വിമാനത്തിൽ തോക്കുയർത്തി കൊല്ലുമെന്നു ഭീഷണി; യാത്രക്കാരനെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി
Monday, February 10, 2025 12:53 PM IST
ടെഗുസിഗാൽപ: ഹോണ്ടുറസ് തലസ്ഥാനമായ ടെഗുസിഗാൽപയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനത്തിനുള്ളിൽ തോക്ക് ഉയർത്തി യാത്രക്കാരൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഹയാത്രികരെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
ഉദ്യോഗസ്ഥർ വേഗത്തിൽതന്നെ ഇയാളെ കീഴപ്പെടുത്തി തോക്ക് പിടിച്ചുവാങ്ങിയതിനാൽ അപകടം ഒഴിവായി. വിമാനം ടേക്ക്ഓഫ് ചെയ്തുമിനിറ്റുകൾക്കകമായിരുന്നു സംഭവം. സംഭവത്തെത്തുടർന്നു പൈലറ്റ് അടിയന്തരമായി പറന്നുയർന്ന എയർപോർട്ടിൽതന്നെ വിമാനം തിരിച്ചിറക്കി.
ഭീഷണി ഉയർത്തിയ യാത്രക്കാരനെ പോലീസിനു കൈമാറി. യാത്രക്കാർ ഒന്നടങ്കം ഭയന്നുപോയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഇവരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
സുരക്ഷാ പരിശോധനകളെല്ലാം മറികടന്നു തോക്കുമായി യാത്രക്കാരൻ വിമാനത്തിൽ കയറിയത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.