ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ചന്ദ്രിക ടണ്ടന് ഗ്രാമി പുരസ്കാരം
പി.പി. ചെറിയാൻ
Friday, February 7, 2025 5:47 AM IST
ലോസ് ആഞ്ചലസ് : ഗ്രാമി പുരസ്കാര പ്രഭയിൽ ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ചന്ദ്രിക ടണ്ടൻ. ത്രിവേണി എന്ന ആൽബത്തിന് ’ബെസ്റ്റ് ന്യൂ ഏജ് ആൽബം’ വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടൻ, വൂട്ടർ കെല്ലർമാൻ, എരു മാറ്റ്സുമോട്ടോ എന്നിവർ ചേർന്നൊരുക്കിയ ആൽബമാണ് ത്രിവേണി. 2009ൽ പുറത്തിറങ്ങിയ ’സോൾ കോൾ’ എന്ന ആൽബത്തിന് ശേഷം ടണ്ടന് ലഭിക്കുന്ന രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമാണിത്.
12 മേഖലകളിൽ നിന്നായി 94 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. തുടർച്ചയായി അഞ്ചാം വർഷവും ട്രെവർ നോഹയായിരുന്നു പുരസ്കാര ചടങ്ങിന്റെ അവതാരകൻ.1954ൽ ചെന്നൈയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്രിക ജനിച്ചത്. അച്ഛൻ കൃഷ്ണമൂർത്തി ബാങ്കറും അമ്മ ശാന്ത കൃഷ്ണമൂർത്തി സംഗീതജ്ഞയുമായിരുന്നു.
ചെന്നൈയിലെ ഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ചേർന്നു. സിറ്റി ബാങ്കിൽ എക്സിക്യൂട്ടീവായി കുറച്ചുവർഷങ്ങൾ ജോലി ചെയ്ത ശേഷം, 24ാം വയസിൽ ന്യൂയോർക്കിലെ പ്രശസ്തമായ അമേരിക്കൻ കമ്പനിയായ മക്കിൻസിയിൽ ചേർന്നു.