നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, February 13, 2025 12:28 PM IST
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 148-ാമത് മന്നം ജയന്തി ആഘോഷിച്ചു. ഫെബ്രുവരി ഏഴിന് ഹവ്വലി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ. ജയകുമാർ ഐഎഎസ് മുഖ്യാതിഥിയായിരുന്നു.
നീതി നിഷേധിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി സമുദായത്തിനും അതീതമായി പടപൊരുതിയ മന്നത്താചാര്യന് തലമുറകള്‍ക്ക് ആചാര്യനാണെന്നും നായർ സമുദായം മാത്രമല്ല സമൂഹത്തിലെ എല്ലാവരും മാതൃകയാക്കേണ്ട യുഗപുരുഷനാണ് അദ്ദേഹമെന്നും ജയകുമാര്‍ പറഞ്ഞു.
ജനറൽ സെക്രട്ടറി അനീഷ് പി. നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ കലാ, സാംസ്കാരിക, വാണിജ്യ, സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾക്ക് എൻഎസ്എസ് കുവൈറ്റ് നൽകിവരുന്ന മന്നം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.
![](/nri/nairservice1322511.jpg)
സാങ്കേതിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മാർക്ക് ടെക്നോളോജിസ് കമ്പനി സിഇഒ ഡോ. സുരേഷ് സി. പിള്ളയും വാണിജ്യ, ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മഹാത്ത ജനറൽ ട്രേഡിംഗ് കമ്പനി സിഇഒ രാജീവ് എസ്. പിള്ളയും ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ ലാഭേച്ഛ ഇല്ലാതെ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് മിനി കുര്യനും അവാർഡിന് അർഹരായി.
10ലും 12ലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. സുനിൽ പറക്കപ്പാടത്ത് (ഫീനിക്സ് ഗ്രുപ്പ്), വി.പി. മുഹമ്മദ് അലി (മെഡക്സ്) എന്നിവർക്ക് പുറമെ രക്ഷാധികാരി കെ.പി. വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, വെൽഫെയർ കമ്മിറ്റി കൺവീനർ എം.പി. പ്രബീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹരി വി. പിള്ളയുടെ നേതൃത്വത്തിൽ തയാറാക്കിയ മന്നം ജയന്തി 2025 സ്മരണികയും വനിതാസമാജം അംഗങ്ങളുടെ കെെയെഴുത്തു വാർഷിക പതിപ്പായ "ആഗ്നേയ'യും ചടങ്ങിൽ പ്രകാശനം ചെയ്തു. ട്രഷറർ ശ്യാം ജി. നായർ നന്ദി രേഖപ്പെടുത്തി.
തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകനും ഫിലിം ഫെയർ അവാർഡ് ജേതാവുമായ ആലാപ് രാജുവും ബാൻഡും നയിച്ച ‘ധ്രുപദ് 205’ എന്ന സംഗീത നിശ അരങ്ങേറി. അരവിന്ദ് നായരും നന്ദ ജയദേവനും ശ്രീകാന്ത് ഹരിഹരനും അപർണ ഹരികുമാറും അണിനിരന്ന സംഗീത നിശ പരിപാടികൾക്ക് മാറ്റുകൂട്ടി.