കോൺഗ്രസ് വിശ്വാസസംരക്ഷണയാത്രയ്ക്ക് ജില്ലയിൽ തുടക്കം
1599767
Wednesday, October 15, 2025 1:14 AM IST
പട്ടാമ്പി: ശബരിമല അയ്യപ്പന്റെ സ്വത്ത് കവര്‍ച്ച നടത്തിയവര്‍ ആരായാലും അവരെ പൊതുജനമധ്യത്തിലും നിയമത്തിനുമുന്നിലും കൊണ്ടുവരുന്നതുവരെ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.
ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും സ്വർണക്കവർച്ച നടത്തിയവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പാലക്കാട് മേഖലാ വിശ്വാസ സംരക്ഷണജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃത്താല വെളളിയാങ്കല്ല് യജ്ഞേശ്വര ക്ഷേത്രപരിസരത്ത് നടന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
നേരത്തേ പന്നിയൂര്‍ വാരാഹമൂര്ത്തി ക്ഷേത്രം, വെള്ളിയാങ്കല്ല് യജ്ഞേശ്വര ക്ഷേത്രം, പാക്കനാര്കാഞ്ഞിരം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷമാണ് ജാഥാ ക്യാപ്റ്റന്‍ കൊടിക്കുന്നിലും ടി.എന്‍. പ്രതാപനും മേഖലാ ജാഥയില്‍ പങ്കെടുക്കാനെത്തിയത്.
തൃത്താലയിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ജാഥാ ക്യാപ്റ്റന്‍ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന് എന്നിവരെ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്, നേതാക്കളായ വി.ടി. ബല്‍റാം, സി. ചന്ദ്രന്, സി.വി. ബാലചന്ദ്രന്, പി. ഹരിഗോവിന്ദന്, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.