തിരുവനന്തപുരം: വേഗപ്പോരില്‍ റിക്കാര്‍ഡുകള്‍ പൊട്ടിത്തകര്‍ത്ത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മിന്നൽപ്പിണൽ സൃഷ്ടിച്ച് കൗമാരക്കാർ കുതിച്ചെത്തിയപ്പോള്‍ കടപുഴകിയത് രണ്ട് മീറ്റ് റിക്കാര്‍ഡുകള്‍.
67-ാം സംസ്ഥാന സ്കൂള്‍ മീറ്റില്‍ വേഗതാരങ്ങളെ നിര്‍ണയിക്കുന്ന 100 മീറ്ററില്‍ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള റിക്കാര്‍ഡുകളാണ് തിരുത്തിക്കുറിച്ചത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ടി.എം അതുലിന്റെ സുവര്‍ണനേട്ടത്തിന് തിളക്കമേറെ. സബ്ജൂണിയര്‍ പെണ്‍കുട്ടികളില്‍ ഇടുക്കി കാല്‍വരിമൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബു തകര്‍ത്തത് 1987 ലെ റിക്കാര്‍ഡ്.
അതുല്യം ഈ റിക്കാർഡ്
1988ല്‍ കോട്ടയം മീറ്റില്‍ തിരുവനന്തപുരം ജിവി രാജ സ്കൂളിലെ രാംകുമാര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്ഥാപിച്ച 10.90 സെക്കന്‍ഡ് സമയം 10.81 ആക്കി തിരുത്തിയാണ് അതുല്‍ റിക്കാര്‍ഡുമായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്.
മൂന്നരപ്പതിറ്റാണ്ടു പഴക്കമുള്ള റിക്കാര്‍ഡ് അതുല്‍ തകര്‍ത്തപ്പോള്‍ ഇത് നേരില്‍ കാണാനായി നിലവിലെ റിക്കാര്‍ഡ് ഉടമയായ രാംകുമാറും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. തന്റെ റിക്കാര്‍ഡ് പഴങ്കഥയാക്കി മാറ്റിയ അതുലിനു സ്നേഹചുംബനവും പാരിതോഷികവും നൽകിയാണ് രാംകുമാര്‍ സ്റ്റേഡിയം വിട്ടത്.
38 വർഷം പഴക്കമുള്ള റിക്കാർഡ്
സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ റിക്കാര്‍ഡ് നേട്ടത്തിന് അര്‍ഹയായ ദേവപ്രിയ തിരുത്തിയത് 38 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ്. 1987-ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ധു മാത്യു സ്ഥാപിച്ച 12.70 സെക്കന്‍ഡ് സമയം 12.45 ആയിയാണ് ദേവപ്രിയ സുവര്‍ണ ഫിനിഷിംഗ് നടത്തിയത്. റിക്കാര്‍ഡ് നേട്ടത്തിനിടയിലും ഒരു സങ്കടം ദേവപ്രിയയ്ക്ക് മുന്നിലുണ്ട്. സ്വന്തമായി ഒരു വീടിനായുള്ള കാത്തിരിപ്പ്.
കഴിഞ്ഞ തവണ സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ വീടു നിര്‍മിച്ചു നൽകാമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആഗ്രഹം ഇപ്പോഴും സഫലമായില്ല. ഇക്കുറി റിക്കാര്‍ഡ് നേട്ടവുമായി നാട്ടിലെത്തുമ്പോള്‍ സ്വന്തം വീടെന്ന ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ദേവപ്രിയ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ഷെബുവിന്റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ.
വേഗക്കാർ ഇവർ
മീറ്റിലെ വേഗതാരങ്ങളെ നിര്‍ണയിച്ച സീനിയര്‍ വിഭാഗം 100 മീറ്റര്‍ ആണ്‍കുട്ടികളില്‍ ജെ. നിവേദ് കൃഷ്ണയും പെണ്‍കുട്ടികളില്‍ ആദിത്യ അജിയും സ്വര്‍ണത്തില്‍ മുത്തമിട്ടു. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ജെ. നിവേദ് കൃഷ്ണ 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗതാരമായത്. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി 12.11 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്ന് പെണ്‍കുട്ടികളിലെ വേഗതാരമായി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുനാവായ നാവമുകുന്ദയിലെ സി.കെ. ഫസല്‍ ഹക്ക് (10.88) വെള്ളിയും കടകശേരി ഐഡിയല്‍ സ്കൂളിലെ വി. അഭിഷേക് വെങ്കലും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ ജ്യോതി ഉപാധ്യായ 12.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേട്ടത്തിനും തിരുവനന്തപുരം സായിയിലെ അനന്ന്യ സുരേഷ് (12.42 സെക്കന്‍ഡ്) വെങ്കലവും നേടി.
പുല്ലൂരാംപറയ്ക്ക് ഡബിൾ
ജൂണിയര്‍ ആണ്‍കുട്ടികളില്‍ കോട്ടയം മുരിക്കുവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു( 11.00 സെക്കന്‍ഡ്) വെള്ളിയും കുന്നംകുളം ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ജിയോ ഐസക്ക് സെബാസ്റ്റ്യന്‍ (11.16 സെക്കന്‍ഡ്) വെങ്കലവും നേടി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് പുല്ലൂരംപാറ എച്ച്എസിലെ ദേവനന്ദ വി. ബിജു (12.45 സെക്കന്‍ഡ് ) സ്വര്‍ണവും തിരുവനന്തപുരം ജി.വി രാജാ സ്കൂളിലെ എ.നന്ദന (12.46 സെക്കന്‍ഡ്)വെള്ളിയും സായ് തലശേരിയിലെ ടി.പി.മിഥുന ( 12.52 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ സെന്റ് ജോസഫ്സ് പുല്ലൂരംപാറയുടെ സഞ്ജയ് (11.97 സെക്കന്‍ഡ്) സ്വര്‍ണവും യുഎഇയിലെ ശിവാനിക് ജോഷ്വാ (12.17) വെള്ളിയും തിരുനാവായ നാവാമുകുന്ദയിലെ നീരജ് (12.17) വെങ്കലവും നേടി.
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ്. അന്‍വി ( 12.79 സെക്കന്‍ഡ്) വെള്ളിയും തൃശൂര്‍ ചേലാടന് സിറിയന്‍ സ്കൂളിലെ അഭിനന്ദനാ രാജേഷ്(13.48 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.