എഡ്മിന്റണിൽ കുട്ടികളുടെ നാടക കളരിയുടെ അരങ്ങേറ്റം ഞായറാഴ്ച
ജോസഫ് ജോൺ കാൽഗറി
Saturday, February 8, 2025 3:48 PM IST
എഡ്മിന്റൺ: എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയറ്റർ അവതരിപ്പിക്കുന്ന നാടകം "ദ കേസ് ഓഫ് ദ മിസിംഗ് മൂൺ' ഞായറാഴ്ച നടക്കും. എഡ്മിന്റൺ വൈറ്റ് അവന്യൂവിലുള്ള വർക്ക്ഷോപ് വെസ്റ്റ് പ്ളേറൈറ്റ്സ് തിയറ്ററിൽ വച്ച് ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനും രണ്ടു ഷോകൾ നടത്തുന്നു.
എഡ്മിന്റണിൽ മലയാളി കുട്ടികൾക്കിടയിൽ നിരവധി ക്യാമ്പുകളും കേരള സംസാസ്കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന മഞ്ചാടി മലയാളം സ്കൂളും വിവിധ വിദ്യഭാസ പരിപാടികളും നടത്തുന്ന അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (അസറ്റ്) എന്ന സംഘടനയുടെ കീഴിലുള്ള കുട്ടികളുടെ തിയറ്റർ അന്ന് നാടകം വേദിയിൽ അവതരിപ്പിക്കുന്നത്.
എഡ്മിന്റണിലെ പ്രശസ്തമായ കമ്പനി ഫാമിലി തിയേറ്റർ ആണ് നാടകം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ നാടകത്തിന്റെ ആശയം എഴുതി സംവിധാനം ചെയ്യുന്നത് ഷാനി പിൻകെർട്ടൻ ആണ്. പ്രോഗ്രാം കോഓർഡിനേറ്റർ ക്രിസ്റ്റി സൈമൺ. സംഗീതം നിതിൻ തിമോത്തി.
കാണാതായ ചന്ദ്രനെ തേടി കുട്ടികളുടെ അന്വേഷണ സംഘം നടത്തുന്ന യാത്രയാണ് നാടകത്തിന്റെ ഇതിവൃത്തം. ഈ യാത്രയിൽ അവർ കേരളത്തിലും എത്തുന്നു, മുത്തശിയെ കാണുന്നു, മലയാളം പാട്ടുകൾ പാടുന്നു.
പതിനെട്ടു മലയാളി കുട്ടികൾ കഴിഞ്ഞ നാല് മാസമായുള്ള ഒരുക്കത്തിന്റെ ഫലമാണ് ഒരു മണിക്കൂർ നീളുന്ന ഈ നാടകം. എഡ്മിന്റണിലെ മലയാളി സമൂഹത്തിനു വിലയേറിയ ഒരു കലാവിരുന്നാണ് ഈ നാടകം.
ടിക്കറ്റുകൾക്ക്: assetalberta @gmail.com.