അധ്യാപകരുടെ ശരാശരി വേതന വർധനവിന് തയാറെടുത്ത് ടെക്സസ് ഗവർണർ
പി.പി. ചെറിയാൻ
Friday, February 7, 2025 7:47 AM IST
സാൻ അന്റോണിയോ: ടെക്സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവർണറുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ വിദ്യാർഥികളുടെ വിജയത്തിൽ അധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. അടുത്ത തലമുറയിലെ സംരംഭകരെയും ശാസ്ത്രജ്ഞരെയും നേതാക്കളെയും പഠിപ്പിക്കുകയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് അധ്യാപകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ധനസഹായവും പിന്തുണയും അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.
രാജ്യത്ത് നിലവിൽ അധ്യാപകരുടെ ശരാശരി ശമ്പളം എക്കാലത്തെയും ഉയർന്ന നിരക്കായ 62,474 ഡോളറാണ്. 25,000 ൽ അധികം അധ്യാപകർക്ക് 575 മില്യൻ ഡോളറിലധികം മെറിറ്റ് അധിഷ്ഠിത ശമ്പള വർദ്ധനവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള പൊതുസ്കൂൾ പാഠ്യപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി 500 മില്യൻ ഡോളറിലധികം നിക്ഷേപിച്ചു അധ്യാപകരെ ആറ് അക്ക ശമ്പളത്തിലേക്ക് കൊണ്ടുവരാൻ നടപടികളിലാണ് ഗവർണർ. ഇതിനായി ടെക്സസ് നിയമസഭയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഗവർണർ ഉറപ്പു നൽകി.