34 വർഷം മുൻപ് നടന്ന കൊലപാതക കേസിലെ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Thursday, February 13, 2025 11:14 AM IST
അലബാമ: 1991-ൽ അലബാമയിൽ ഉറങ്ങിക്കിടന്നിരുന്ന പോളിൻ ബ്രൗൺ(41) എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി. രാജ്യത്തു നൈട്രജൻ വാതകം ഉപയോഗിച്ചു നടപ്പിലാക്കിയ നാലാമത്തെ വധശിക്ഷയാണിത്.
ബുധനാഴ്ച ടെക്സസിലും കഴിഞ്ഞ വെള്ളിയാഴ്ച സൗത്ത് കാരോലിനയിലും നടന്ന മറ്റൊരു വധശിക്ഷയ്ക്ക് ശേഷം ഈ വർഷം അലബാമയിൽ നടന്ന ആദ്യ വധശിക്ഷയും 2025ൽ യുഎസിൽ നടന്ന മൂന്നാമത്തെ വധശിക്ഷയുമായിരുന്നു ഇത്.
1991 നവംബർ 27ന് അന്ന് 19 വയസ് മാത്രം പ്രായമുള്ള ഫ്രേസിയർ ബർമിംഗ്ഹാമിലെ ബ്രൗണിന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി. പേഴ്സിൽ നിന്ന് 80 ഡോളർ നൽകിയ ശേഷം അയാൾ കൂടുതൽ പണം ആവശ്യപ്പെടുകയും ബ്രൗണിനെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
പിന്നീട് അയാൾ അവളുടെ തലയിൽ വെടിവച്ചു കൊലപ്പെടുത്തി. വൈകുന്നേരം 6.10ന് വധശിക്ഷ നടപ്പാക്കി. ബ്രൗണിന്റെ കുടുംബാംഗങ്ങളിൽ ചിലർ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.