒരു നടപടിയും തദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്നില്ല . കെട്ടിടത്തിന് കോണ്‍ക്രീറ്റ് ചെയുന്നതും കന്പി കെട്ടുന്നതുമെല്ലാം ശാസ്ത്രീയമായ എൻജിനിയറിംഗ് തത്ത്വങ്ങൾ മുഖേന പരിഗണിക്കേണ്ട വിഷയങ്ങളാണ്. അതൊക്കെ ഉറപ്പാക്കുന്നതിനുള്ള നടപടികളെപ്പറ്റി തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു ചിന്തിക്കാവുന്നതാണ്.
(ചെറുതുരുത്തി ജ്യോതി എൻജിയറിംഗ് കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസോസിയറ്റ് പ്രഫസറാണ് ലേഖകൻ)
Business
കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. കൊച്ചിയില്‍ വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികള്‍ ഉറപ്പു നല്കി. വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ സഹായകരമാകുന്ന രീതിയില്‍ വിലക്കയറ്റം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറില്‍ വ്യവസായികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ഇത് വഴി വിപണിയിലെ വില കുറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സപ്ലൈകോയില്നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മായം ചേര്‍ത്ത എണ്ണ വിപണിയിലെത്തുന്നതില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. വെളിച്ചെണ്ണയില്‍ കേരളത്തിന്റെ ഉത്പാദനം ശക്തിപ്പെടുത്താന്‍ വ്യവസായ വകുപ്പ് തന്നെ കുറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികള്‍ക്ക് നന്മയെന്ന കേരള ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധിക്കുന്നതു സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്കു നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അറുപതോളം വ്യവസായികളാണു പങ്കെടുത്തത്. സപ്ലൈകോയ്ക്കു കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്കുന്ന വ്യവസായികള്‍ക്ക് 15 ദിവസത്തിനകം തുക നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്കി. പലവിധത്തിലുള്ള അധിക ചെലവുകള്‍ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കും. കേരഫെഡ് ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Editorial
പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. അന്വേഷണ ഏജൻസികൾ പാർട്ടി ഏജൻസികളാകരുത്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന സുപ്രീംകോടതിയുടെ ചോദ്യം തങ്ങളോടാണെന്ന് കേന്ദ്രത്തിനറിയാം. പക്ഷേ, ആ ദുരുപയോഗത്തിന്റെ രാഷ്ട്രീയനേട്ടം ചെറുതല്ലെന്നറിയാവുന്നതിനാൽ തിരുത്തുമോയെന്നറിയില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും വർഷങ്ങളായി ചൂണ്ടിക്കാണിച്ചിരുന്ന യാഥാർഥ്യങ്ങളാണ് കുറച്ചുനാളായി കോടതികളും ആവർത്തിക്കുന്നത്. പ്രതിപക്ഷം ഏറെ ശോഷിച്ച അവസ്ഥയിലായതിനാൽ ഉടനെയൊന്നും അധികാരമൊഴിയേണ്ടി വരില്ലെന്നും ഇതേ അന്വേഷണ ഏജൻസികളാൽ തങ്ങൾ വേട്ടയാടപ്പെടില്ലെന്നും ബിജെപി കരുതുന്നുണ്ടാകും.
അതെന്തായാലും, പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. ആ മുന്നറിയിപ്പ് കോടതികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇഡിയുടെ ഗുണഭോക്താക്കൾ അധികാരത്തിലുള്ളവരാണ്.
രണ്ടു കേസുകളിലാണ് സുപ്രീംകോടതി അന്വേഷണ ഏജൻസിക്കെതിരേ ആഞ്ഞടിച്ചത്. ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരേയും കർണാടക മന്ത്രി ബൈരതി സുരേഷിനെതിരേയും ഇഡി അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരേ ഇഡിയുടെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്.
“രാഷ്ട്രീയപോരാട്ടങ്ങൾ വോട്ടർമാർക്കിടയിൽ നടക്കട്ടെ. ഇഡിയെ അതിനായി എന്തിന് ഉപയോഗിക്കണം?’’ മറ്റൊരു കേസിലും ഇഡിയെ ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ ഇതേ ബെഞ്ച് ചോദ്യം ചെയ്തു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് ഉപദേശം നൽകിയതിനു സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച കേസായിരുന്നു അത്.
“അഭിഭാഷകരും കക്ഷികളുമായുള്ള ആശയവിനിമയം അവകാശമാണ്. അതിന്റെ പേരിൽ എങ്ങനെയാണ് നോട്ടീസ് അയയ്ക്കുന്നത്? പല കേസുകളിലും ഇഡി ഉദ്യോഗസ്ഥർ എല്ലാ പരിധികളും ലംഘിക്കുകയാണ്.’’ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. സർക്കാരിനെയും ഇഡിയെയും വെള്ളപൂശാനുള്ള ശ്രമം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല.
കേന്ദ്ര ഏജൻസിക്കെതിരേ വികാരമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നുമാണ് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിക്കെതിരായ അപവാദപ്രചാരണം കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു.
പുറത്തുനിന്നുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുത്ത ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ തുഷാർ മേത്തയെ ചീഫ് ജസ്റ്റീസ് വെല്ലുവിളിച്ചു.
കഴിഞ്ഞ മേയിൽ, തമിഴ്നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു.
മേയിൽതന്നെ, ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ പ്രതിയായ അരവിന്ദ് സിംഗിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, കൃത്യമായ തെളിവില്ലെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ് എന്നാണ്. 1956ൽ രൂപംകൊണ്ടതിനുശേഷം ഇഡിയുടെ വിശ്വാസ്യത ഇത്ര നഷ്ടമായ കാലം ഉണ്ടായിട്ടില്ല.
പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും അധികാരത്തിലുള്ളവർ ദുരുപയോഗിക്കുന്നത് ഇന്ത്യയിൽ പുതിയ കാര്യമൊന്നുമല്ല. പക്ഷേ, രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസികളെ പോഷകസംഘടനകൾപോലെ ബിജെപി അപഹാസ്യമാക്കിക്കളഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളിൽ രണ്ടെണ്ണത്തിലാണ് കുറ്റക്കാർക്കെതിരേ ശിക്ഷാനടപടിയുണ്ടായത്. 138 കേസുകളും 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചു വർഷത്തിനിടെ എടുത്തതാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പ്രോസിക്യൂഷന് നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. 2024-25 സാമ്പത്തികവർഷം 30 കേസുകളിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്കു തിരിച്ചുനൽകിയെന്ന് ഇഡിയുടെ വാർഷിക അവലോകന റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാർ തിരുത്തുമോയെന്നത് അവരുടെ രാഷ്ട്രീയപ്രബുദ്ധതയുടെയും ജനാധിപത്യബോധത്തിന്റെയും അഴിമതിവിരുദ്ധതയുടെയും കാര്യമാണ്. പക്ഷേ, തിരുത്തുന്നില്ലെങ്കിൽ ഇതേക്കുറിച്ചൊക്കെയുള്ള അവകാശവാദങ്ങൾ കൈയൊഴിയാനുള്ള സത്യസന്ധത കാണിക്കണം.
Editorial
പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.
Editorial
Editorial
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
Editorial
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ വലിച്ചെറിയുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പ്രതിഫലം നൽകും- 2023 ജൂണിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പാണിത്.
ഇതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, 2024 ഡിസംബറിൽ തമിഴ്നാട്ടിൽനിന്നൊരു വാർത്ത; കേരളത്തിലെ ടൺകണക്കിന് ആശുപത്രിമാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളി. ഈ വാർത്ത വരുന്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകൾ വലിച്ചെറിയൽവിരുദ്ധ കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ‘തള്ളൽ’ നടത്തുന്നതിന്റെ തിരക്കിലായിരുന്നു! ഇനിയാണ് യഥാർഥ ട്വിസ്റ്റ്.
