Kerala
തൃശൂര്‍: അണലിയുടെ കടിയേറ്റ് ആറ് വയസുകാരി മരിച്ചു. വാടാനപ്പള്ളി ഇടശേരി സിഎസ്എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക ആണ് മരിച്ചത്.
അണലി പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു.
ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ടായിരുന്നു. ബുധനാഴ്ച കുട്ടിക്ക് കാല് വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു. അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു.
വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്.
എന്നാൽ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തിനുള്ളില്‍ വ്യാപിച്ചിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൃക്കയുടെ പ്രവര്‍ത്തനം അപ്പോഴേക്കും നിലച്ചു. ഇതിന് പിന്നാലെ മരണം സംഭവിച്ചു.
National
സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽവച്ച് സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം. സുബിൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് സിംഗപ്പൂരിലെത്തിയത്.
2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ആസാം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. നിരവധി ആസാമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്.
സ്കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.