മഞ്ചേരി: തെരുവുനായ ആക്രമണംമൂലമുണ്ടായ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ജില്ലയില്‍ ഇതുവരെ 56 ഹരജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്റേഷന്‍ കമ്മിറ്റിയുടെ ജില്ലയിലെ സിറ്റിങ്ങിലാണ് പരാതികള്‍ പരിഗണിച്ചത്.
ജില്ലാ നിയമസേവന അതോറിറ്റി, മഞ്ചേരിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അതോറിറ്റി സെക്രട്ടറി എം.ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍ ഡോ.സകരിയ്യ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍: 45100/2024 ഉത്തരവു പ്രകാരം ഇനിമുതല്‍ ജില്ലയില്‍ തെരുവുനായ് ആക്രമണംമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയായിരിക്കും.
തെരുവുനായ് ആക്രമണമുണ്ടായാല്‍ മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ ഏറനാട് താലൂക്ക് നിയമസേവന കമ്മിറ്റിയിലോ പൊതുജനങ്ങള്‍ക്ക് ഹരജി നല്‍കാവുന്നതാണ്. നിലവില്‍ ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികള്‍ നിയമസേവന അതോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്.