മെക്സിക്കോയിൽ ബസ് അപകടം; 41പേർ മരിച്ചു
Monday, February 10, 2025 10:47 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്.
ബസിൽ 48 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമായത്.
ബസിന്റെ ലോഹ നിർമിതമായ ഫ്രെയിം മാത്രമാണ് അപകടത്തിൽ ബാക്കിയുള്ളത്. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിനശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നേരിട്ട ദുരന്തത്തിൽ ഖേദം രേഖപ്പെടുത്തിയ കമ്പനി മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളിൽ എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്.
ബസ് അമിത വേഗത്തിൽ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.