കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡ്തല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ഫീല്‍ഡ്തല പഠനം.
മസ്തിഷ്കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വര പരിശോധനകള്‍കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെതന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തി ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തേ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.