District News
ചങ്ങനാശേരി: സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകര്‍ന്നു കടന്നുപോയ കര്‍മയോഗിയായിരുന്നു ഫാ. ഗ്രിഗറി പരുവപ്പറമ്പിലെന്ന് അതിരൂപത വികാരിജനറാൾ മോണ്‍. മാത്യു ചങ്ങങ്കേരി. ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളജ് സ്ഥാപക ഡയറക്ടറും അതിരൂപത പ്രൊക്യുറേറ്ററുമായിരുന്ന ഫാ. പരുവപ്പറമ്പില്‍ അനുസ്മരണ സമ്മേളനവും സംസ്ഥാനതല ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാള്‍. കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസരംഗത്തും അതിരൂപതയ്ക്കും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജേക്കബ് അത്തിക്കളം, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ഫൗണ്ടേഷന് സെക്രട്ടറി ജസ്റ്റിന് ബ്രൂസ്, ഫിലിപ്പ് പരുവപ്പറമ്പില്‍, ജറില്‍ ചെറിയാന്, വൈസ് പ്രിന്‍സിപ്പല്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ജോമോള്‍ സ്ക്കറിയ എന്നിവര്‍ പ്രസംഗിച്ചു
ഫാ. പരുവപ്പറമ്പില്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം, ഹോളിഫാമിലി കോളജ് ഓഫ് നഴ്സിംഗ് മുതലക്കോടം, ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് എറണാകുളം. എന്നിവരാണ് നേടിയത്.
District News
ചങ്ങനാശേരി: നിര്‍മാണ നടപടികള്‍ നീളുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡിലെ കാല്‍നടയാത്രയും വാഹനസഞ്ചാരവും അപകടഭീഷണിയില്‍. വലിയ കുഴികളിൽ കെഎസ്ആര്‍ടിസി ബസുകള്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിക്കുന്നത് വാഹന, കാൽനട യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷ മാനിച്ച് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
2018ലെ പ്രളയദിനങ്ങളില്പോലും വെള്ളക്കെട്ടുണ്ടായിട്ടില്ലാത്ത റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ത്തി ഓട നിര്‍മിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. വാലടി പോലുള്ള പ്രദേശങ്ങളില്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ റോഡ് നിര്‍മാണം നടന്നപ്പോള്‍ പലരും പരാതികളുന്നയിച്ചെങ്കിലും അധികൃതർ അതൊന്നും ഗൗനിച്ചതേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലത്ത് പാടശേഖരങ്ങളിലെ വെള്ളക്കെട്ടില്‍ മുങ്ങാറുള്ള റോഡുകള്ക്കെന്തിനാണ് ഓട എന്നുള്ള ചോദ്യത്തിന് ഉത്തരമുണ്ടായില്ലെന്നും നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അശാസ്ത്രീയ രൂപകല്പനയ്ക്കു പിന്നില്‍ അഴിമതിയാണെന്ന ആക്ഷേപം പദ്ധതി ആരംഭിച്ച കാലം മുതല്‍ നാട്ടുകാരും മാധ്യമങ്ങളും ഉന്നയിച്ചിരുന്നെങ്കിലും വിഷയം ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയാറായില്ലെന്നതും ചര്‍ച്ചാവിഷയമാണ്.
പ്രതീക്ഷയോടെ നാട്ടുകാര്‍
പഴയ കരാറുകാരനെ ടെര്‍മിനേറ്റു ചെയ്തതിനുശേഷം പുതിയ കരാറുകാരനു കഴിഞ്ഞദിവസം സെലക്ഷന് നോട്ടീസ് നല്‍കിയതോടെ മുടങ്ങിക്കിടക്കുന്ന റോഡു നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ട്. ലെവല്‍സ് എടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് സാധാരണഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാറുള്ളത്. ഇതിനായി മഴക്കാലം കഴിഞ്ഞു വെള്ളമിറങ്ങുന്നതുവരെ കാത്തിരുന്നാല്‍ ഇപ്പോള്‍തന്നെ കുഴിയില്‍ച്ചാടി നടുവൊടിഞ്ഞുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ ഇനിയും ഏറെക്കാലം നീണ്ടുനിന്നേക്കും.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയില്‍
റോഡിലെ ഗതാഗതം താറുമാറായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനോടു വിമുഖത പ്രകടിപ്പിക്കുന്നതായി സൂചനകളുണ്ട്. തകര്‍ന്ന റോഡിലൂടെ യഥാസമയം ബസുകള്‍ക്ക് ഓടിയെത്താനാകുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ബസ് സര്‍വീസ് മുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും.
