ഹൂസ്റ്റണിന് വടക്ക് വിമാനം തകർന്നു; പൈലറ്റും യാത്രക്കാരനും മരിച്ചു
പി.പി. ചെറിയാൻ
Thursday, October 2, 2025 12:51 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എയർപോർട്ടിൽ ചെറുവിമാനം തകർന്ന് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു. ഇരട്ട എഞ്ചിൻ സെസ്ന 340 വിമാനമാണ് റൺവേയുടെ തെക്കേ അറ്റത്ത് തകർന്നുവീണ് തീപിടിച്ചത്.
പറന്നുയർന്ന ഉടൻ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.
മരിച്ച രണ്ട് പേരും മുതിർന്ന പൗരന്മാരായ ഒരു സ്ത്രീയും പുരുഷനുമാണ്. അപകടത്തെ തുടർന്ന് സമീപത്തെ കാടുകളിലും മരത്തോട്ടത്തിലും തീ പടർന്നു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.