തിരുവല്ല: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പിഎം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവിലുള്ള മാതൃകയ്ക്കു വിരുദ്ധവും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ പരമാധികാരത്തെ ഹനിക്കുന്നതുമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ, കേരളം കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എഎച്ച്എസ്ടിഎ അഭിപ്രായപ്പെട്ടു.
നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനു പകരം, പുതിയ പേരിലും കേന്ദ്രീകരണത്തോടെയുമുള്ള പദ്ധതികൾ അടിച്ചേല്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി. ചാന്ദ്നി പറഞ്ഞു.