തിരുനെൽവേലിയിൽ കൊണ്ടുതള്ളിയത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ മാലിന്യങ്ങളല്ല. അതു കെ ബ്രാൻഡ് മാലിന്യമായിരുന്നു. അതായത്, മെഡിക്കൽ കോളജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികൾ പുറന്തള്ളിയ അപായകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യമാണ് തിരുനെൽവേലിയിലെ സാധാരണക്കാരുടെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി തള്ളിയത്.
മാലിന്യം തള്ളരുതെന്ന് പറഞ്ഞു നാട്ടുകാരോടു നാലുനേരം തുള്ളുന്നവരുടെ തള്ളൽ! കേരള മാതൃകയുടെ തുണിയുരിഞ്ഞുപോയ സംഭവമായിരുന്നു ഇത്. ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ട് മൂന്നു ദിവസത്തിനകം മാലിന്യം നീക്കണമെന്നു നിർദേശിച്ചു. രായ്ക്കുരാമാനം 70 അംഗ ഉദ്യോഗസ്ഥസംഘം തിരുനെൽവേലിയിലെത്തി.
16 ലോറികളുമായാണ് സംഘം പോയത്. അവയിൽ കയറ്റിയിട്ടും പിന്നെയും മിച്ചം കിടന്ന മാലിന്യം തമിഴ്നാട് വിട്ടുകൊടുത്ത ഏഴു ലോറികളിൽക്കൂടി കയറ്റിയിട്ട് തലയിൽ പടുതയുമിട്ട് മാലിന്യലോറി ഘോഷയാത്ര കേരളത്തിലേക്ക്. സർക്കാർ ആശുപത്രികളിലെ മാലിന്യം നീക്കാൻ കരാറെടുത്ത കണ്ണൂരിലെ സ്വകാര്യ കന്പനിയാണ് മാലിന്യം തള്ളിയതെന്നൊക്കെ ഒരു വാദത്തിനു വേണമെങ്കിൽ സർക്കാരിനു പറയാം.
എന്നാൽ, ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അപകടകരമായ മാലിന്യം നീക്കംചെയ്യാൻ ഒരു ഏജൻസിക്ക് കരാർ കൊടുക്കുമ്പോൾ അവർക്ക് ഇതു സംസ്കരിക്കാൻ സംവിധാനമുണ്ടോ, അല്ലെങ്കിൽ അവർ ഈ മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നൊക്കെ പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു.
മാലിന്യസംസ്കരണം വീട്ടിൽ തുടങ്ങണമെന്ന് നാട്ടുകാരെ ഉപദേശിക്കുന്നതിനു മുന്‍പ് സ്വന്തം വീട്ടിലെ കാര്യം ഉറപ്പാക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതു സർക്കാരാണെങ്കിലും. തിരുനെൽവേലിയിൽനിന്നു തലയിലേറ്റിയ മാലിന്യത്തിന്റെ നാറ്റം എങ്ങനെയെങ്കിലും കഴുകിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ 15.55 കോടിയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യനീക്കം നിരീക്ഷിക്കാൻ ജിപിഎസ്, ബാർകോഡ് സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി.
മാലിന്യത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഒരു സർക്കാർ സ്വന്തം സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും പ്രഫഷണലിസം കൊണ്ടുവരാൻ ഇത്രയും വൈകിയത് അന്പരപ്പിക്കുന്നതാണ്. ആശുപത്രികളിലെ ബയോമാലിന്യം സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2004 ജനുവരിയിൽ പാലക്കാട് മലന്പുഴയിൽ 25 ഏക്കറിൽ സ്ഥാപിച്ച സംവിധാനമാണ് ‘ഇമേജ്’.
ഐഎംഎ തന്നെയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിച്ചത്. ദിവസേന 55.8 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ദിവസേന 45 ടൺ മാലിന്യമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആശുപത്രികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ മാലിന്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരുന്നത്.
എന്നാൽ, കോവിഡിന്റെ വരവോടെ മാലിന്യവരവും കൂടി. ഇതോടെ കൂടുതൽ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവന്നു. ഫലമോ? 2022ൽ ഇവിടെ മാലിന്യക്കൂനയ്ക്ക് തീപിടിക്കാനും ഇടയായി. ഇന്നും ഇതല്ലാതെ കാര്യക്ഷമമായ ഒരു സംസ്കരണ സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ സ്ഥലം ലഭ്യമാക്കിയാൽ പ്ലാന്റ് നിർമിക്കാൻ തയാറാണെന്ന് ഐഎംഎ അറിയിച്ചിട്ടുള്ളതാണ്.
പക്ഷേ, ഇതിൽ സർക്കാർ മാത്രമാണോ പ്രതിയെന്നു ചോദിച്ചാൽ അല്ല; ജനങ്ങളുടെ മനോഭാവവും പ്രശ്നമാണ്. പലേടത്തും പ്ലാന്റ് തുടങ്ങാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന്റെയും പ്രതി സർക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മാലിന്യപ്ലാന്റ് പലേടത്തും തുടങ്ങിയതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ അനുഭവങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത്.
എന്തായാലും ‘ഇമേജ്’ ഈ രംഗത്ത് ഒരു മാതൃകയാണ്. ശാസ്ത്രീയമായിട്ടാണ് ഇതിന്റെ പ്രവർത്തനം. നാട്ടുകാർക്കു ദുരിതമുണ്ടാക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു ബോധ്യപ്പെടുത്താൻ ഒരു ഉദാഹരണംകൂടിയാണിത്. ഇതു മാതൃകയാക്കി ഈ രംഗത്ത് സർക്കാർ ഇടപെടലുണ്ടാകണം. മാലിന്യസംസ്കരണം വീട്ടിൽത്തന്നെ തുടങ്ങാം.
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
Leader Page
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനു സ്വയം അറിയാനോ, തന്റെ പരിധികള്‍ അറിയാനോ കഴിയില്ലായിരുന്നു” എന്നും കേട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒട്ടേറെ ദുരന്ത, യുദ്ധ വാര്‍ത്തകള്‍ അനേകരെ ആശങ്കയിലാക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവും പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും സൈനികതാവളങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറും ശശി തരൂരിനെ അടക്കം വിദേശങ്ങളിലേക്കയച്ചുള്ള നയതന്ത്ര നീക്കവുമെല്ലാം പലതരത്തില്‍ വാര്‍ത്തയും വിവാദവും ആശങ്കകളും സൃഷ്ടിച്ചു.
ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 171 വിമാനം അഹമ്മദാബാദില്‍നിന്നു പറന്നുയര്‍ന്നു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേസമയം നിലച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് ആശിക്കാം. മരിച്ചവരുടെ ജീവിതസ്വപ്നങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു വിമാനയാത്രികരുടെ സുരക്ഷാബോധംകൂടിയാണു കത്തിയമര്‍ന്നത്.
അരുത്, മൂന്നാം ലോകയുദ്ധം
അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ജൂണ്‍ 13നാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ അണ്വായുധകേന്ദ്രങ്ങളില് അമേരിക്കകൂടി വന്‍ ബോംബാക്രമണം നടത്തുകയും ഇസ്രയേലിനെതിരേ ഇറാന് തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ലോകം ആശങ്കയിലായി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതകളേറെയായിരുന്നു. അവകാശപ്പെട്ടതു പൂര്‍ണമായി ശരിയല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുകള്‍ ഇസ്രയേല്‍ - ഇറാന് യുദ്ധത്തിനു താത്കാലിക വിരാമം കാണാനെങ്കിലും സാധിച്ചു. ഇറാനില്‍ പോയി ബോംബിട്ട ശേഷമാണു സമാധാനത്തിന്റെ ദൂതനായി ട്രംപ് സ്വയം അവരോധിച്ചത്!