കെഎസ്ടിപി പദ്ധതിയുടെ പരിധിയിലുള്ളതല്ലെങ്കിലും തുരുത്തിയില്‍നിന്നും കാവാലത്തേക്കുള്ള റോഡില്‍ നാരകത്തറ മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം കോഴിച്ചാല്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ നാരകത്തറയിലെത്തി ബസുകള്‍ മടങ്ങുകയാണ്. കൃഷ്ണപുരം ഭാഗത്തു റോഡുയര്ത്തുന്നതിനുള്ള അനുമതിയായെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല.
ഏതാനും പാടശേഖരങ്ങളിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള നടപടികളെടുത്താല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അത്യാവശ്യം കുഴികളെങ്കിലുമടച്ച് ബസ് സര്‍വീസുകള്‍ തുടരാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളും അധികൃതരും ഇതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണവര് ആവശ്യപ്പെടുന്നത്.
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെട്ട പമ്പ്ഹൗസ്, ഡിവൈന്‍നഗര്‍ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു.
കൃഷിയിടങ്ങളിലെ പച്ചക്കറികളും വീട്ടുപരിസരങ്ങളില്‍ വളര്‍ത്തുന്ന ചെടികളും ഇവറ്റകള് തിന്നൊടുക്കുന്നതായി ആളുകള്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ വാഴപ്പള്ളി പഞ്ചായത്ത്, കൃഷിവകുപ്പ് അധികാരികള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്)ല്‍ എസ്ബി കോളജ് ജംഗ്ഷനില്‍ ആരംഭിച്ച് അസംപ്ഷന്‍ കോളജ് ജംഗ്ഷനില്‍ എത്തുന്ന റോഡ് തകര്‍ന്നു സഞ്ചാരം ദുരിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
തകര്‍ന്നുകിടക്കുന്ന ഈ റോഡിലൂടെ വാഹനസഞ്ചാരവും കാല്നടപ്പും ദുഷ്കരമാണ്. രണ്ട് കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകളിലേക്കും വിവിധ കോണ്‍വന്റുകള്‍, ചാസ്, എകെഎം സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
ഈ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയാറാകണമെന്ന് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. എസ്ബി, അസംപ്ഷന്‍ കോളജുകളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ഷെറിന് കുറശേരി, ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍, ജോസി കല്ലുകളം, എ.ജെ. ജോസഫ്, ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജു കൊച്ചുപറമ്പില്‍, ദീപ കടന്തോട്, ജിനു സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ ജനറല്‍ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നല്കി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ മാതൃകയായി.
വായന മാസാചരണത്തിന്റെ ഭാഗമായി അക്ഷരോത്സവം, നവീകരിച്ച ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം, മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി രചനാ മത്സരങ്ങള്‍, കവിതാലാപനം, കുടുംബമാസിക പ്രസിദ്ധീകരണം തുടങ്ങി ഇരുപതിന പരിപാടികള്‍ക്കും തുടക്കമായി.
ആശുപത്രി സൂപ്രണ്ട് ഡോ. ബി.കെ. പ്രസീദ, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം പി.എച്ച്. നാസര്‍, പിആര്‍ഒ അഭിലാഷ് രാജേന്ദ്രന് എന്നിവര്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ എഫ്സിസിയില്നിന്നു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സീനിയര്‍ അസിസ്റ്റന്റ് മേരിക്കുട്ടി ജെ. ചെരുവില്‍, സബീഷ് നെടുംപറമ്പില്‍, ജസ്റ്റിന് ജോസ്, സിസ്റ്റര്‍ ദീപ്തി മരിയ എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.