മാത്യു വർഗീസ് ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Friday, February 7, 2025 12:10 PM IST
ഫ്ലോറിഡ: മാത്യു വർഗീസ് (ജോസ് - ഫ്ലോറിഡ) ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. പതിറ്റാണ്ടുകളായി സംഘടനയിലും സമൂഹത്തിലും മാധ്യമരംഗത്തും നിറസാന്നിധ്യമാണ് മാത്യു വർഗീസ്.
2004ൽ അവിഭക്ത ഫൊക്കാനയിൽ ട്രഷററായി മത്സരിച്ച് വിജയിച്ച അദ്ദേഹം 2006ൽ ഒർലാൻഡോ കൺവൻഷനോടെ ഫോമ രൂപം കൊണ്ടപ്പോൾ അതിന്റെ വക്താക്കളിൽ ഒരാളായി.
ചാരിറ്റി രംഗത്ത് ഫോമ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാൽ നാട്ടിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാതെ പലയിടത്തായി അർഹരായവരെ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നതായിരിക്കും അഭികാമ്യം എന്ന് അദ്ദേഹം പറഞ്ഞു.
താൻ കൂടി അംഗമായ നവകേരള അസോസിയേഷൻ ആലപ്പുഴയിൽ വീടില്ലാത്ത ഒരു വിദ്യാർഥിനിക്ക് വീട് നിർമിച്ച് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇപ്പോൾ നാട്ടിലെന്ന പോലെ ഇവിടെയും പ്രശ്നങ്ങൾ ധാരാളമാണ്. സഹായവും പിന്തുണയും കരുതലും കൗൺസലിംഗും വേണ്ടവർ തുടങ്ങി സംഘടനയുടെ കൈത്താങ്ങ് അർഹിക്കുന്നവർ വർധിച്ചു വരുന്നു.
അവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനാൽ അവർക്ക് കൂടി പ്രയോജനമാകുന്ന പ്രവർത്തനങ്ങളിലാണ് സംഘടന ഇനി ശ്രദ്ധിക്കേണ്ടത്. പ്രവർത്തനത്തിലും കണക്കിലുമൊക്കെ സുതാര്യതയും അക്കൗണ്ടബിലിറ്റിയും അതുപോലെ തന്നെ പ്രധാനമാണെന്ന് മാത്യു വർഗീസ് ചൂണ്ടിക്കാട്ടുന്നു.
വെണ്ണിക്കുളം സ്വദേശിയായ മാത്യു വർഗീസ് പ്രീഡിഗ്രി കഴിഞ്ഞ് എത്തുന്നത് 1985ൽ ന്യൂയോർക്കിലാണ്. അടുത്ത വർഷം മെരിലാൻഡിലേക്കു പോയി പഠനം തുടർന്നു. അവിടെ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടണിന്റെ(കെഎജിഡബ്ല്യു) പ്രവർത്തകനും ട്രഷററുമായി.
1991ൽ ഫാർമസി ചെയിനിൽ മാനേജരായി ഫ്ലോറിഡയിലേക്കു മാറ്റം. പിന്നീട് ഫ്ലോറിഡ പ്രവർത്തനമേഖലയായി. ഒന്നര പതിറ്റാണ്ടിലേറെ ഫാർമസി രംഗത്തെ പ്രവർത്തനത്തിന് ശേഷം സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു.
ഇതിനിടയിൽ നവകേരള അസോസിയേഷൻ സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു. പിന്നീട് അതിന്റെ പ്രസിഡന്റായി. ഫൊക്കാനയിലും സജീവമായി. വാശിയേറിയ മത്സരത്തിലാണ് 2004ൽ നാഷണൽ ട്രഷററാകുന്നത്.
ഫോമ രൂപീകരണത്തിലും അതിനു ശേഷം സംഘടനയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചു. 2014ൽ ഫോമയുടെ മയാമി കൺവൻഷൻ ചെയർ ആയിരുന്നു. ബെന്നി വാച്ചാച്ചിറ പ്രസിഡന്റായിരിക്കെ പിആർഒയായും പ്രവർത്തിച്ചു.
അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കേന്ദ്ര സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്റായും ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിച്ചു.
ഓർത്തഡോക്സ് ഡയോസിസൻ കൗൺസിൽ മെമ്പർ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഹോളിവുഡ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ ആശ മാത്യു നഴ്സ് മാനേജർ.
മക്കൾ: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഡോക്ടറേറ്റുള്ള നികിത, ഡെന്റിസ്റ്റ് നിതീഷ്. മരുമക്കൾ: അനീഷ് അറ്റോർണി, സോണിയ. മൂന്നു കൊച്ചുമക്കളുണ്ട്. മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമാരും അമേരിക്കയിലുണ്ട്.