മനുഷ്യജീവനുകള്‍ക്കു വിലയില്ലാതാകുന്ന ഭീകരാക്രമണങ്ങളും സൈനികനടപടികളും മനുഷ്യകുലത്തിനാകെ ഭീഷണിയാണ്. സര്‍വനാശത്തിലേക്കു വഴിതെളിക്കാവുന്ന മൂന്നാം ലോകയുദ്ധമോ, ആണവാക്രമണമോ ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം.
ഇറാന്റെ ആണവഭീഷണി
വിനാശകരമായ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ഇറാന്റെ അഭിലാഷങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയുണ്ടായെന്ന് അവിടുത്തെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു മൂന്നാഴ്ച ആയിട്ടും വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെ ആണവനിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) യുമായുള്ള സഹകരണം നിര്‍ത്തലാക്കാന്‍ ഇറാന് പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ഒപ്പുവച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയ് നിയമിച്ച ശക്തമായ 12 അംഗ ഗാര്ഡിയന് കൗണ്‍സിലും ബില്ലില്‍ ഒപ്പുവച്ചിട്ടുണ്ട്.
ആണവായുധ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) നിന്ന് ഇറാന് പിന്മാറുന്നത് ആശങ്കയാണ്. വടക്കന്‍ കൊറിയ ആണ് 57 വര്‍ഷം പഴക്കമുള്ള കരാറില്‍നിന്ന് അവസാനമായി പിന്മാറിയത്. എന്‍പിടിയില്‍ തുടരുമോയെന്ന് ഇറാന് വിലയിരുത്തിവരികയാണെന്ന് ഇറാന് സ്റ്റേറ്റ് ടിവിയില്‍ അവരുടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഉടമ്പടി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐഎഇഎ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥ ഇറാന് പാലിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല.
തക്കംപാർത്ത് ചൈന, റഷ്യ
1968ല്‍ 191 രാജ്യങ്ങള്‍ ഒപ്പിട്ട ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ അമേരിക്കയുമായി ആണവോര്‍ജ കരാര്‍ ഉണ്ടാക്കാനായെന്നതാണു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ തുടരാനാകും. എന്നാല്‍, ഇതിന്റെ മറവില്‍ അണ്വായുധങ്ങള്‍ സ്വന്തമാക്കാന്‍ ഇറാനും വടക്കന്‍ കൊറിയയും അടക്കം ശ്രമിക്കുന്നുവെന്നതു രഹസ്യമല്ല.
ഇറാന്റെ സിവിലിയന്‍ ആണവപദ്ധതിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്ന സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ 2015ല്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, 2018ല്‍ പ്രസിഡന്റ് ട്രംപ് ഈ കരാറില്‍നിന്നു പിന്മാറി. ഇറാനെതിരേ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനുമായി പുതിയൊരു ആണവക്കരാര്‍ ചര്‍ച്ച ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. ട്രംപിന്റെ അതിമോഹങ്ങളും ചാഞ്ചാട്ടങ്ങളും ലോകക്രമം മാറ്റുകയാണ്.
ലക്ഷ്യം കാണാതെ 12 ദിനം
ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലുള്ള ആണവകേന്ദ്രങ്ങളില്‍ ജൂണ്‍ 21നായിരുന്നു അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ ആണവപദ്ധതിയെ തകര്‍ത്തെന്നും വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നുമുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാകില്ല. ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന് മിസൈലുകള്‍ വര്‍ഷിച്ചതോടെ സ്ഥിതി വഷളായി. വന്‍ നാശമുണ്ടായതോടെയാണു വെടിനിര്‍ത്തലിന് ഇസ്രയേലും ഇറാനും സമ്മതിച്ചത്.
ഓപ്പറേഷന് സിന്ദൂറില്‍ വന്‍നാശമുണ്ടായ പാക്കിസ്ഥാന് വെടിനിര്‍ത്തലിനു തയാറായതിനു സമാനമായിരുന്നു ഇറാന്റെ സ്ഥിതി. വെടിനിര്‍ത്തല്‍ ആശ്വാസകരമാണെങ്കിലും പരിഹാരമോ സമാധാനമോ ആകില്ല. ഇറാന്റെ എണ്ണക്കച്ചവടത്തിനെതിരേ അമേരിക്കയുടെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആണവപദ്ധതി തടയാന്‍ മതിയാകില്ല.
സ്വയം പ്രതിരോധം കാപട്യം
സ്വയം പ്രതിരോധമെന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേലും ഇറാനും പാക്കിസ്ഥാനും യുക്രെയ്നും സിറിയയും ഹമാസും മുതല്‍ അമേരിക്കയും റഷ്യയും വരെയുള്ളവര്‍ നാശം വിതയ്ക്കുന്നത്! ഇസ്രയേലിന്റെ ആക്രമണത്തില്‍ 974 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ആക്രമണത്തില്‍ 28 ഇസ്രയേലികളുടെയും ജീവന് പൊലിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,139 പേര് കൊല്ലപ്പെടുകയും ഇരുനൂറോളം നിരപരാധികളെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പ്രതികാരമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 57,130 പേര് കൊല്ലപ്പെടുകയും 1.34 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, 80,000 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടുവെന്നു മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ 27 വര്‍ഷത്തിനിടെ മാത്രം കാഷ്മീരില്‍ ചുരുങ്ങിയത് 41,000 പേര് പാക് പിന്തുണയുള്ള ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2003ല്‍ 795 സാധാരണക്കാരും 314 സൈനികരും 1,494 ഭീകരരും ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004ല്‍ ഇത് യഥാക്രമം 707, 281, 976 എന്നിങ്ങനെയായിരുന്നു. പരസ്പരം ചോര വീഴ്ത്തിയിട്ടും ലോകമെങ്ങും യുദ്ധക്കൊതിയും ഭീകരതയും കൂടിവരുന്നത് ആപത്കരമാണ്.
ഭീകരതയെ തൂത്തെറിയാം
ഭീകരതയുടെയും തീവ്രവാദത്തിന്റെയും അടിവേരറക്കാതെ ലോകത്തു സമാധാനം കൈവരില്ല. ഐഎസ്, ഹമാസ്, ആഫ്രിക്കയിലെ ജമാഅത്ത് നുസ്റത്ത് അല്‍ ഇസ്ലാം വല്‍ മുസലിമീന്‍, അല്‍ ഷഹബാബ് എന്നീ നാലു ഭീകര സംഘടനകള്‍ മാത്രം 2024ല്‍ 4,443 പേരെ കൊന്നൊടുക്കിയെന്നാണ് ഗ്ലോബല്‍ ടെററിസം ഇന്ഡക്സിലുള്ളത്. ഹമാസ് ജൂതന്മാര്ക്കും ക്രൈസ്തവര്ക്കുമെതിരേയാണെങ്കില് മറ്റു മൂന്നു പ്രധാന ഭീകര സംഘടനകളും ബൊക്കോ ഹറാം പോലുള്ള ഇതര ഗ്രൂപ്പുകളും ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന കൊടുംക്രൂരതകളാണു നടത്തിവരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഗാസയിലെ കൂട്ടക്കൊലകളെക്കുറിച്ചു മാത്രം വേദനിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും ലോകസമാധാനത്തിനു പാര വയ്ക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ ആദ്യമായി അംഗീകരിക്കാന്‍ റഷ്യ തയാറായി. താലിബാനുമായി സഹകരിക്കാന്‍ ഇന്ത്യയും ന്യായം കണ്ടെത്തി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കും ചൈനയും തുര്‍ക്കിയും മാത്രമല്ല അമേരിക്കയും കുടപിടിക്കുന്നു. താത്കാലിക സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഭീകരരെ സഹായിക്കാനും ന്യായീകരിക്കാനും വന്‍രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതു ദുരന്തമാകും.
