സൈലന്റ്വാലി തൂക്കുപാലം നിർമാണം ഇന്നു പുനരാരംഭിക്കും
1599769
Wednesday, October 15, 2025 1:14 AM IST
മണ്ണാർക്കാട്: സൈലന്റ്വാലി തൂക്കുപാലത്തിന്റെ നിർമാണപ്രവർത്തനം ഇന്നു പുനഃരാരംഭിക്കുമെന്ന് അധികൃതർ. ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടികാണിച്ച് സർക്കാക്കാറിനു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 90 ശതമാനം ഫണ്ടും കരാർ ഏറ്റെടുത്ത കമ്പനിയായ സിൽക്കിന് ലഭിച്ചു.
പ്രവൃത്തികൾ ഇന്നാരംഭിക്കുമെന്ന് സിൽക്ക് അധികൃതർ അറിയിച്ചതായി സൈലന്റ്വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു പറഞ്ഞു.
സൈലന്റ്വാലി നാഷണൽ പാർക്കിൽ സൈരന്ധ്രിയിൽ കുന്തിപ്പുഴയ്ക്കു കുറുകെ കടന്നു പോകുവാനുള്ള തൂക്കുപാലം തകർന്നിട്ട് ആറുവർഷം പിന്നിട്ടു.
പുച്ചിപ്പാറയിലേക്ക് കടന്നുപോകുന്ന തൂക്കുപാലമാണ് തകർന്നു കിടക്കുന്നത്. ഇവിടേക്കു കടന്നുപോകണമെങ്കിൽ ഇതല്ലാതെ മറ്റു വഴികളുമില്ല.
പാത്രക്കടവിനു മേൽഭാഗത്തായി പൂച്ചിപ്പാറയിലെ വനംവകുപ്പിന്റെ സംരക്ഷണ ക്യാമ്പിലെത്താൻ ഏകമാർഗവുമാണ് ഈ തൂക്കുപാലം. 1985ൽ സൈലന്റ്വാലി നാഷണൽ പാർക്കായി പ്ര ഖ്യാപിക്കപ്പെടുന്നതിനു മുൻപുതന്നെ പാലമുണ്ടായിരുന്നു.
2018ലെ പ്രളയത്തിൽ തൂക്കുപാലത്തിന്റെ ബാലൻസ് പില്ലർ തകർന്നതോടെ റോപ്പിന്റെ പ്രവർത്തനവും നിലച്ചിരുന്നു. 35 മീറ്ററോളം നീളംവരുന്ന തൂക്കുപാലം തീർത്തും ഉപയോഗശുന്യമാണ്. പൂച്ചിപ്പാറ സംരക്ഷണ ക്യാമ്പിൽ എട്ടോളം ജീവനക്കാരാണ് രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ആറുവർഷമായി ഇവർ അതിസാഹസികമായി പുഴ നീന്തി കടന്നാണ് ജോലിക്കെത്തുന്നത്.