പരിചയ സമ്പന്നരുടെ നിരയുമായി മന്ത്രയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി
രഞ്ജിത് ചന്ദ്രശേഖർ
Thursday, October 2, 2025 12:32 PM IST
ന്യൂയോർക്ക്: മന്ത്രയുടെ പ്രസിഡന്റ് ഇലക്ട് ആയി രേവതി പിള്ളയെ തെരഞ്ഞെടുത്തു. രേവതി പിള്ള ഒരു സീനിയർ ടെക്നോളജി എക്സിക്യൂട്ടീവാണ്. നിലവിൽ ഒരു പ്രമുഖ പബ്ലിക് സേഫ്റ്റി ടെക്നോളജി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റും ചീഫ് എൻജിനിയറിംഗ് ഓഫീസറുമായി സേവനമനുഷ്ഠിക്കുന്നു.
പെൺമക്കളുമായി ചേർന്ന് ആരംഭിച്ച സ്ത്രീകൾ നയിക്കുന്ന സംരംഭക സംരംഭമായ വിശ്വാസിന്റെ സ്ഥാപകയാണ് അവർ. പ്രകൃതിദത്ത ഉത്പന്നമായ സമൃദ്ധി ഹെയർ ഗ്രോത്ത് ഓയിൽ വഴി ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.
സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ സേവനത്തിനും പ്രതിജ്ഞാബദ്ധയായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവർ, ഫോക്കാന വനിതാ ഫോറത്തിന്റ നിലവിലെ ചെയർപേഴ്സണായി സേവനമനുഷ്ഠിക്കുന്നു.
മന്ത്രയുടെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിച്ച അവർ, കാഴ്ച വൈകല്യമുള്ളവരെ ശാക്തീകരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ വിഷൻ-എയ്ഡിന്റെ നേതൃത്വ സ്ഥാനമായ ദീർഘകാല കൗൺസിൽ ഓഫ് അംബാസഡർ അംഗവുമാണ്.
എക്സിക്യൂട്ടീവ് നേതൃത്വത്തിൽ സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്വകാര്യ നെറ്റ്വർക്കായ ബോസ്റ്റൺ ചാപ്റ്റർ ഓഫ് ചീഫിന്റെ സ്ഥാപക അംഗം കൂടിയാണ് രേവതി.
താൻ ഏറ്റെടുക്കുന്ന ഓരോ റോളിലുംപുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനും സേവന പ്രവർത്തന ങ്ങളിൽ പങ്കാളി ആവാനും അതിന്റെ നേതൃത്വം ഏറ്റെടുക്കാനും സവിശേഷ ശ്രദ്ധ നൽകി പോരുന്നു.
മന്ത്രയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രമ പിള്ള ഹൂസ്റ്റണിലെ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സാധ്യമാക്കിയ കെഎച്ച്എസിന്റെ പ്രസിഡന്റ് ഉൾപ്പടെ വിവിധ പദവികൾ അലങ്കരിച്ചു.
മികച്ച സേവനം നടത്തി വരുന്നു മെഡിക്കൽ പ്രഫഷണൽ കൂടിയായ അവരുടെ സാന്നിധ്യം മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ മുതൽക്കൂട്ടാകും. മന്ത്രയുടെ പുതിയ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് നായർ ഹോസ്പിറ്റാലിറ്റിയിലും വ്യോമയാന വ്യവസായത്തിലും 20 വർഷത്തെ പരിചയമുള്ള ട്രാവൽ മാനേജരാണ്.
ന്യൂയോർക്കിൽ, ന്യൂയോർക്ക് എൻവയോൺമെന്റ് ക്ലബിലെ അംഗം, പാഡിൽ ഫോർ ദി ക്യൂർ (പിഎഫ്സി) അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു. മന്ത്രയോടൊപ്പം ഹൈന്ദവ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അതിനെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധം ആണെന്ന് അദ്ദേഹം അറിയിച്ചു
ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ഷിക്കാഗോ സ്വദേശിയായ ഡോ. നിഷ ചന്ദ്രൻ, പ്രഗത്ഭയായ ഒരു ശിശുരോഗവിദഗ്ദ്ധ എന്ന നിലയിൽ ആരോഗ്യ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു.
പിതാവ് ജയ് ചന്ദ്രനൊപ്പം വളർത്തിയെടുത്ത സാമൂഹ്യ സേവന പശ്ചാത്തലം മെഡിക്കൽ പ്രാക്ടീസിനപ്പുറം അവരുടെ സമാജത്തിലെ വിവിധ പ്രവർത്തനങ്ങളിൽ പ്രകടമാണ്. ഷിക്കാഗോ ലാൻഡ് പ്രദേശത്ത് വിവിധ സംഘടനകളിൽ സജീവ സാന്നിധ്യം ആണ് ഡോ. നിഷ.
ഷിക്കാഗോയിലെ ഗീത മണ്ഡലം, ചിക്കാഗോയിലെ മലയാളി അസോസിയേഷൻ, ഫോക്കാന, കെഎച്ച്എൻഎ, മന്ത്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു. അമേരിക്കയിലെ പുതിയ പ്രവാസി തലമുറയെ ശാക്തീകരിക്കുന്നതിൽ ഡോ.നിഷ മുൻകൈ എടുത്തു പ്രവർത്തിക്കുന്നു.
കിഴക്കൻ, പാശ്ചാത്യ സംസ്കാരങ്ങളെ സംയോജിപ്പിക്കാനും യുവാക്കളെ അവരുടെ വൈവിധ്യമാർന്ന പൈതൃകം ഉൾകൊള്ളാൻ സഹായിക്കുന്ന പദ്ധതികളുമായി യുവജന വേദികളുമായി പ്രവർത്തിക്കുന്നതിൽ അവർക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു വരുന്നു.
മന്ത്രയുടെ ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് ഹൂസ്റ്റണിൽ നിന്നുള്ള രാമദാസ് കണ്ടത്ത് ആണ്. സീനിയർ സപ്ലൈ ചെയിൻ കൺസൾട്ടന്റായി ജോലി ചെയ്യുന്ന രാമദാസ് കമ്പ്യൂട്ടർ എൻജിനിയറിംഗ് പശ്ചാത്തലവും സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ഡോക്ടറേറ്റുമുള്ള അദ്ദേഹം, ആഗോള സപ്ലൈ ചെയിൻ നെറ്റ്വർക്കുകളിൽ 17 വർഷത്തിലേറെ പരിചയസമ്പത്തുള്ള വ്യക്തിയാണ്.
തന്റെ പ്രഫഷണൽ പ്രവർത്തനങ്ങൾക്കപ്പുറം രാമദാസ് സമൂഹ സേവനത്തിൽ സജീവമാണ്. മലയാളി എൻജിനിയേഴ്സ് അസോസിയേഷന്റെ ട്രഷററായി സേവനമനുഷ്ഠിച്ച അദ്ദേഹം, സമൂഹത്തിനായി സാംസ്കാരികവും ആത്മീയവുമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റാണ്.
കേരളത്തിലെ ഷൊർണൂരിൽ നിന്നുള്ള രാമദാസ് ഇപ്പോൾ ഭാര്യ ബിജി, രണ്ട് പെൺമക്കളായ അഭിരാമി, ആരാധ്യ എന്നിവരോടൊപ്പം യുഎസിൽ താമസിക്കുന്നു.