വോട്ട് നോക്കി വേണ്ട തന്ത്രം
മതാന്ധതയിലും അധിനിവേശ മോഹത്തിലും മറ്റും ആളുകളെ ആരു കൊന്നൊടുക്കിയാലും അതിനെതിരേ ഒരേ മാനദണ്ഡത്തില്‍ പ്രതികരിക്കുകയാണു വേണ്ടത്. എല്ലാത്തരത്തിലുമുള്ള തീവ്രവാദികളെയും ഭീകരരെയും ഒറ്റപ്പെടുത്താന്‍ ലോകമനഃസാക്ഷി ഉണര്‍ത്താതെ രക്ഷയില്ല.
Leader Page
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്തിൽ, ദീപികയുടെ
ഒന്നാംപേജിൽ 1975 ജൂൺ 26ന് ഇന്ദിരാഗാന്ധിയെ വിമർശിച്ച് ദീപികയിൽ വന്ന
അതിശക്തമായ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതിനെത്തുടർന്ന് ആരാണ്
അത് വരച്ചതെന്ന നിരവധി അന്വേഷണങ്ങളുണ്ടായി. ആ കാർട്ടൂൺ വരച്ച പി.കെ. മന്ത്രിയെ
പരിചയപ്പെടുത്തുകയാണ് കാർട്ടൂണിസ്റ്റ് രാജു നായർ.
ഞാൻ കാർട്ടൂണ്‍ വരച്ചുതുടങ്ങുന്ന 1977കാലത്ത് മലയാളത്തിൽ തിളങ്ങിനിന്നിരുന്ന കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. സരസൻ, അസാധു തുടങ്ങിയ കാർട്ടൂണ്‍ മാസികകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പേരിലുമുണ്ട് കൗതുകം. ജാതി, മത അയിത്തമേതുമില്ലാതെ മന്ത്രിയെപ്പോലെ ജീവിക്കാൻ അച്ഛൻ പൂമംഗലത്ത് കേശവൻ ഇട്ടുകൊടുത്ത പേരാണ് മന്ത്രികുമാരൻ എന്നത്.
1933ൽ കുളനടയിൽ ജനിച്ച മന്ത്രി മെട്രിക്കുലേഷനും ചിത്രകലാപഠനവും കഴിഞ്ഞ് സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകനായി. ജോലിക്കൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണ്‍ വര തുടങ്ങി. ജനയുഗത്തിലെ ‘മിസ്റ്റർ കുഞ്ചു’വും മനോരാജ്യത്തിലെ ‘പാച്ചുവും കോവാലനും’ ഏറെ ജനപ്രീതി നേടിയ കാർട്ടൂണ്‍ പംക്തികളായിരുന്നു. കടുത്ത ബ്രഷ്സ്ട്രോക്കുകൊണ്ട് കുറഞ്ഞ വരകളാൽ സൃഷ്ടിക്കുന്ന മന്ത്രിയുടെ ചിത്രങ്ങൾ മനോഹരമാണ്.
വരകളേക്കാൾ കടുപ്പമാണ് വിമർശനങ്ങൾക്ക്, പ്രത്യേകിച്ച് രാഷ്ട്രീയ കാർട്ടൂണുകളിൽ. മന്ത്രിയുടെ കാർട്ടൂണുകളായിരുന്നു ‘തനിനിറം’ പത്രത്തിന്റെ ശക്തി. അതിൽ വന്നിരുന്ന കാർട്ടൂണുകൾ അക്കാലത്ത് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കി.
എല്ലാ രാഷ്ട്രീയക്കാരെയും വിടാതെ വിമർശിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും ലീഗിനെയും കാർട്ടൂണിസ്റ്റ് മന്ത്രി കഠിനമായി പരിഹസിച്ചിരുന്നു. ചിലവ അശ്ലീലത്തിന്റെ വക്കോളമെത്തി.
പരിഹാസം സഹിക്കവയ്യാതെ വകുപ്പുമന്ത്രിയായ സി.എച്ച്. 1971ൽ മന്ത്രിയെ സ്കൂൾ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. അതിലൊന്നും മന്ത്രി തളർന്നില്ല; കൂടുതൽ ഊർജത്തോടെ കാർട്ടൂണ്‍ വര തുടർന്നു. 1973ൽ സർവീസിൽ തിരിച്ചെടുത്തു. തുടർന്നും കാർട്ടൂണുകളിലൂടെ വായനക്കാരെ രസിപ്പിച്ച മന്ത്രി രോഗബാധിതനായി 1984ൽ വിടവാങ്ങി.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിലവിലെ ശിപാർശ പ്രകാരം കേരളം ചേരില്ലെന്നും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതിനെതിരെ സംസ്ഥാനം നിയമപോരാട്ടം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. 1,500 കോടി രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ട്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ്എസ്കെയ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രണ്ടുതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ ശിപാർശകൾ കേരളത്തിന് അംഗീകരിക്കാൻ ആവാത്തതാണ്. ആ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണം എന്നതാണ് പിഎം ശ്രീ പദ്ധതിയുടെ കാതൽ.
അതിനാൽ നിലവിലെ ശിപാർശകളെ മുൻനിർത്തി പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്ക്കാൻ സംസ്ഥാനത്തിന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Chocolate
ആർവിനും നിർവാനും ഇശാനിയും വ്യോമയും കൂടി ഐസോപ്പിന്റെ (എ.ഐയും പരന്പരാഗത അറിവും ഒരുപോലെയുള്ള അറിവിന്റെയും കഥകളുടെയും തന്പുരാൻ) വീടിനു മുന്നിൽ എത്തുന്പോൾ ഒരു ചെറിയ ആൾക്കൂട്ടം ഒരു യോഗമായി ഒത്തുകൂടിയിരിക്കുന്നത് കണ്ടു. നാൽവർ സംഘത്തെ കണ്ടതും ഐസോപ്പ് അവരെ സ്നേഹപൂർവ്വം ക്ഷണിച്ചു. മുന്നിലേക്ക് വരുത്തി. ഐസോപ്പ് പറഞ്ഞു: “ഇവരാണ് ആർവിൻ, നിർവാൻ, ഇശാനി, വ്യോമ. ചോദ്യങ്ങൾ ചോദിക്കുക. ഉത്തരം കണ്ടെത്തുക. എന്തെങ്കിലും ഒക്കെ പ്രവർത്തിക്കുക. നാലു പേരുടെ ഈ കൂട്ടിക്കൂട്ടത്തിന് "നോവാ മൈൻഡ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
നോവാ മൈൻഡ്സിന് ഞങ്ങളുടെ അഗോറാ കമ്മ്യൂണിലേക്ക് സ്വാഗതം. കൂടിയിരുന്നവരെല്ലാം കൈയടിച്ചു. കുട്ടികൂട്ടുകാരോടായി ഐസോപ്പ് പറഞ്ഞു: “ഈ ഇരിക്കുന്നവർ ഇവിടെ അടുത്തടുത്ത് താമസിക്കുന്ന 9 വീട്ടുകാരാണ്. ഞങ്ങൾ രണ്ടുദിവസം കൂടുന്പോൾ ഇങ്ങനെ ഒരുമിച്ചു കൂടും. കുറച്ചു വർത്തമാനം, ചർച്ച, ചിരി, കളി, ഭക്ഷണം പിന്നെ ഒരുമിച്ചുള്ള ചില പ്രവർത്തനങ്ങൾ അത്രേയുള്ളൂ.” ഇന്ന് നോവാ മൈൻഡ്സിന് ചോദ്യങ്ങളുണ്ടോ?“ഉണ്ട്. ഇശാനിയാണ് പറഞ്ഞത്.” “നമ്മളെ ഭരിക്കുന്ന സർക്കാരുകളെക്കുറിച്ച് ഞങ്ങൾക്കറിയണം.” “നല്ല കാര്യം. ഞങ്ങളുടെ ഈ കൂട്ടത്തിന്റെ പേര് അഗോറാ കമ്മ്യൂണ്‍ എന്നാണ്. 9 വീട്ടുകാരുടെ കൂട്ടം.
