സ്വകാര്യ ട്യൂഷൻ നിയന്ത്രണം ഉൾപ്പെടെ 22 പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ്
അനിൽ സി. ഇടിക്കുള
Thursday, January 9, 2025 7:58 AM IST
അബുദാബി: സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും , വിദ്യാർഥികൾക്കും ബാധകമാകുന്ന പെരുമാറ്റ ചട്ടങ്ങളുടെ പട്ടിക അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. 22 തരം പെരുമാറ്റചട്ടങ്ങൾ പ്രഫഷണൽ എത്തിക്സ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശയവിനിമയത്തിലും പെരുമാറ്റത്തിലും മാന്യത പാലിക്കുക, പരസ്പര ബഹുമാനത്തോടെ പെരുമാറുക, അധ്യാപന ജോലിയുടെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം പാടില്ല എന്നിവയാണ് മുഖ്യ നിബന്ധനകൾ.
മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം , ഒരുതരത്തിലുള്ള വിവേചനവും പാടില്ല, ദേശീയ സ്വത്വത്തോടും ഇമാറാത്തി സാംസ്കാരിക മൂല്യങ്ങളോടും ബഹുമാനം ഉണ്ടായിരിക്കണം. സ്കൂളിലെ എല്ലാ അംഗങ്ങൾക്കും മാന്യമായ തൊഴിൽ അന്തരീക്ഷം ഉണ്ടായിരിക്കണം.
ജീവനക്കാർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർക്കിടയിൽ വിവേചനം പാടില്ല. ഗർഭിണികളോടും മുലയൂട്ടുന്ന അമ്മമാരോടും വിവേചനം അരുത്. സ്കൂളിൽ മതം, രാഷ്ട്രീയം, വംശീയത, തീവ്രവാദം, ഭീഷണിപ്പെടുത്തൽ തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പാടില്ല.
സ്കൂളിന്റെ നിയമാവലിക്കു വിരുദ്ധമായ വസ്ത്രധാരണം അനുവദിക്കില്ല. അധ്യാപകർ പ്രഫഷനൽ, ധാർമിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കരുത്. ഭിന്ന സംസ്കാരങ്ങളെയും മതവിഭാഗങ്ങളെയും ബഹുമാനിക്കണമെന്നും വിദ്യാർഥികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും വിവേചനം പാടില്ലെന്നും നിഷ്കർഷിക്കുന്നു.
വിദ്യാർഥികളുമായുള്ള ഇടപെടലിൽ അനുചിത പെരുമാറ്റമോ, വാക്കാലോ ശാരീരികമായോ ഉപദ്രവിക്കലോ പാടില്ല. കിംവദന്തികൾ പ്രചരിപ്പിക്കുകയോ സഹപ്രവർത്തകന്റെ പ്രശസ്തിക്കു കോട്ടം വരുത്തുകയോ ചെയ്യരുത്.
സഹപ്രവർത്തകരുടെ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുകയോ ജോലിയിൽനിന്ന് സഹപ്രവർത്തകനെ മനഃപൂർവം ഒഴിവാക്കുകയോ പ്രഫഷനൽ വിവരങ്ങൾ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. പ്രഫഷനൽ നിലവാരം മെച്ചപ്പെടുത്താൻ സഹപ്രവർത്തകരെ പിന്തുണയ്ക്കണം.
സ്വന്തം സ്കൂളിലെ കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതും നിയമലംഘനമാണ്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്ന് അനുമതി എടുത്ത ശേഷമേ സ്വകാര്യ ട്യൂഷൻ നൽകാവൂ.
നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും നിയമലംഘനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനും അധ്യാപകർ തയാറാകണം. വ്യാജ യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക, മറ്റൊരാളുടെ സൃഷ്ടി സ്വന്തമാണെന്ന് തെറ്റിധരിപ്പിക്കുക, നിയമലംഘനങ്ങൾ മറച്ചുവയ്ക്കുക, നിയമങ്ങൾ മനഃപൂർവം ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്യുക എന്നിവയും ഗുരുതര കുറ്റകൃത്യമായി കണക്കാക്കും.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയും സൈബർ തട്ടിപ്പുകളെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുകയും ചെയ്യണം. സ്കൂളിലെ ഡിജിറ്റൽ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ പകർത്താനോ പങ്കിടാനോ പാടില്ല.
മോശം അഭിപ്രായപ്രകടനമോ ശാരീരിക സമ്പർക്കമോ പാടില്ല. പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, വിദ്യാർഥികളെ ദുരുപയോഗം ചെയ്യുക എന്നിവ കുറ്റകരമാണ്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തണം.
നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും അഡെക് ഓർമിപ്പിച്ചു. അബുദാബിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.