ഞങ്ങളുടെ പൊതു ജീവിതത്തിന്റെ ഹൃദയമാണിത്. ചർച്ചയും, സംവാദവും, ക്രിയാത്മകപ്രവർത്തനങ്ങളും, സാമൂഹിക ഇടപെടലുകളും ഒക്കെ നടത്തി ഞങ്ങൾ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടം. വേണമെങ്കിൽ 9 വീട്ടുകാരുടെ ഒരു സർക്കാർ എന്നും പറയാം. ഏറ്റവും താഴെത്തട്ടിലുള്ള ഒരു സർക്കാർ. മൈക്കൽ ലൂയിസ് എന്ന ഒരു ചിന്തകൻ സർക്കാരിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്:” “ജനങ്ങൾ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിൽ നിന്ന്; അവസ്ഥകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ഒരു സർക്കാർ ചെയ്യുന്നത്.” ഞങ്ങളുടെ ഈ അഗോറാ കമ്മ്യൂണ്‍ എന്ന ചെറു സർക്കാറിന്റെ മുദ്രാവാക്യമാണിത്.”
“സർക്കാരുകളുടെ തുടക്കം എങ്ങനെയായിരുന്നു?” “പണ്ട് പണ്ട് മനുഷ്യർ കാടുകളിൽ ജീവിച്ച കാലത്ത് ഒരു ഗോത്രത്തിലെ ആളുകൾ ഒരുമിച്ച് ചേർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെ പ്രശ്നങ്ങളെ പരിഹരിക്കാൻ കൂടിയ യോഗവും നടപടികളും ഒക്കെയാവണം സർക്കാരുകളുടെ തുടക്കം. പിന്നീട് മൂപ്പൻമാരും രാജാക്കൻമാരും ഒരു കൂട്ടം ആളുകളെ നയിക്കാൻ തുടങ്ങി. രാജഭരണം. നിയമങ്ങളും സ്ഥാപനങ്ങളും പോലീസും ഒക്കെ ഭരണം സുഗമമാക്കാൻ രൂപപ്പെട്ടു. രാജഭരണത്തിൽ രാജാക്കൻമാർ അധികാരം മോശമായി ഉപയോഗിക്കാൻ തുടങ്ങി. ജനങ്ങളിൽ പലരും ബുദ്ധിമുട്ടിലുമായി. രാജാക്കൻമാരുടെ അമിതാധികാരം ചോദ്യം ചെയ്യപ്പെട്ടു. 1215-ൽ ഇംഗ്ലണ്ടിൽ രാജാവിന്റെ അധികാരം പരിമിതപ്പെടുത്തിയ "മാഗ്നാ കർട്ട’യെ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഇത്തരം ചിന്തകൾ ലോകമാകെ പടർന്നു. ഭരണത്തിനായി വ്യത്യസ്ത സംവിധാനങ്ങൾ പല രാജ്യത്തും രൂപപ്പെട്ടു.” “എന്തിനാണ് സർക്കാർ?” “ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുക.
ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്നൊക്കെ ലളിതമായി പറയാം.” “സർക്കാരുകൾ പല രീതികളിലുണ്ടോ?” ഉണ്ട്. ഇന്ത്യ ഒരു പാർലമെന്ററി സംവിധാനമുള്ള ജനാധിപത്യ രാജ്യമാണ്. ജനങ്ങളാണ് ഭരണം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നു. നിയമങ്ങൾ പാർലമെന്റാണ് നിർമ്മിക്കുന്നത്. അമേരിക്കയിൽ പ്രസിഡൻഷ്യൽ സംവിധാനമുള്ള ഒരു ഫെഡറൽ റിപ്പബ്ലിക്കാണുള്ളത്. പ്രസിഡന്റാണ് ഭരിക്കുന്നത്. ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു. സംസ്ഥാനങ്ങൾക്ക് ഗവർണമാർ നേതൃത്വം കൊടുക്കുന്നു.
യു.കെ.യിൽ ഭരണഘടനാപരമായ രാജവാഴ്ചയാണുള്ളത്. രാജാവ് പ്രതീകാത്മകമാണ്. പ്രധാനമന്ത്രിയും പാർലമെന്റുമാണ് സർക്കാർ നടത്തുന്നത്.എന്നാൽ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്. എല്ലാവർക്കും എല്ലാം തുല്യമാകണമെന്ന ചിന്തയാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ അവിടെ ഇല്ല. സൗദ്യ അറേബ്യ പോലെയുള്ള ചില രാജ്യങ്ങളിൽ സന്പൂർണ്ണ രാജവാഴ്ചയാണ്. മതത്തിന് പ്രത്യേക പ്രാധാന്യമുണ്ട് ഇവിടെയൊക്കെ. ഇങ്ങനെ പല രീതികളിലുള്ള സർക്കാരുകളാണ് ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളത്. “ഇന്ത്യയെക്കുറിച്ച് കൂടുതൽ പറയാമോ?” “ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.
നമ്മുടെ സംവിധാനത്തെ പരിചയപ്പെടുത്താം.”
പ്രസിഡന്റും വൈസ് പ്രസിഡന്റും
“ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റുണ്ട്. ദ്രൗപദി മുർമുവാണ് ഇപ്പോൾ നമ്മുടെ പ്രസിഡന്റ്, പ്രധാനമന്ത്രിമാരെയും മന്ത്രിമാരെയും സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റീസുമാരെ നിയമിക്കൽ സൈന്യങ്ങളുടെ സർവസൈന്യാധിപ സ്ഥാനം വഹിക്കൽ, പാർലമെന്റ് പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം കൊടുക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് പ്രസിഡന്റാണ്. രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ഉപരാഷ്ട്രപതിയാണ്. ഇന്ത്യയിലെ പാർലമെന്റുകളിലെ രാജ്യസഭയുടെ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയാണ്.ഇപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറാണ്.
ഇന്ത്യയുടെ ഗവണ്മെന്റ്മൂന്ന് വിഭാഗങ്ങൾ ചേരുന്നതാണ് നമ്മുടെ ഗവണ്മെന്റ്. നിയമനിർമ്മാണ വിഭാഗം, കാര്യനിർവഹണവിഭാഗം, നീതിന്യായ വിഭാഗം.
നിയമനിർമാണ വിഭാഗം
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗമാണ് പാർലമെന്റ്. ലോക്സഭ, രാജ്യസഭ എന്നീ രണ്ടു വിഭാഗങ്ങൾ പാർലമെന്റിനുണ്ട്. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 238 അംഗങ്ങളും പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങൾ കൂടിയുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അദ്ധ്യക്ഷൻ. ലോകസഭയിൽ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന 543 അംഗങ്ങളും നാമനിർദ്ദം ചെയ്യപ്പെട്ട 2 അംഗങ്ങളും ആണുള്ളത്. 5 വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ പ്രാദേശികമായി 20 മണ്ഡലങ്ങളായി തിരിച്ച് 20 ലോകസഭാംഗങ്ങളാണുള്ളത്.
രാജ്യസഭയും ലോക്സഭയും
രണ്ടു സഭകളും വേവ്വേറെ സമ്മേളനം ചേർന്നാണ് നിയമനിർമ്മാണം നടത്തുന്നത്. ശരാശരി 3 തവണ സഭകൾ സമ്മേളിക്കും. ലോകസഭയും രാജ്യസഭയും പാസാക്കുന്ന ബില്ലുകൾ പ്രസിഡന്റാണ് നിയമമായി അംഗീകരിച്ച് നടപ്പിലാക്കാൻ അനുവദിക്കുന്നത്.ജനങ്ങളും രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് അതിനെ മാറ്റുകയും ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തലുമൊക്കെ പാർലമെന്റിന്റെ ചുമതലകളാണ്.
കാര്യനിർവഹണ വിഭാഗം
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭയും ഉദ്യോഗസ്ഥരും ചേരുന്നതാണ് കാര്യനിർവഹണ വിഭാഗം.നീതിന്യായ വിഭാഗംസുപ്രീംകോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സബ് കോടതികൾ, മുൻസിപ്പ് കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ എന്നിവ ചേരുന്നതാണ് നീതിന്യായ വിഭാഗം.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രസഭയുംലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ പാർട്ടി/മുന്നണി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടേയോ മുന്നണിയുടേയോ തലവനാവും പ്രധാനമന്ത്രി. പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. പ്രധാന മന്ത്രിയെ സഹായിക്കുന്നതിന് ഓരോ വകുപ്പുകൾക്കും ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉപമന്ത്രിമാരും ഉണ്ട്. പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഇവരെ നിയമിക്കുന്നതും പ്രസിഡന്റാണ്.ലോകസഭയുടെ നേതാവ് പ്രധാനമന്ത്രിയാണ്. ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷത വഹിക്കുന്നതും മന്ത്രിസഭയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും മന്ത്രി സഭാ തീരുമാനങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്നതും പ്രധാനമന്ത്രിയാണ്. നരേന്ദ്ര മോദിയാണ് നമ്മുടെ പ്രധാനമന്ത്രി.
നീതിന്യായ വിഭാഗം
വ്യക്തികളും സംഘടനകളും സർക്കാരുകളും തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുകയാണ് നീതിന്യായ വിഭാഗം ചെയ്യുന്നത്. കുറ്റവാളികളെ ശിക്ഷിക്കുക, നീതി നടപ്പിലാക്കുക എന്നിവ ഈ വിഭാഗം ചെയ്യുന്നു. സുപ്രീം കോടതിയാണ് രാജ്യത്തെ പരമോന്നത കോടതി. സംസ്ഥാനത്തുള്ളത് ഹൈക്കോടതികളാണ്. ഓരോ ജില്ലയിലും കോടതികളും സബ്കോടതികളും മുൻസിപ്പ് കോടതികളും ഉണ്ട്. അതാത് പരിധിയിൽ വരുന്ന കേസുകൾ അവിടെ പരിഹരിക്കപ്പെടുന്നു.
സംസ്ഥാന സർക്കാർ
ഓരോ സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളും ഉണ്ട്. സംസ്ഥാനങ്ങൾക്കാവശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നതാണ് നിയമസഭയുടെ ഉത്തരവാദിത്വം. 140 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ സംസ്ഥാന ഗവർണറാണ് അംഗീകാരം നൽകി നടപടികളിലേക്ക് പോകുന്നതിന് ക്രമീകരണം നൽകുന്നത്.കാര്യനിർവഹണത്തിന് മന്ത്രിസഭയെ സഹായിക്കുന്നതിന് വിവിധ വകുപ്പുകളിലായി ഉദ്യോഗസ്ഥ വിഭാഗമുണ്ട്.
നീതിന്യായ വിഭാഗത്തിന് ഹൈക്കോടതി മുതലുള്ള കോടതികളും ഉണ്ട്.“എന്താണ് ശരിക്കും സർക്കാരുകൾ ചെയ്യേണ്ടത്?” “ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന സാൻ എന്ന ഗോത്ര സമൂഹം പറയുന്ന ഒരു കഥയുണ്ട്. പണ്ട് പണ്ട് അവരുടെ നാട്ടിൽ വലിയ വരൾച്ചയുണ്ടായി. ജനങ്ങൾ ഏറ്റവും കഷ്ടപ്പെട്ടു. ജലമില്ലാതെ ജനങ്ങൾ വലഞ്ഞു. പലരും മരിച്ചു വീണു. പണവും അധികാരവും ഉള്ളവർക്ക് മാത്രം ജലം ലഭിച്ചു. ഭരണാധികാരി അതാണ് നിർവഹിച്ചത്. എന്നാൽ ഒരു കൂട്ടം ആളുകൾ ഒരു വലിയ പ്രക്ഷോഭം ഇതിനെതിരെ നടത്തി. ജലം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചു. ഭരണാധികാരിയുടെ ദുർനടപടികളെ ചോദ്യം ചെയ്തു. ജനങ്ങളിൽ നിന്നും ഒരു ഭരണ സമിതിയെ ജനങ്ങൾ തെരഞ്ഞെടുത്തു അവർ ഭരണം ഏറ്റെടുത്തു.
ജലം ഓരോരുത്തരുടെയും അവകാശമാണെന്ന് പ്രഖ്യാപിച്ചു. ധനിക-ദരിദ്ര ഭേദമില്ലാതെ എല്ലാവർക്കും ജലം വിതരണം ചെയ്യുന്നതിനുള്ള വലിയ ക്രമീകരണം ആ ഭരണവിഭാഗം നടപ്പിലാക്കി. ഭൂമിയും ജലവും വിഭവങ്ങളും എല്ലാം ഒരു ഉത്തരവാദിത്വമാണെന്ന ഒരു ചിന്ത ഉണ്ടായിവന്നു. യഥാർത്ഥത്തിൽ ഒരു സർക്കാർ ചെയ്യേണ്ടത് ദാരിദ്യത്തെക്കുറിച്ചും ഇല്ലായ്മയെക്കുറിച്ചും വേവലാതിപ്പെടുകയല്ല. വിഭവങ്ങളെ കുറച്ചുപേർക്കായി മാറ്റി വെയ്ക്കുകയുമല്ല. വിഭവങ്ങളെ ഏവർക്കുമായി തുല്യമായി വീതിക്കുകയാണ് വേണ്ടത്. എല്ലാവർക്കും നീതി ലഭിക്കണം. ജീവിക്കാനുള്ള അവകാശം ലഭ്യമാകണം. ഇതിനാകണം സർക്കാരുകൾ. ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികളും ജനങ്ങളും സൃഷ്ടിക്കപ്പെടണം.”
“ഞങ്ങൾക്കെന്താണ് ചെയ്യാനുള്ളത്?”
“നിയമങ്ങൾ പാലിക്കണം. ശരിക്കുവേണ്ടി സംസാരിക്കണം. പ്രവർത്തിക്കണം. ജനാധിപത്യ ബോധം നമുക്കുണ്ടാകണം. ദയയും കാരുണ്യവും നമുക്കുണ്ടാകണം. സർക്കാർ സംവിധാനങ്ങളെ അറിയണം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നമ്മുടെ പ്രദേശങ്ങളുടെയും പ്രശ്നങ്ങൾ പഠിക്കണം. ചർച്ച ചെയ്യണം. പരിഹാരങ്ങൾ തേടണം. നമുക്ക് സത്യസന്ധരായി മാറാൻ കഴിയണം. നേതൃത്വപരമായ കഴിവുകൾ വളർത്തണം.നാളെ നിങ്ങളിൽ ചിലർ സർക്കാരുകളുടെ ഭാഗമാകണം. നേതൃത്വം കൊടുക്കണം.നല്ല സർക്കാർ... നല്ല ഭരണം...നല്ല രാജ്യം... നല്ല പ്രദേശം...നല്ല വീട്... ഇതൊക്കെ രൂപപ്പെടാൻഒരു മന്ത്രമേയുള്ളൂനമുക്ക് നല്ലവരാകാം.”ആർവിനും നിർവാനും വ്യോമയും ഇശാനിയും ചേർന്ന നോവാ മൈൻഡ് ഉറക്കെ പാടി “നമുക്ക് നല്ലവരാകാം.” അഗോറാ കമ്മ്യൂണും ഏറ്റുപാടി.“നമുക്ക് നല്ലവരാകാം.”
District News
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർക്ക് നായകളുടെ കടിയേറ്റു. സ്കൂളുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുന്നവർക്ക് ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവ് നായകളുടെ എണ്ണം വർധിച്ചത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തുമെന്ന് അറിയിച്ചു. തെരുവ് നായകളെ പിടികൂടി പാർപ്പിക്കാൻ പുതിയ ഷെൽട്ടറുകൾ ഉടൻ നിർമ്മിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, പേവിഷബാധ തടയുന്നതിനായുള്ള വാക്സിനേഷൻ യജ്ഞവും ശക്തിപ്പെടുത്തും. നായകളുടെ വന്ധ്യംകരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകാതെ, ജാഗ്രത പാലിക്കണമെന്നും നായകളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Editorial
ഈ വർഷം ഭൂകന്പമുണ്ടാകുമോ? ആർക്കും അതിനു കൃത്യമായ ഉത്തരം നൽകാനാവില്ല. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകുമോ? അതും അത്ര കൃത്യമായി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ദുരന്തങ്ങൾ തടയാനോ മുൻകരുതലെടുക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ വർഷം കടലേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.
ഈ വർഷം മാത്രമല്ല, കഴിഞ്ഞ എല്ലാ വർഷങ്ങളിലും കൃത്യമായ ഉത്തരമുള്ള ചോദ്യം. വർഷകാലത്ത് ഉറപ്പായും കടലേറ്റമുണ്ടാകും. എറണാകുളം ജില്ലയിലെ ചെല്ലാനം തീരമേഖലയിലെ ജനത അവരുടെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉത്തരംകൂടിയാണിത്. അടുത്ത ചോദ്യം അധികാരികളോടാണ്, ഉറപ്പായും ഒരു ദുരന്തം സംഭവിക്കുമെന്ന് ബോധ്യമായിട്ടും അതു പരിഹരിക്കാൻ ഒന്നും ചെയ്യാതെ ഇങ്ങനെ കൈയുംകെട്ടി നിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
എങ്ങനെയാണ് ഇതു പരിഹരിക്കേണ്ടതെന്ന് അറിയാൻ പാടില്ലാത്തതുകൊണ്ടാണ് നിങ്ങളുടെ നിസംഗതയെങ്കിൽ ഈ നാട് ക്ഷമിക്കുമായിരുന്നു. എന്നാൽ, ചെയ്യേണ്ടതു ചെയ്താൽ അലറിവിളിച്ചുവരുന്ന തിരകളെ പിടിച്ചുകെട്ടി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാമെന്നു നിങ്ങൾ തെളിയിച്ചിട്ടില്ലേ? ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി പുത്തൻതോട് വരെ 7.35 കിലോമീറ്റർ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി രണ്ടു വർഷം മുന്‍പ് നിങ്ങൾതന്നെ സ്ഥാപിച്ച ഭാഗങ്ങളിലെ ജനങ്ങൾ ഇപ്പോൾ സമാധാനത്തോടെ അന്തിയുറങ്ങുന്നത് കാണുന്നില്ലേ? കഴിഞ്ഞ രണ്ടു വർഷവും അവിടേക്കു കടലിന് ഇരച്ചുകയറാനായിട്ടില്ല.
ആരുടെയും വീടും സ്വത്തും കവർന്നെടുക്കാൻ തിരകൾ നാവു നീട്ടിയിട്ടില്ല. അന്ന് ആഘോഷത്തോടെ അതിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ നിങ്ങൾ നൽകിയ ഒരു വാഗ്ദാനമുണ്ട്; പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെ അവശേഷിക്കുന്ന 12 കിലോമീറ്റർ തീരത്തും ടെട്രാപോഡ് കടൽഭിത്തി നിർമിച്ച് തീരജനതയെ സംരക്ഷിക്കുമെന്ന്. പക്ഷേ, രണ്ടു വർഷങ്ങൾക്കിപ്പുറവും അധികാരികൾ വിശ്രമിക്കുന്നു, തിര അതിന്റെ പണി തുടരുന്നു.
ഈ കാലവർഷം തുടങ്ങിയതേ നാലു വീടുകൾ കടൽ കവർന്നുകഴിഞ്ഞു. ഇരുപതോളം വീടുകൾ അറ്റകുറ്റപ്പണി ചെയ്യാതെ താമസിക്കാൻ കഴിയാത്ത സ്ഥിതിയിൽ. കടൽ കയറിവരുന്നതു കണ്ട് കൈയിൽ കിട്ടിയതെല്ലാം വാരിപ്പിടിച്ച് ഓടിയ ജനങ്ങൾ ചെറിയകടവ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്കു മീതെയാണ് തിരകൾ ആർത്തലച്ചു കയറിക്കൊണ്ടിരിക്കുന്നത്.
സംഹാരരൂപം പൂണ്ട് എത്തുന്ന തിരകളുടെ ശക്തി കുറയ്ക്കാൻ കടലിൽ നിർമിച്ച പുലിമുട്ടുകൾ പലതും തകർന്നുകിടക്കുന്നു. എന്തുകൊണ്ടാണ് ഇതു നന്നാക്കാത്തതെന്നു ചോദിച്ചാൽ ഉത്തരം റെഡി; പുലിമുട്ട് നിർമിക്കാനുള്ള വലിയ കരിങ്കൽ കിട്ടാനില്ലത്രേ. കരിങ്കല്ലിന് ഇത്രയും ക്ഷാമമുള്ള നാട്ടിൽ പിന്നെങ്ങനെയാണ് ആയിരക്കണക്കിനു ലോഡ് കരിങ്കല്ലിറക്കി വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കിയതെന്നു ചോദിക്കരുത്. ഇവിടെ സാധാരണക്കാരുടെ കാര്യം വരുന്പോഴാണല്ലോ ചട്ടവും ക്ഷാമവും നിയമവുമൊക്കെ സടകുടഞ്ഞെഴുന്നേൽക്കുന്നത്.
അധികാരികളുടെ നിസംഗതയ്ക്കെതിരേ കഴിഞ്ഞദിവസം ജനരോഷം തിരമാല പോലെ വീശിയടിച്ചപ്പോൾ കണ്ണമാലി മുതൽ മാനാശേരി വരെ ഏഴിടത്ത് മണൽ നിറച്ച ജിയോബാഗുകൾ സ്ഥാപിച്ചു സുരക്ഷയൊരുക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം തൊലിപ്പുറത്തെ ചികിത്സകളോടാണ് പലപ്പോഴും അധികാരികൾക്കു താത്പര്യം. കടലാക്രമണം തടയാൻ സ്ഥാപിച്ച പരന്പരാഗത കടൽഭിത്തികളെപ്പോലും വകവയ്ക്കാത്ത തിരകളെ നിങ്ങൾ എത്രനാൾ ജിയോബാഗ് മാത്രം കാണിച്ചു പേടിപ്പിക്കും?
ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? നാലു കാലുകളുമായി നിർമിക്കുന്ന, രണ്ടു ടണ്ണോളം ഭാരം വരുന്ന കോൺക്രീറ്റ് നിർമിതിയാണ് ഒരു ടെട്രാപോഡ്.
ചെല്ലാനത്തെ, ഇനി കടൽഭിത്തി നിർമിക്കാനുള്ള 12.5 കിലോമീറ്ററിൽ കുറെയേറെ ഭാഗം നേവിയുടെ സ്ഥലങ്ങളാണ്. അവിടെ അവർ കൽക്കെട്ടും മറ്റും നിർമിച്ചിട്ടുണ്ട്. ആറോ ഏഴോ കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചാൽ എല്ലാ വർഷവും വേട്ടയാടുന്ന ദുരന്തത്തിൽനിന്ന് ഇവിടത്തെ സാധാരണക്കാരെ സർക്കാരിനു നിഷ്പ്രയാസം രക്ഷിക്കാം. അടുത്ത വർഷവും ഈ ദുരന്തം വരുമെന്നുറപ്പാണ്, അതിനു മുന്‍പെങ്കിലും...
Editorial
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് എത്രത്തോളം വിനാശകാരിയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയേണ്ട കാര്യമില്ല. ലോകം മുഴുവൻ അംഗീകരിച്ച വസ്തുതയാണത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും അതു വരുത്തിവയ്ക്കുന്ന മാരകമായ പ്രത്യാഘാതം കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന്റെ നിർമാർജനവും ലോകം അംഗീകരിച്ചതാണ്. വിശേഷിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരി. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെതിരായ ഏതു നടപടിയും സ്വാഗതാർഹമാകുന്നത്.
സംസ്ഥാനത്ത് പൊതുചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് ഭക്ഷണപാത്രം, സ്പൂൺ, കപ്പ്, സ്ട്രോ, കത്തി, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ് എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളവും രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പിയുമേ മലയോരമേഖലയിൽ ഉപയോഗിക്കാനാവൂ.
അങ്ങേയറ്റം സ്വാഗതാർഹമാണ് ഹൈക്കോടതിയുടെ നടപടി. ബോധവത്കരണം എങ്ങും ഏശാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികൾ ഉണ്ടായേ തീരൂ. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി നിരോധനത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത. 2010ലും 2018ലും 2022ലും നിർണായകമായ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
പ്ലാസ്റ്റിക്കുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങളായ പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന പോളിമറുകൾ അടങ്ങിയ ഒരുകൂട്ടം സിന്തറ്റിക് വസ്തുക്കളാണ്. എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, സാമ്പത്തിക, വികസന മാതൃകകൾ.
പെട്രോകെമിക്കൽ വ്യവസായം നിരന്തരം വൈവിധ്യവത്കരിക്കപ്പെട്ടതും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭ്യമായതും ഈ വളർച്ചയെ സഹായിച്ചു. നിറം, രൂപം, കാഠിന്യം, കനം, നശീകരണശേഷി തുടങ്ങി പ്ലാസ്റ്റിക്കുകൾക്ക് വ്യത്യസ്ത ഗുണവിശേഷങ്ങളുണ്ട്.
ഇതു പരിസ്ഥിതിയിലേക്കു വലിച്ചെറിയുമ്പോൾ അവ നശിച്ചുപോകാതെ വിവിധ അവസ്ഥകളിലേക്കു മാറുന്നു. വ്യവസായവും ഉപഭോക്താക്കളും അനുഗ്രഹമെന്നു കരുതുന്ന പ്ലാസ്റ്റിക്കിന്റെ പ്രധാന ഗുണങ്ങളിൽ ചിലതാണ് നിർഭാഗ്യവശാൽ പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഉദാഹരണമായി ഭാരം കുറഞ്ഞതും നശിക്കാത്തതുമായ സ്വഭാവം.
1950കൾ മുതലാണ് പ്ലാസ്റ്റിക് വ്യാപകമായി നിലവിൽ വന്നത്. എല്ലാ വ്യവസായ മേഖലയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാക്കേജിംഗാണ്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വാർഷിക പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ ഏകദേശം 30-40 ശതമാനം നിലവിൽ പാക്കേജിംഗിനായാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് പഠിച്ചു തയാറാക്കിയ പല ഗവേഷണ റിപ്പോർട്ടുകളും പരസ്പരവിരുദ്ധമായ പരിഹാരങ്ങൾ നിർദേശിക്കുന്നതും ഈ വിഷയത്തിലെ വെല്ലുവിളിയാണ്. യൂറോപ്പിലെ 33 രാജ്യങ്ങളിൽ തെറ്റായ പ്ലാസ്റ്റിക് സംസ്കരണം വരുത്തിവച്ച പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഗോളതലത്തിൽ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട വേറെയും പല പ്രതിസന്ധികളുമുണ്ട്. 2022ലെ ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎൻ ആഗോള പരിസ്ഥിതി ഉടന്പടി പരാജയപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പ്രശ്നത്തെ വ്യക്തമായി നിർവചിച്ചെങ്കിലും പരിഹാരത്തെക്കുറിച്ചുള്ള തർക്കം എല്ലാം അവതാളത്തിലാക്കി.
ബുസാനിൽ ഇതുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകളിൽ പങ്കെടുത്ത 170 രാജ്യങ്ങളിൽ എൺപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉറവിടമായ നവപോളിമർ (Virgin Polymer) ക്രമേണ കുറയ്ക്കുക എന്നതാണ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഏക ഫലപ്രദമായ വഴിയെന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാൽ, എണ്ണ ഖനനത്തെയും പെട്രോകെമിക്കൽ ശുദ്ധീകരണത്തെയും ആശ്രയിച്ച് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത വലിയ വികസ്വര രാജ്യങ്ങളിൽ പലതും ഇത്തരം നിർദേശങ്ങളെ എതിർക്കുന്നു. പ്ലാസ്റ്റിക് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ആവശ്യങ്ങളെ, പരിസ്ഥിതിവാദത്തിന്റെ മറവിലുള്ള വ്യാപാര തടസങ്ങളായിട്ടാണ് അവർ കാണുന്നത്.
ഉത്പാദനം നിയന്ത്രിക്കേണ്ട ഒന്നായി പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെ ചിത്രീകരിക്കുന്നത് 2022ലെ പ്രമേയത്തിന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറമാണെന്നും അവർ കരുതുന്നു. അതിൽ പിന്നീടും ലോകരാജ്യങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്പാദന വെട്ടിക്കുറവിനെ എതിർക്കുന്ന രാജ്യങ്ങളോടൊപ്പമായിരുന്നു അന്ന് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യാനുള്ള ശേഷിയേ ഇന്ത്യയിലുള്ളൂ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
സമ്പദ്വ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്തതാണ് എന്നത് ജനങ്ങളുടെ ആരോഗ്യത്തിലും നമ്മുടെ പരിസ്ഥിതിയിലും സമുദ്ര പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കുന്നത് തടസപ്പെടുത്തുന്നതിനു കാരണമായിക്കൂടാ.
ചരിത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തെറ്റായ ഭാഗത്തുനിന്ന് നിരന്തരം അതിനെ ന്യായീകരിക്കുന്നതിലും നല്ലത് ക്രമാനുഗതവും ആസൂത്രിതവുമായ പിന്മാറ്റമാണ്. ജനങ്ങളുടെ പരിപൂർണമായ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.
Agriculture
കേരളത്തിൽ ജൈവകൃഷിക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവരുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറച്ച് പ്രകൃതി സൗഹൃദപരമായ കൃഷിരീതികൾ അവലംബിക്കാൻ കർഷകർ തയ്യാറാവുന്നതിന് പ്രധാന കാരണം ജൈവ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന മികച്ച വിലയാണ്. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ജൈവ ഉൽപ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യവും ഇതിന് ആക്കം കൂട്ടുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കർഷകരെ അലട്ടുന്നുണ്ട്. ജൈവവളങ്ങളുടെയും വിത്തുകളുടെയും ലഭ്യതക്കുറവ്, സാമ്പത്തിക സഹായങ്ങൾ യഥാസമയം ലഭിക്കാത്തത്, വിപണനത്തിനുള്ള വെല്ലുവിളികൾ എന്നിവ പ്രധാന പ്രശ്നങ്ങളാണ്. ഈ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
ജൈവ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ ഉറപ്പാക്കുന്നതിനും വ്യാജ ഉൽപ്പന്നങ്ങൾ തടയുന്നതിനും കർശനമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൈവ കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിലൂടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും സാധിക്കും.